Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

എന്റെ കുട്ടികാലത്തെ ഒരു "കൊച്ചു പുസ്തക "വേട്ട..ഒന്നാം ഭാഗം

Print Friendly and PDF




അങ്ങനെ ആദ്യമായി ഞാനും ഒന്ന് പരീക്ഷിക്കാം എന്ന് വിചാരിച്ചു..എന്താണെന്നല്ലേ " കഥ എഴുത്ത് തന്നെ ".അപ്പൊ എന്നെ അറിയാത്തവര്‍  ചോദിക്കും ..
" അര്‍ജുനോ  അവൻ കഥയെഴുതോ ??

അറിയുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും..

 "ഹും അവനോ നിക്കറിട്ടു മൂക്കട്ട ഒളിപ്പിച്ചു നടന്ന സമയത്തെ വാല്സ്യായനം രചിച്ചവനാ അവന്‍ ..!!

അവരെ പറഞ്ഞിട്ടെന്തു കാര്യം എന്നെ പറഞ്ഞാല്‍ മതിയല്ലോ. കുട്ടിയായിരിക്കുമ്പോഴേ  വായന കൂടിയാല്‍ പലര്‍ക്കും സംഭവിക്കാവുന്നതെ എനിക്കും സംഭവിച്ചുള്ളൂ.
അപ്പോള്‍ എന്റെ കഥ ഞാന്‍ പറയാം..



" ആംഗലേയ വര്ഷം 1998"
ഞാന്‍ നവോദയ വിദ്യാലയത്തിൽ  പഠിക്കുന്നു. ആറാം ക്ലാസ്സില്‍ വീട്ടുകാര്‍ നവോദയ ബാങ്കില്‍ ഫിക്സഡ് ടെപോസിറ്റ്‌ ആയി തുടങ്ങിയ എണ്‍പത്‌ അക്കൌണ്ടുകളില്‍ ഒരാള്‍ .എൻ്റെ  എട്ടാം ക്ലാസ്‌ . 


കുട്ടികൾക്ക് എല്ലാ ഞായറാഴ്ചകളിലും  ബെഡ് വെയില് കൊള്ളിക്കാന്‍ ആയി പുറത്ത്‌ ഇടുന്ന ഒരു പതിവുണ്ടായിരുന്നു.അന്നെ ദിവസം രസം കൊല്ലിയായി കഥയെഴുത്ത്‌ എന്ന പരിപാടിയും കൂടെയുണ്ട്.ഒരു പറ്റം വിദ്യാര്‍ഥികള്‍ തന്നെ ഈ എഴുത്തുമായി രംഗത്ത് ഉണ്ടായിരുന്നു. കഥ, കവിത, കൊച്ചു "മഞ്ഞ" പത്രങ്ങള്‍, അങ്ങനെ അങ്ങനെ പോകും ലിസ്റ്റ്. 


എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിക്കുന്ന ഒരു കഥ അല്ലെങ്കിൽ  ലേഖനം തപ്പി നടക്കുമ്പോഴാണ്. അപ്രതീക്ഷിതം ആയി ഒരു "കൊച്ചു പുസ്തകം" കളഞ്ഞു കിട്ടുന്നത്. എഴുത്തുകാരന്‍ ഏതോ ഒരു ജിജി ചിലമ്പില്‍. എന്തായാലും പുള്ളിയെ എനിക്ക് "ക്ഷ" പിടിച്ചു. ആ അഞ്ചു രൂപയുടെ പുസ്തകം അന്നത്തെ കാലത്തെ ഞങ്ങളുടെ ഇടുങ്ങിയ ജീവിതത്തെ പുളകം കൊള്ളിക്കുന്നതായിരുന്നു. ഏതായാലും ആ പൈങ്കിളി കലാകാരൻറെ  തൂലികാ നാമം ഞാനങ്ങു ഏറ്റെടുത്തു. 

അന്ന് മുതല്‍ ഒരു കുഞ്ഞു നോട്ടു ബുക്ക്‌ വാങ്ങി ഞാന്‍ എഴുത്ത് തുടങ്ങി കഥയ്ക്കൊരു പേരുമിട്ടു. 


"വണ്‍സ് മോര്‍ പ്ലീസ്‌ " .
ആദ്യത്തെ രണ്ടു ഭാഗങ്ങള്‍ എഴുതി. വായിക്കാന്‍ കൊടുത്തവര്‍ നല്ല രീതിയില്‍ തന്നെ പ്രോല്‍സാഹിപ്പിച്ചു.


"കിടു മോനെ.. ബാക്കി ബാക്കി...."


ചിലര്‍ പിന്നീട് ഓരോ ഭാഗം എഴുതുമ്പോഴും  ഫസ്റ്റ് ബുക്കിങ് വരെ ചെയ്യാൻ  തുടങ്ങി.അങ്ങനെ എന്നിലെ കലാകാരന്‍ വളര്‍ന്നു പന്തലിച്ചു. ഒപ്പം ആരാധകരുടെ എണ്ണവും. ഈ വളർച്ചയിൽ എഴുത്തിൻറെ  രീതിക്ക് മാറ്റം വന്നു. കുട്ടിത്തം വിട്ടു. പകരം നല്ല എരിവും പുളിയും ആവശ്യത്തിലധികം തന്നെ കയറി തുടങ്ങി. അന്ന് നിലവില്‍ ഉണ്ടായിരുന്ന രാത്രി ക്ലാസ്സില്‍ നിര്‍ബന്ധം ആയും ചിലവാക്കേണ്ടിയിരുന്ന പഠന സമയത്തും എഴുത്തു  തന്നെയായി പരിപാടി.

എന്റെ കഥയെഴുത്തിൽ ആകൃഷ്ടരായി ഇതേ കാലഘട്ടത്തിൽ ഈ കഥയോടൊപ്പം മറ്റു കലാകാരന്മാരും കഥയെഴുത്ത് തുടങ്ങിയിരുന്നു. രാമന്‍ ഹൌസിലെ " രാമു ", സുഭാഷ്‌ ഹൌസിലെ " പരമു " എന്നിവരായിരുന്നു പ്രധാനികള്‍ (പേരുകൾ യാഥാർത്ഥമല്ല ). അങ്ങനെ കഥകളുടെ എണ്ണവും , പ്രേക്ഷകരുടെ എണ്ണവും കൂടി വന്നു. ജീവിതത്തിന്റെ ഗതി നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലലോ. അത് തന്നെ ഇവിടെയും സംഭവിച്ചു.ഒരു ദിവസം ഒരു ഉച്ച നേരത്ത്  ക്ലാസ്സില്‍ ടീച്ചര്‍മാര്‍ ആരുമില്ലാതെ ഒച്ചയും ബഹളവുമായി വെറുതെ ഇരിക്കുമ്പോള്‍ ഞങ്ങളെ കണക്ക് പഠിപ്പിക്കുന്ന രമേശന്‍ സര്‍ കടന്നു വന്നു.

ഏറ്റവും പുറകിലെ ബെഞ്ചില്‍ ആയിരുന്നു സുഭാഷ്‌ ഹൌസിലെ പരമു. എന്തോ നിർഭാഗ്യവശാൽ കൃത്യം ആ നേരത്ത് അവനന്നു മുടി വെട്ടാന്‍ പോയി. ആ ഗ്യാപ്പില്‍ നമ്മുടെ പ്രിയ രമേശന്‍ സര്‍ അവിടെ പോയിരുന്നു. തൊട്ടിപ്പുറത്തെ സീറ്റില്‍ ഞാന്‍. സാറിനൊരു ശീലം ഉണ്ട്. തല മെല്ലെ ഡെസ്കിൽ  ചേര്‍ത്ത് കിടക്കും. എന്നിട്ട് കയ്യിലെ വാച്ചിന്റെ ഗ്ലാസിലൂടെ എല്ലാവരെയും നിരീക്ഷിക്കും. അന്നും അത് തന്നെ സംഭവിച്ചു.
സര്‍ മെല്ലെ കുനിഞ്ഞിരുന്നപ്പോള്‍ അതാ ഇരിക്കുന്നു മിസ്റര്‍ പരമു എഴുതിയ വന്‍ വാത്സ്യായന സൃഷ്ടി. സാര്‍ മെല്ലെ അതെടുത്ത്‌ വായിച്ചു തുടങ്ങി.അപ്പോൾ അതാ അതിനു തൊട്ടു താഴെ ഞാന്‍ പരമുവിന് വായിക്കാന്‍ കൊടുത്ത കുറച്ചു ഭേദപെട്ട പ്രണയകഥകള്‍. സാറിന്റെ മുഖവും ഭാവവും വായന തുടരുന്നതിനോടൊപ്പം മാറുന്നുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന എന്റെ ഡെസ്കിനുള്ളില്‍ കിടന്നു ഞാനെഴുതിയ വന്‍ വിവാദം സൃഷ്ടിച്ചേക്കാവുന്ന " വണ്‍സ്  മോര്‍ പ്ലീസ്‌ " വിറയ്ക്കുന്നുണ്ടായിരുന്നു. ഒപ്പം ഞാനും!

സാര്‍ മെല്ലെ എണീറ്റു. എന്റെ പുസ്തകം പൊക്കി പിടിച്ചു. 


"ഇതാരാ എഴുതിയത്??"


ഞാന്‍ മെല്ലെ എണീറ്റു നിന്നു.
അപ്പോളതാ പരമുവിന്റെ പേപ്പര്‍ സാര്‍ പൊക്കി പിടിക്കുന്നു. 


" ഇതോ "??


"അറിയില്ല സര്‍ "


സാര്‍ ഒന്നും പറഞ്ഞില്ല പുസ്തകവുമായി പുറത്തേക്ക് മെല്ലെ നടന്നു നീങ്ങി. സാര്‍ പുറത്തേക്കു പോയതും ക്ലാസ്സില്‍ ആകെ ബഹളം. പുറത്ത്‌ അതിലും ബഹളം. സാറന്മാരും ടീച്ചര്‍മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഇടയ്ക്ക് ചിലര്‍ വന്നു എന്നെ ഒരു പ്രത്യേക നോട്ടം നോക്കി പോകുന്നു.
എന്റെ ചിന്ത അതൊന്നും ആയിരുന്നില്ല. എന്റെ ഈ മസാല നിറച്ച ബോംബ്‌ (കഥ )എന്ത് ചെയും. അതിനു തൊട്ടടുത്ത നിന്ന രാജു ഒരു ഉപായം കണ്ടെത്തി.
ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടപ്പുറത്ത്  "medicinal garden" എന്ന് ഞങ്ങള്‍ വിളിക്കുന്ന, പച്ചമരുന്നുകള്‍ നട്ടു പിടിപ്പിച്ച സ്ഥലം ഉണ്ട്. അവന്‍ അത് വഴി വരും. ഞാന്‍ എന്റെ കഥ അവനു കൈ മാറണം.അവന്‍ അത് കീറി കുഴിച്ചിടും. അങ്ങനെ പെട്ടെന്ന് തന്നെ രാജു ക്ലാസ്സിനു വെളിയിലെത്തി ജനലിലൂടെ എന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി നാലായി കീറി മണ്ണ് മാന്തി കുഴിച്ചിട്ടു.

"ഹാവൂ "..എന്റെ ശ്വാസം നേരെ വീണു.


ക്ലാസ് കഴിഞ്ഞു. സാറന്മാർ ആരെയും വിളിക്കുന്നില്ല. ഒന്നും ചോദിക്കുന്നില്ല. പതിവ് പോലെ കളി.., കുളി, ചായ കുടി അങ്ങനെ വീണ്ടും തിരിച്ചു ക്ലാസ്സില്‍ . എല്ലാം ശാന്തം. അന്നത്തെ രാത്രിയിലെ ക്ലാസ്സ്‌ മുറികളിലെ പഠനത്തിന്റെ നോട്ടച്ചുമതല മലയാളം അദ്ധ്യാപകന്‍ ശ്രീകുമാര്‍ സാറിനായിരുന്നു . ഒരുപാട്  നേരം കഴിഞ്ഞിട്ടും എന്റെ തൊട്ടടുത്തുള്ള പരമുവിനെ കാണാന്‍ ഇല്ല. എനിക്കെന്തോ ചുമ്മാ അപകടം മണത്തു തുടങ്ങി. ഒരു ആറാം ഇന്ദ്രിയം.

 കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ്സിനു അപ്പുറത്ത് ഇരുട്ടില്‍ കരിയിലകളുടെ അനക്കം. മുന്‍പില്‍ പരമു. പിന്നില്‍ ഒരു പറ്റം സാറന്മാര്‍. അവിടം ആകെ ടോര്‍ച്ചടിച്ചു പരിശോധിക്കുന്നു. പരമു ചതിച്ചു. ഞാന്‍ ഞെട്ടി തരിച്ചു നില്‍ക്കുമ്പോള്‍ മെല്ലെ കുനിഞ്ഞിരുന്നു പരമു മണ്ണ് മാന്താന്‍ തുടങ്ങിയിരുന്നു. അത്യന്തം നാടകീയമായി, രാജു നാലായി കീറി മറവു ചെയ്ത എന്റെ "കൊച്ചു പുസ്തകത്തെ" അവന്‍ മാന്തിയെടുത്ത് ശ്രീകുമാര്‍ സാറിന് സമര്‍പിച്ചു.ചുരുക്കത്തില്‍ ഫ്യൂസ് പോയ ബള്‍ബ്‌ കണക്കായിരുന്നു എന്റെ അവസ്ഥ.


തുടരും.....



ഇതിന്റെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക..

2 അഭിപ്രായങ്ങള്‍:

പത്ത്-ബിയിലെ പൂതന പറഞ്ഞു...

annu avide sambhavichukondirunnathu ithokkeyanalle? ONCE MORE PLEASE famous ayyirunnu. pakshe athu nammude class VIII B yil vechano pokkiyath? poratte, poratte, bakki ingu poratte...

Arjun Bhaskaran പറഞ്ഞു...

hmm ക്ലാസ്സില്‍ വെച്ച് തന്നെയാ പൊക്കിയത്.. കഥ കഴിഞ്ഞിട്ടില്ല മോളെ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍