Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 19, ചൊവ്വാഴ്ച

എന്റെ ആദ്യവിമാനയാത്രയും, മയക്കുമരുന്ന് കടത്തും..

Print Friendly and PDF

കദേശം ഒരു വര്‍ഷം മുന്‍പ് നടന്ന കഥ (അനുഭവം) ആണ് കേട്ടോ. നാട്ടില്‍ കുറ്റിയടിച്ച് തേരാ പാരാ നടന്നിരുന്ന എനിക്ക് ആറ്റ് നോറ്റ് ഒരു ജോലി കിട്ടി. വിദേശത്ത്. വിദേശത്ത് എന്ന് വെച്ചാല്‍ പെട്ടെന്ന് മനസ്സില്‍ തോന്നുക ദുബായ്, ഖത്തര്‍ , അമേരിക്ക, ഇംഗ്ലണ്ട് അങ്ങനെ അങ്ങനെ അല്ലെ. പക്ഷെ ഇവിടെങ്ങുമല്ല. ഞാന്‍ ജീവിതത്തില്‍ ഇന്നോളം ഭൂഗോളത്തില്‍ പഠിക്കാന്‍ ശ്രമിചിട്ടില്ലാത്ത ടാന്‍സാനിയ എന്ന രാജ്യത്തേക്ക് ആണ് എനിക്ക് എന്റെ ജീവിതത്തിലെ ആദ്യ വിസ കിട്ടുന്നത്. എന്തായാലും കുഴപ്പമില്ല പോവുക തന്നെ. ഇല്ലായിരുന്ന പാസ്പോര്‍ട്ട്‌ മൂന്നു നാല് ദിവസം കൊണ്ടൊക്കെ ഒപ്പിച്ചു. എല്ലാവരോടും യാത്ര പറഞ്ഞു. വീട്ടിലും എന്നെ പറഞ്ഞയക്കാനുള്ള ( :) ... ശല്യം ) ഒരുക്കങ്ങള്‍ തുടങ്ങി.

മ്മയ്ക്കാണ് പ്രധാനം ആയും എന്നെ കുറിച്ച് ആവലാതി. അച്ഛന് പിന്നെ എന്നെ നന്നായറിയാം എങ്ങനെ വീണാലും നാല് കാലിലെ വീഴു എന്ന്. അത് കൊണ്ട് തന്നെ നോ ആവലാതി. എല്ലാ അമ്മമാര്‍ക്കുമുള്ള അസുഖം എന്റെ അമ്മയ്ക്കും ഉണ്ട് കേട്ടോ. വിസ ശരിയായി എന്ന അറിയിപ്പ് കിട്ടിയത് മുതല്‍ മറ്റൊരു പണിയുമെടുക്കാതെ എനിക്ക് കൊണ്ടുപോകാന്‍ ആയി ഇഷ്ട്ടവിഭവങ്ങള്‍ ആയ അച്ചാര്‍ (രണ്ടു മൂന്നു തരം), അവലോസ് പൊടി , കായ വറുത്തത് അങ്ങനെ അങ്ങനെ പോകുന്നു ലിസ്റ്റ്. ഇതൊന്നും പോരാഞ്ഞ് ജലദോഷം വന്നാല്‍ ചായയില്‍ ഇട്ടോ അല്ലാതെ തിളപ്പിച്ചോ കഴിക്കാന്‍ ചുക്കും, കുരുമുളകും കൂട്ടി ഉരലില്‍ ഇട്ടു ഇടിച്ച് പൊടിച്ച് ചായപോടി പോലെ ആക്കി ഒരു ബോട്ടില്‍ വേറെയും.അങ്ങനെ യാത്ര പോകാനുള്ള സമയം ആയി.
ഞാന്‍ പോകുന്ന സ്ഥലത്തേക്ക് ഹൈദരാബാദില്‍ നിന്നും ഒരാള്‍ പോകുന്നത് കൊണ്ടും, എന്റെ പോക്ക് ആദ്യത്തെ തവണ ആയത് കൊണ്ടും ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ നിന്ന് തന്നെ ആവട്ടെ വിമാന യാത്രയ്ക്ക് ഹരിശ്രീ കുറിക്കുന്നത് എന്ന് ഞാന്‍ കരുതി.അങ്ങനെ തീവണ്ടിയില്‍ ഹൈദരാബാദ് , അവിടെ നിന്നും ടാന്‍സാനിയ എന്ന് തീരുമാനം എടുത്തു.


നിശ്ചിത ദിവസം ഞാനും കൂടെയുള്ള ആളും വിമാനത്താവളത്തില്‍ എത്തി.പ്രാഥമിക ചെക്കിംഗ് തുടങ്ങി. വലിയ ലഗേജുകള്‍ എല്ലാം യാതൊരു പ്രശ്നവും ഇല്ലാതെ കടന്നു പോയി. ഇനി ആകെയുള്ളത് കയ്യിലുള്ള ലാപ്ടോപ് ബാഗ്‌ മാത്രം.അങ്ങനെ ഞാന്‍ എന്റെ ബാഗ്‌ എസ്കലെടരില്‍ വെച്ചു. അതിലൂടെ മെല്ലെ മെല്ലെ നീങ്ങി ബാഗ് അപ്പുറത്തെത്തി. എത്തിയ പാടെ കൌണ്ടെരില്‍ ഉള്ള വനിതാ പോലീസ്‌ എഴുന്നേറ്റു വന്നു.
"എന്താ ബാഗിനുള്ളില്‍ " ? ഇംഗ്ലീഷില്‍ ആണ് ചോദ്യം.


"ലാപ്ടോപ് , പിന്നെ ചില്ലറ പേസ്റ്റ് , ചീപ്പ്, കണ്ണാടി .." ഞാനും മറുപടി പറഞ്ഞു (ഇംഗ്ലീഷില്‍ തന്നെ.. ;))


"എന്താ ഒരു ബോട്ടില്‍ അതിനകത്ത് " ? വീണ്ടും വനിതാ പോലീസിന്റെ ചോദ്യം.


അപ്പോളാണ് ഞാനും ശ്രദ്ധിക്കുന്നത്. അമ്മ ഉണ്ടാക്കി നന്നായി പാക്ക്‌ ചെയ്ത ചുക്ക്-കുരുമുളക് പൊടി പാത്രം ഞാന്‍ എന്റെ കയ്യിലുള്ള ബാഗില്‍ ആണ് വെച്ചിരിക്കുന്നത്. അതാണ്‌ പുള്ളിക്കാരിത്തി കണ്ടു പിടിച്ചിരിക്കുന്നത്.


"ദാറ്റ്‌ ഈസ്‌ മൈ മോംസ് പ്രിപെരെഷന്‍ ..ആയുര്‍വേദ..മെഡിസിന്‍ , യുസ് ടു സ്റ്റോപ്പ്‌ കോള്‍ഡ്‌ ആന്‍ഡ്‌ കഫ്  (അമ്മ ഉണ്ടാക്കി തന്നതാ,..ആയുര്‍വേദ മരുന്നാണ്. ചുമയ്ക്കും, ജലദോഷത്തിനുമൊക്കെ നല്ലതാ)" ഞാന്‍ തട്ടി മുട്ടി പറഞ്ഞു.


"തുറന്നേ ഞങ്ങള്‍ ഒന്ന് നോക്കട്ടെ " പുള്ളിക്കാരിത്തി വിടുന്ന മട്ടില്ല.


അമ്മ കഷ്ട്ടപെട്ടു മൂടി കെട്ടിയതെല്ലാം ഞാന്‍ തുറന്ന് ബോട്ടില്‍ വനിതാ പോലീസിനു കൈമാറി.


പുള്ളിക്കാരിത്തി അതില്‍ എന്തോ ഒരു കുഴല്‍ ഇട്ടിളക്കി. കുറച്ചു നേരം എന്റെ മുഖത്തോട്ട് തുറിച്ചു നോക്കി. എന്നിട്ട് ഒറ്റ അലര്‍ച്ച. എന്നോടല്ല പുറകില്‍ നിന്ന അജാനബാഹു ആയ ഒരു പോലീസുകാരനോട്.


"സാറേ ഇതില്‍ ഹെറോയിന്‍ (ഒരു തരം മയക്കു മരുന്ന് )".


അത് വരെ "സാ" മട്ടില്‍ നിന്നിരുന്ന ഞാന്‍ വാ പൊളിച്ചു.


 " എന്റെ പടച്ചോനെ ചുക്കും കുരുമുളകും ഇടിച്ച് പൊടിച്ചാല്‍ ഹെറോയിന്‍ കിട്ടുമോ?"


സിനിമകളില്‍ വില്ലന്മാര്‍ വരുന്ന പോലെ ഒരു കൊല ചിരിയുമായി പോലീസുകാരന്‍ എന്റെ അടുത്തേക്ക് വന്നു. ഞാന്‍ മെല്ലെ വിറയ്ക്കാന്‍ തുടങ്ങി. എന്റെ ആദ്യത്തെ വിമാന യാത്ര അവസാനത്തെ ആകുമോ എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.


"എന്താടാ ഇതില്‍ " ഒരു വെരട്ട് ചോദ്യം


"അത് അമ്മ .. ആയുര്‍വ്വേദം..മരുന്ന്." ഇക്കുറി ഉത്തരം മുറിച്ചു മുറിച്ചായിരുന്നു.


അയാള്‍ എന്നെ കുറച്ചു നേരം വീക്ഷിച്ചു. (ഏയ്‌ കണ്ടിട്ട് കള്ളന്‍ ഒന്നുമല്ല എന്ന് മനസ്സില്‍ വിചാരിച്ചു കാണും :) ). അല്പം മണം പിടിച്ചു. പിന്നെ എന്നെ നോക്കി പറഞ്ഞു.


" തന്റെ കൈ ഇങ്ങോട്ട് നീട്ടു ". ഞാന്‍ അന്തിച്ചു നിന്നു. ഇനി അടുത്ത കുരിശു എന്താണാവോ.


നീട്ടിയ എന്റെ കൈയ്യില്‍ ഒരു പിടി മുഴവന്‍ പൊടി തട്ടിയിട്ടു. എന്നിട്ടു അടുത്ത ഡയലോഗ്.


" ഹും തിന്നു കാണിക്ക്. ഞാനൊന്ന് നോക്കട്ടെ ഹെറോയിന്‍ ആണോ അല്ലയോ എന്ന് "!!


ങ്ങനെ ഇത്രേം എരിവുള്ള സാധനം വെള്ളം പോലും ഇറക്കാതെ പച്ചയ്ക്ക് കഴിക്കും.??? എങ്ങനെ കഴിക്കാണ്ടിരിക്കും ?? കഴിച്ചില്ലെങ്കില്‍ ഇപ്പോഴുള്ള ആ കുഞ്ഞു സംശയം അവരങ്ങ് വലുതാക്കും. എന്നെ എങ്ങോട്ടും വിടാതെ പിടിച്ചു വെക്കുകയും ചെയ്യും. എന്റെ ചിന്തകള്‍ക്ക് അവിടെ യാതൊരു പ്രസക്തിയും ഇല്ലായിരുന്നു. ത്രിശങ്കു സ്വര്‍ഗത്തില്‍ ആയ എന്റെ മുന്നിലുള്ള ഏക വഴി അതങ്ങു തിന്നുക എന്നത് തന്നെ. സകല ഗുരുക്കന്മാരെയും, ദൈവങ്ങളെയും, ചാത്തനെയും, മറുതയും മനസ്സില്‍ ധ്യാനിച്ച്‌ പൊടി അപ്പാടെ ഞാന്‍ വായിലേക്കിട്ടു.


" സ്വര്‍ഗം എന്നാല്‍ ഇതല്ലേ സ്വര്‍ഗം.. ഹൂ..നാവില്‍ തുടങ്ങിയ എരിച്ചില്‍ അങ്ങ് കാല്‍വിരലിന്റെ അറ്റം വരെ അങ്ങ് വിന്യസിച്ചു." എങ്കിലും പോലീസുകാരനോട് ഞാന്‍ ചിരിച്ചു നിന്നു. ഇനിയിപ്പം വയ്യായ്ക കാണിച്ചാല്‍ ഹെരോയിനിന്റെ ഉപയോഗത്താല്‍ ആണ് എനിക്ക് വയ്യായ്ക എന്നെങ്ങാന്‍ പറഞ്ഞാലോ.


ന്തായാലും പത്തു മിനിറ്റ് എന്നെ നിരീക്ഷിച്ച ശേഷം എനിക്ക് എന്റെ ബോട്ടിലും പൊടിയും തിരികെ തന്നു. ഒപ്പം പോയ്ക്കോളു എന്ന നിര്‍ദേശവും. അല്പം നടന്ന ശേഷം വീണ്ടും ബാഗിലേക്ക് പൊടി വെക്കാന്‍ തുടങ്ങിയതും എന്റെ കൂടെയുള്ള വ്യക്തി ഒരു കാര്യം പറഞ്ഞു.


"മോനെ ഇനി നമ്മള്‍ ഇറങ്ങുന്നത് ദോഹയില്‍ ആണ്. അവിടെ വെച്ചെങ്ങാന്‍ ഇത് പോലെ വല്ലോം ഉണ്ടായാല്‍ അവന്മാര്‍ തിന്നാന്‍ ഒന്നും പറയില്ല. നേരെ ജയിലിലേക്ക് കൊണ്ട് പോകും. അത് കൊണ്ട് അത് കളയുന്നതാവും ബുദ്ധി."


എനിക്കും തോന്നി അത് നല്ലൊരു ഉപദേശം ആണെന്ന്. ആ പൊടി ഉണ്ടാക്കാന്‍ കഷ്ട്ടപെട്ട അമ്മയ്ക്ക് മനസ്സില്‍ മാപ്പ് പറഞ്ഞു ആ പൊടി ഞാന്‍ അടുത്ത് കണ്ട ചവറ്റു കുട്ടയില്‍ നിക്ഷേപിച്ചു.


എന്തായാലും ഒന്നര വര്‍ഷം ആയി എനിക്ക് ജലദോഷവും ചുമയും ഇല്ല. ഒരു പക്ഷെ അന്ന് തിന്ന ആ പൊടിയുടെ ഫലം ഇപ്പോളും നിലനില്‍ക്കുന്നുണ്ടാവും.!!



34 അഭിപ്രായങ്ങള്‍:

kARNOr(കാര്‍ന്നോര്) പറഞ്ഞു...

suhruthinte abhipraayama keettathu nannnaayi. :)

ഋതുസഞ്ജന പറഞ്ഞു...

ഹി ഹി എരിഞ്ഞ് പണ്ടാരമടങ്ങി അല്ലേ... പ്പോസ്റ്റ് ഇഷ്ടമായി:)

കുബുദ്ധിജീവി പറഞ്ഞു...

എനിക്ക് പറ്റിയ സേയിം പറ്റ്. ചിക്കാഗോയില്‍ ചമ്മന്തിപ്പൊടിയാണ് പാമ്പായത് മച്ചൂ...

രമേശ്‌ അരൂര്‍ പറഞ്ഞു...

കൊള്ളാം..ഇങ്ങനെ ഒത്തിരി അബദ്ധം പറ്റിയവരുണ്ട്..ഒരു ഉപദ്രവവും ഇല്ലാത്ത സാധനങ്ങള്‍ ആണെങ്കിലും ഇങ്ങനെ ദൂരെ കളയേണ്ടി വരും ..:)

കെ.എം. റഷീദ് പറഞ്ഞു...

ഞങ്ങളെ ആരെയും കുട്ടാതെ ടാന്സാനിയക്ക്‌ പോയതല്ലേ അങ്ങനെ തന്നെ വേണം

Arjun Bhaskaran പറഞ്ഞു...

കാര്‍ന്നൊരു പറഞ്ഞ പോലെ ഞാന്‍ അന്ന് കേട്ടത് നന്നായി.. അല്ലേല്‍ വല്ല അറബികളുടെ കൂടെ ജയിലില്‍ കിടന്നേനെ.:)

ഋതു സന്ജനയ്ക്കെന്തോ ഈ പൊടി കഴിച്ചു ശീലം ഉണ്ടെന്നു തോന്നുന്നു. കൃത്യം ആയി പറഞ്ഞല്ലോ..പണ്ടാരമടങ്ങീ എന്ന്..!!
ചമ്മന്തി പൊടിയും ചുക്ക് പൊടിയും രണ്ടും രണ്ടല്ലേ കുബുദ്ധി..അതങ്ങനാ അതൊക്കെ മനസിലാക്കാന്‍ കുബുധിയല്ലല്ലോ വേണ്ടത്.. ചുമ്മാ പറഞ്ഞതാണ് കേട്ടോ.

ദൂരെ കളയാന്‍ പറഞ്ഞാല്‍ സഹിക്കാമാരുന്നു രമേശേടാ.. ആ പഹയന്‍ എന്നെ കൊണ്ട് അത് തീറ്റിച്ച് പണ്ടാരമടക്കി..ഹ ഹ

ഞാന്‍ ഒറ്റയ്ക്ക് പോയിട്ട് ഇങ്ങനെ അപ്പൊ റഷീദ്‌ ഇക്കയെ പോലുള്ള ഒന്ന് രണ്ടു പെരേം കൂടി കൊണ്ടോയിരുന്നെങ്ങിലോ എന്റെ പടച്ചോനെ ഓര്‍ക്കാന്‍ പോലും വയ്യ.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഈ പൊടിക്ക് ഇങ്ങനെയും ഒരു ഫലം ഉണ്ടോ...ഒന്നര വര്‍ഷമായി ജല ദോഷത്തെ ഒക്കെ തടുത്തു നിര്‍ത്താനുള്ള...ഹ ഹ

പാരമ്പര്യ മരുന്ന് നിര്‍മ്മാതാക്കള്‍ കേള്‍ക്കണ്ട..കുപ്പിയിലാക്കി ഇറക്കി കളയും!

നല്ല പോസ്റ്റ്‌ മാഷെ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ച്ച്ചൈ...
ദോഹയില്‍ ഇമ്മാതിരി ഒരു പ്രശ്നവുമില്ല കേട്ടോ.
ഇവിടത്തെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഇതൊക്കെ കഴിച്ചു നല്ല ശീലമാ...
(വളരെ രസകരമായ പോസ്റ്റ്‌)

Arjun Bhaskaran പറഞ്ഞു...

വില്ലെജ്മാനെ അമ്മമാര്‍ ഉണ്ടാക്കുന്നതിനെല്ലാം ഫലം അല്പം കൂടും എന്നറിയില്ലേ. പിന്നെ ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ ഇത്രേം പൊടി അടിച്ചു കയറ്റിയാല്‍ മിനിമം രണ്ടു കൊല്ലമെങ്ങിലും കഴിയും എഫെക്റ്റ്‌ പോകാന്‍ .

ശോ ഇസ്മൈല്‍ ഭായിയെ വിളിച്ചു ചോദിച്ചിട്ട് കളഞ്ഞാല്‍ മതിയാരുന്നു. ഹി ഹി. ഇനി അടുത്ത വരവിനാവട്ടെ!!

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

ഹാ..കൊള്ളാം പാര്‍ഥന്‍ [അര്‍ജുന്‍ ] പരലോകം കണ്ടോ ആവോ?? ഏതായാലും പിന്നെ പനിയും ജലദോഷോം ഒന്നും വന്നില്ലാലോ ..നന്നായി ?

ente lokam പറഞ്ഞു...

ഇപോഴ ഈ പോസ്റ്റ്‌ കാണുന്നത്..നന്നായി എഴുതി..
ഇസ്മൈല്‍ പറഞ്ഞത് ഒന്നും കാര്യം ആകണ്ട...ഗള്‍ഫില്‍
അങ്ങനെ ഒരു ഗരന്റിയും ഇല്ല.സംശയം തോന്നി അകത്തു പോയാല്‍ ദൈവം തമ്പുരാന് പോലും ഇറക്കാന്‍ പറ്റില്ല..നന്നായി അത് കളഞ്ഞത്...

പിന്നെ അമേരിക്കയില്‍ കരുംബന്മാര്‍ അരി ഉണ്ട ബോംബ്‌ ആണെന്നും നല്ല ഒന്നാന്തരം ഉണക്ക ഇറച്ചി ചീത്ത ആഹാരം ആണെന്നും ഒക്കെ പറഞ്ഞു നമ്മുടെ മുമ്പില്‍ വലിച്ചു ഒരേറ് കൊടുത്തിട്ട് ജോലി കഴിയുമ്പോള്‍ വീട്ടില്‍ കൊണ്ട് പോവും എന്നും കേട്ടിടുണ്ട്...ഇപ്പൊ എവിടെ? ടാന്‍സാനിയയില്‍ തന്നെ?

Naushu പറഞ്ഞു...

പോസ്റ്റ്‌ കൊള്ളാം .... :)

Unknown പറഞ്ഞു...

രക്ഷപെട്ടത് നന്നായി.

ഇനി, ഇത്തരം സംഭവങ്ങള്‍ ( അച്ചാര്‍, പൊടികള്‍ ഒക്കെ ) പല സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുമ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവും, അതുകൊണ്ട് അവിടുത്തെ റൂള്‍ ശരിക്കും മനസ്സിലാക്കിയ ശേഷം മാത്രം കൊണ്ടുപോകുക, അല്ലെങ്കില്‍ ഹാന്‍ഡ്‌ ലഗേജില്‍ വയ്ക്കാതെ ചെക്ക്‌ ഇന്‍ ലഗേജില്‍ വയ്ക്കുക.

കാരണം ഇന്ത്യയിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ ചിലപ്പോള്‍ കാര്യങ്ങള്‍ പറഞു മനസ്സിലക്കിക്കം. പുറത്തു അങ്ങിനെ ആയികൊള്ളണം എന്നില്ല.

Arjun Bhaskaran പറഞ്ഞു...

എന്തായാലും കേരളത്തിലെ ചുക്ക് പൊടി തെലുങ്ക് പോലീസുകാര്‍ക്ക്‌ ഇഷ്ട്ടം അല്ല എന്ന് തോന്നുന്നു.
എന്റെ ലോകം പറഞ്ഞ പോലെ ഗള്‍ഫില്‍ അത്ര ഗാരണ്ടി ഉണ്ടെന്നു തോന്നീലാ.. എങ്ങാനും അന്ന് ആ പോലീസുകാര്‍ക്ക്‌ എന്തേലും ചെയാന്‍ തോന്നിയാരുന്നെലോ ?? :) കട്ടപൊഹ!!
നൌശുക്കാ എന്നത്തേയും പോലെ റൊമ്പ നന്ദി കേട്ടോ.
മനോജേട്ടാ ടാന്സനിയയിലേക്ക് വന്നപ്പോ ഇങ്ങനെ വല്ലോം ഉണ്ടായോ?

കൊമ്പന്‍ പറഞ്ഞു...

നല്ല രസകരമായി വായിച്ചു നന്നായിട്ടുണ്ട്
ഇതൊക്കെ എല്ലാ നാട്ടിലും ഉള്ളതാ

Arjun Bhaskaran പറഞ്ഞു...

കൊമ്പന്‍ ചേട്ടാ.. വായിക്കാന്‍ നല്ല രസമാനല്ലേ. ഹം..പാവം ഞാന്‍ ഓര്‍ക്കുമ്പം തന്നെ എരിയുന്നു!! ഹി ഹി

അംജിത് പറഞ്ഞു...

എടാ മിടുക്കാ.. ഞാനും ശാസ്ത്രജ്ഞനും എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചു വീട്ടില്‍ എത്തുന്നതിനു മുന്‍പ് ഇത്രയൊക്കെ നീ ഒപ്പിച്ചല്ലേ? അഫിനന്ദനങ്ങള്‍

Arif Zain പറഞ്ഞു...

ഹ ഹ വല്ലാതെ ബേജാറായല്ലേ, നല്ല രസം.

Sameer Thikkodi പറഞ്ഞു...

പോസ്റ്റ് രസകരം....

hafeez പറഞ്ഞു...

വളരെ രസകരം .. കുറെ കുരുമുളക്‌ പൊടിയും ചുക്കും ഒക്കെ ഒറ്റയടിക്ക്‌ കഴിച്ചതുകൊണ്ടാ നിനക്ക് പിന്നെ ജലദോഷം വരാതിരുന്നത് .. :)

Arjun Bhaskaran പറഞ്ഞു...

അമ്ജിത്തെ അപ്പൊ ഇത് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടാരുന്നില്ല അല്ലെ. അങ്ങനെയൊക്കെ ഉണ്ടായി.ഹി ഹി
ആരിഫ്‌ മാഷ്‌ വളരെ നന്ദി കേട്ടോ.. സത്യം പറഞ്ഞാ ബേജാറായി..
സമീര്‍ക്കാ കുറെ കാലത്തിനു ശേഷം ആണല്ലോ കാണുന്നത്. വീണ്ടും വന്നതിലും കമെന്റിയതിലും സന്തോഷം കേട്ടോ.
ഹഫീസ് അത് സത്യം ആണെന്നും ആണോ എന്നും എനിക്ക് ഇടയ്ക്കിടയ്ക്ക് തോന്നിയിട്ടിടുണ്ട്. ശരിയാവാനെ വഴിയുള്ളൂ..

Sidheek Thozhiyoor പറഞ്ഞു...

ഗള്‍ഫ്‌ നാടുകളില്‍ ഇപ്പോള്‍ ഇങ്ങിനെയൊന്നും ഇല്ലെന്നു തോന്നുന്നു, കേരളത്തിലെ ഒരു വിധം ഇത്തരത്തിലുള്ള സാധനങ്ങളെ കുറിച്ച് ഇവടെ പരിശോധകര്‍ക്ക് അറിയാമേന്നതുതന്നെ കാര്യം.

Arjun Bhaskaran പറഞ്ഞു...

സിദിക്ക അതും ഒരു കണക്കിന് ശരിയാ. പക്ഷെ ആ അവസ്ഥയില്‍ ഞാനൊരു അറബി ആയിരുന്നേല്‍ പോലും ആ പൊടി കളയുമായിരുന്നു..!!

HAINA പറഞ്ഞു...

നിന്ന നിൽ‌പ്പിൽ മൂത്രം ഒഴിച്ചുന്നും കേട്ടിരുന്നു..

Arjun Bhaskaran പറഞ്ഞു...

ഹൈന മോളെ ചേട്ടായിയെ നാറ്റിക്കാന്‍ ഇറങ്ങിയതാനല്ലേ. ഹം.. പാവം ഞാന്‍ എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ..

പാവത്താന്‍ ആണെങ്കിലും ഒരാള്‍ക്കൊരു പ്രശ്നം വന്നപ്പോള്‍ എന്നാ ചിരിയാ.. x-(

- സോണി - പറഞ്ഞു...

ഒരു പിടി പൊടി തിന്നാലെന്താ, ഗോതമ്പുണ്ടയേക്കാള്‍ കടുപ്പപ്പെട്ട എന്തെങ്കിലും കുറേക്കാലം തിന്നേണ്ടിവരാതെ രക്ഷപ്പെട്ടില്ലേ, കൂടെ ഇതുവരെയും മൂക്കൊലിപ്പ്‌ പിടിച്ചതുമില്ല. ഫലം ആകെ മൊത്തം നോക്കിയാല്‍ ലാഭം മാത്രം.

Arjun Bhaskaran പറഞ്ഞു...

ഹ ഹ സോണി അപ്പറഞ്ഞത് കറക്റ്റ് ,... പക്ഷെ ഇപ്പം ജയില്‍ പണ്ടത്തെ പോലെ ഒന്നുമല്ലെന്നാ കേട്ടെ..ആഴ്ചയില്‍ ഒരു ദിവസം ചിക്കന്‍ ഉണ്ടത്രേ :)

ഷാജി പരപ്പനാടൻ പറഞ്ഞു...

നന്നായിട്ടുണ്ട്.. ആശംസകള്‍

Unknown പറഞ്ഞു...

അപ്പൊ ഈ പൊടി നേരിട്ട് കഴിച്ചാല്‍ പെട്ടെന്ന് ഫലം കിട്ടുമല്ലേ..
പരീക്ഷിച്ചു നോക്കണം.
അനുഭവം നന്നായെഴുതി ട്ടോ.
ആശംസകള്‍.

Arjun Bhaskaran പറഞ്ഞു...

ഷാജി ഏട്ടാ വളരെ നന്ദി കേട്ടോ.

പ്രവാസിനി താത്ത കുറെ കാലം ആയല്ലോ കണ്ടിട്ട്?? പൊടി വല്ലാതെ കഴിക്കാന്‍ നില്‍ക്കേണ്ട.. പിന്നെ ഓടി നടക്കേണ്ടി വരും. അജ്ജാദി എരിവാ.. ഹൂ

അജ്ഞാതന്‍ പറഞ്ഞു...

ethayalum nintae ammazhudae kai punyam apaaram thanne , pinne ninakku asugam onnum vannillaaaaalllloo

അജ്ഞാതന്‍ പറഞ്ഞു...

രസകരമായ അവതരണം.. കഥമുഴുവനും വായിക്കാന്‍ ആരെയും പിടിച്ചിരുത്തും'' നല്ലൊരു ഭാവി ആശംസിക്കുന്നു

vaasaram പറഞ്ഞു...

wonderful arjun bhai...cheruthaayittu oru dasanum vijayanum manamadichu,but its really outstanding..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍