Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

കാലം ഇനിയും ഉരുളും..വിഷു വരും വര്‍ഷം വരും തിരുവോണം വരും...

Print Friendly and PDF


റമ്പിലെ തുമ്പപൂ തലനീട്ടി ഓണത്തിന്റെ വരവ് അറിയിച്ചു.  വെളുത്ത പാല്‍പുഞ്ചിരിയുമായി മാവേലിയെ വരവേല്‍ക്കാന്‍. മന്ദാരവും, പിച്ചിപൂവും, കാക്കപൂവും, ജമന്തിയും, കുമ്പളപ്പൂവും, തെച്ചിപ്പൂക്കളും കുല കുലയായ്‌ വിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ഛമ്മ (അച്ഛന്റെ അമ്മ) ഉണങ്ങിയ ഓലകൊണ്ട് ഇന്നലെ പൂക്കൂടകള്‍ നെയ്ത് കുഞ്ഞനിയത്തിമാര്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു. അതി രാവിലെ കുളിച്ച് കുറി ചാര്‍ത്തി അതുമായി ലോകമായ ലോകമൊക്കെ കറങ്ങാന്‍ കുട്ടിപട്ടാളം പോയി കഴിഞ്ഞിരിക്കുന്നു.ഇനി പൂക്കളുമായി അവരെത്തിയാല്‍ അടുത്ത മേളം തുടങ്ങുകയായി.
ഇന്നലെ അച്ഛനും, ചെറിയച്ഛനും പറമ്പില്‍ മണ്ണ് കിളക്കുന്നുണ്ടായിരുന്നു. നല്ല ചെമ്മണ്ണ് വെട്ടിയെടുത്ത്‌ വെള്ളവുമൊഴിച്ചു കുഴച്ച്  നേരത്തെ മുറ്റത്ത്‌ തയാറാക്കി വെച്ച ചതുരചട്ടകൂടിനുള്ളില്‍ (മരം) ആ മണ്ണ് നിറച്ച് അടിച്ചു പരത്തി അമ്മ ഇന്നലെ ഉച്ചയായപ്പോഴേക്കും ഒരു നല്ല പൂത്തറ ഉണ്ടാക്കിയിരുന്നു. പിന്നീട് നല്ല ഭംഗിയില്‍ ചാണകം മെഴുകി അതിനെ കൂടുതല്‍ സുന്ദരനും ആക്കിയിരിക്കുന്നു. ഇന്ന് അത്തം തുടങ്ങിയിരിക്കുന്നു. ഇന്ന് മുതല്‍ പത്ത് ദിവസം പൂക്കളം നിറയെ വിവിധ തരം പൂക്കള്‍ കൊണ്ട് നിറയും. പല പല നിറത്തിലും ഭാവത്തിലും ചത്തപൂക്കള്‍ ജീവന്‍ തുടിച്ചു കിടക്കും.എല്ലാ ദിവസവും പൂ ഇടുന്നതിനു മുന്നേ ചാണകം മെഴുകും. അതിനു ശേഷം ആണ് ഈ കലാപരിപാടികള്‍.

കുട്ടികളൊക്കെ പൂക്കളും കൊണ്ടെത്തി കഴിഞ്ഞു. ഇനി പൂവിട്ടു കഴിഞ്ഞാല്‍ പിന്നെ വിവിധ കളികളും ആയി അവരൊക്കെ പലവഴിക്ക്. ഓണപരിപാടികളുടെ പ്രവാഹം ടി വി യില്‍ ഉള്ളതിനാല്‍ മുതിര്‍ന്നവര്‍ ആ വഴിക്കും. മണ്ണ് കുഴയ്ക്കലും കലാപരിപാടിയും വീണ്ടും തുടങ്ങിയിട്ടുണ്ട് അച്ഛന്‍. ഓണത്തപ്പനെ ഉണ്ടാക്കുകയാണ്. മാര്‍ക്കെറ്റ് ഓണത്തപ്പന്മാര്‍ സുലഭം ആണെങ്കിലും ഇത്തരം ആചാരങ്ങള്‍ വൃത്തിയോടും വെടിപ്പോടും ചെയ്യണം എന്ന് എന്റെ കുടുംബത്തിനുണ്ട്. അത്  കൊണ്ട് തന്നെ ഇന്നും ഓണത്തിനൊരു ഭംഗി തീര്‍ച്ചയായും ഉണ്ട്.ഓണത്തിന് രണ്ടു ദിവസം മുന്നേ ഓണത്തപ്പനെ പൂത്തറയില്‍ പ്രതിഷ്ഠിക്കും. വലിയ മുത്തപ്പനെ നടുക്കും., ഇരുവശങ്ങളിലായി രണ്ടു കുഞ്ഞു മുത്തപ്പന്മാരെയും, പിന്നെ പൂത്തറയുടെ നാല് മൂലകളിലും ആയി മറ്റു മുത്തപ്പന്മാരെയും, ഒരു മുത്തപ്പനെ വീട്ടുപടിക്കലും സ്ഥാപിക്കും. 

അടുത്ത പരിപാടി കോലം വരയ്ക്കല്‍ ആണ്. അരിമാവ് വെള്ളത്തില്‍ കലക്കി, വെണ്ടയ്ക്കയും, പാറോത്തിന്റെ ഇലയും(പശുവിനെ തേച്ചു കുളിപ്പിക്കുന്ന ഇല) കൂട്ടികുഴച്ചു ഒരു പരുവം ആകുമ്പോള്‍ ഞെരിഞ്ഞ വെണ്ടക്കയും പാറോത്തിന്റെ ഇലയും കൈകളില്‍ ചേര്‍ത്ത് പിടിച്ചു അരിമാവിന്റെ മിശ്രിതം മെല്ലെ നൂലുപോലെയാക്കി പൂത്തറയുടെ മുകളിലൂടെ ഒരു ചിത്രകാരന്റെ വൈവിധ്യത്തോടെ വരയ്ക്കുന്നത് കാണാന്‍ നല്ല ഭംഗി. പിന്നീട് കൃഷ്ണകിരീടം എന്ന ചെടിയുടെ പൂക്കള്‍ കുലയോടെ ഒടിച്ച് ഓരോ ഓണത്തപ്പന്‍മാരുടെയും നെറുകയില്‍ കുത്തി വെക്കും. പിന്നീട് "പൂവേ പൊലി പൂവേ" എന്ന ആര്‍പ്പ് വിളികളും അതിനു കൂട്ട് ചേരും.

ഇനിയെന്നും പൂജയുണ്ട്. നാം ഭക്ഷണം കഴിക്കുന്നതിനു മുന്‍പ്‌, അതായത് മൂന്നു നേരവും തൃക്കാക്കരയപ്പന് ഭക്ഷണം നേദിക്കണം. കിണ്ടിയില്‍ വെള്ളം എടുത്ത് മൂന്നാവര്‍ത്തി തളിക്കും. പിന്നീട് ഒരു ചിരട്ടയില്‍ കനല്‍ നിറച്ച് അത് കൊണ്ട് ആരതി ഉഴിയും. പിന്നെ അമ്മയുണ്ടാക്കിയ കാച്ചിയ പപ്പടവും, മധുരം ഇല്ലാത്ത അടയും കഷണങ്ങള്‍ ആയി മുറിക്കും. പിന്നീട് കൃത്യം ആയി എല്ലാവര്ക്കും വീതിക്കും(ഓണത്തപ്പന്‍മാര്‍ക്ക്). അതിനു ശേഷം വീട്ടില്‍ ഉള്ളവര്‍ ഭക്ഷണം കഴിക്കും.

തിരുവോണത്തിന് വീട്ടിലേക്കു ബന്ധുക്കളുടെ പ്രവാഹം ആയിരിക്കും. കുട്ടികളുടെ ബഹളവും, പെണ്ണുങ്ങളുടെ അടുക്കള രഹസ്യങ്ങളും, അച്ഛന്മാരുടെ വട്ടമേശ സമ്മേളനവും..ആകെ ഒരു ജഗ പൊക. എനിക്ക് ആകെയുള്ള വിഷമം അന്ന് നേരത്തെ എഴുന്നേല്‍ക്കണം എന്നത് തന്നെ. മാത്രമോ, തേങ്ങ ചിരകണം, പിഴിയണം. പായസത്തില്‍ പാല് പിഴിഞ്ഞ് ഒഴിച്ചില്ലേല്‍ രുചി കിട്ടില്ലത്രേ. അമ്മയെ സമ്മതിക്കണം. നാല് മണിക്ക് തന്നെ എഴുന്നേറ്റു കുളിച്ചു ശേഷിച്ച വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും(കാളന്‍, അച്ചാറുകള്‍ മുതലായവ തലേന്ന് ഉണ്ടാക്കി വെക്കും). അവിയല്‍, രസം, സാമ്പാര്‍, പായസങ്ങള്‍, പച്ചടി, എരിശ്ശേരി, തോരന്‍, തീയല്‍, പപ്പടം, പാവയ്ക്ക വറുത്തത്,കൂട്ടുകറി അങ്ങനെ പോകുന്നു വിഭവങ്ങളുടെ ലിസ്റ്റ്. അച്ഛനും ഞാനും അപ്പോഴേക്കും ജമീല താത്തയുടെ പറമ്പില്‍ നിന്നും വാഴയില വെട്ടി തുടച്ചു തുടങ്ങിയിട്ടുണ്ടാകും. എന്നത്തേക്കാളും നേരത്തെ ഇന്ന് ഉച്ച ഭക്ഷണം തുടങ്ങും. പത്തു പത്തര ആകുമ്പോഴേക്കും കുട്ടിപട്ടാളം ഇലയുടെ മുന്നില്‍ ഇരുന്നിട്ടുണ്ടാകും. പിന്നെ യഥേഷ്ടം ഒരു ഓണ സദ്യ. ചോറിനു ശേഷം ഇലയില്‍ തന്നെ പായസം വിളമ്പും. പപ്പടവും, പായസവും, പഴവും കൂട്ടി കഴിക്കുന്നത്‌ ആലോചിക്കുമ്പോള്‍ തന്നെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളം വരും. ഒരെമ്പക്കവും വിട്ടു ഉച്ചയ്ക്ക് ഒരു നല്ല മയക്കം.

ആ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് ടെലിഫോണ്‍ നിര്‍ത്താതെ ചിലച്ചപ്പോഴായിരുന്നു. വീട്ടിലല്ല താനെന്ന ബോധം അപ്പോഴേ ഉണ്ടായുള്ളൂ.ഇത് വരെ കണ്ടതെല്ലാം ഒരാഴ്ച മുന്‍പ് താന്‍ കാണും എന്ന് വിചാരിച്ചവ. ഒറ്റ ദിവസത്തെ ചില സംഭവങ്ങള്‍ തകിടം മറിച്ചത് ഞാന്‍ കുറച്ചു ദിവസങ്ങള്‍ ആയി സ്വപ്നം കണ്ട കേരളത്തിലേക്കുള്ള എന്റെ ഇപ്രാവശ്യത്തെ വരവും, ഒരു ഓണപ്പുലരിയും ആയിരുന്നു. കോളേജിലെ കൊല്ലപരീക്ഷ കഴിഞ്ഞ് ആ ഒഴിവില്‍ നാട്ടിലേക്ക് വരാം എന്ന് വിചാരിച്ചപ്പോള്‍ ആണ് ഇടിത്തീ പോലെ വിദ്യാര്‍ഥികളുടെ സമരം. ഫീസ്‌ കുറയ്ക്കണം എന്നും പറഞ്ഞ്. പണ്ട് സമരങ്ങളെ സ്നേഹിച്ചിരുന്ന ഞാന്‍ ആദ്യമായി അതിനോടൊരു നീരസം. അല്ലെങ്കിലും അവനവന് അനുഭവം വരുമ്പോഴാണല്ലോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നത്(മനുഷ്യന്റെ സ്വാര്‍ഥത). എന്ത് പറയാന്‍, കോളേജ്‌ അനിശ്ചിത കാലത്തേക്ക് അടച്ചു പൂട്ടി. പരീക്ഷയും മാറ്റി വെച്ചു. ഇനിയീ പരീക്ഷ എന്ന് കഴിയുന്നോ അന്നെ നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയൂ. 

അത് വരെ ഓണക്കോടിയില്ലാതെ..വാഴയിലയും, ഓണസദ്യയും ഇല്ലാതെ, ഒറ്റയ്ക്ക് ഈ മുറിയില്‍ ഒരു പൊന്നോണം ആഘോഷിക്കണം..വിഷമം ഉണ്ട് എങ്കിലും പണ്ട് കവി പാടിയ പോലെ 

"കാലം ഇനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും...."

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 
32 അഭിപ്രായങ്ങള്‍:

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

എന്റെ പൊന്നോണത്തിന് നിങ്ങളും ഉണ്ടാവില്ലേ കൂടെ..

മന്‍സൂര്‍ ചെറുവാടി പറഞ്ഞു...

വായിച്ചു ട്ടോ.
ആദ്യം തന്നെ നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.
ആചാരങ്ങളെ കൂടി പരിചയപ്പെടുത്തിയ ഓണം ഓര്‍മ്മകള്‍ നന്നായി.
കൂടെ ഒറ്റപ്പെട്ടുപോയ സങ്കടവും ഉണ്ട് ഇല്ലേ..?
ഞാനും ഈ പെരുന്നാളിന് ഒറ്റപ്പെട്ട സങ്കടത്തിലാണ്. :)
എതായാലും നല്ല ഈ ഓര്‍മ്മകളുണ്ടല്ലോ കൂട്ടിന്. അതും ചേര്‍ത്തുപിടിച്ചു ഓണം ആഘോഷമാക്കുക.
--

അംജിത് പറഞ്ഞു...

പ്രിയ സഹോദരാ ..
കാതങ്ങളകലെയാണെങ്കിലും ,
ഇടയിലായ്‌
ഒരു കടല്‍ ദൂരമുണ്ടെങ്കിലും..
അറിയുന്നു ഞങ്ങള്‍
നിന്‍ , ഗദ്ഗദങ്ങള്‍
നിന്റെ ഇടനെഞ്ചിലൂ-
റുന്ന നൊമ്പരങ്ങള്‍ .
നെടുവീര്‍പ്പുകള്‍ക്കാ-
വതില്ലെങ്കിലും വെറുതെ
ആശിപ്പൂ , നീ കൂടി
വന്നുവെങ്കില്‍
നാമൊന്നു ചേര്‍ന്നെ-
ഴുതിയെങ്കില്‍ , പോയൊരാ
ബാല്യകൌമാരത്തിന്‍
പൂക്കളങ്ങള്‍

നിനക്കെന്റെ ഓണസമ്മാനം.
ഈ ഭൂമിയില്‍ മറ്റാര്‍ക്കൊക്കെ സങ്കടമില്ലെങ്കിലും , ഞങ്ങള്‍ക്കുണ്ട്‌ അര്‍ജുനാ നീ വരാത്തതില്‍ നിസ്സീമമായ ദുഃഖം.
WE MISS YOU DEAR....!!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അര്‍ജുന്‍, ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഓണാശംസകള്‍ നേരുന്നു..ഓണത്തിന് നാട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ താങ്കളുടെ സങ്കടം എനിക്ക് മനസ്സിലാകുന്നു. കാരണം ഇതേ അവസ്ഥ തന്നെയാണ് എനിക്കും..പെരുന്നാള്‍ ലീവിന് നാട്ടില്‍ പോകാന്‍ പ്ലാന്‍ ചെയ്തിട്ട് അവസാനം പ്രൊജക്റ്റ്‌ ഡെലിവറി ടൈമില്‍ ഉണ്ടായ മാറ്റം മൂലം എന്റെ യാത്ര മുടങ്ങി..മണ്‍സൂറിക്ക പറഞ്ഞതുപോലെ ഓര്‍മ്മകള്‍ ചേര്‍ത്തുപിടിച്ചു ഓണം ആഘോഷിക്കുക.

Sandeep.A.K പറഞ്ഞു...

ജോലിയുടെ ഭാഗമായി ആദ്യമായി കേരളം വിട്ടു പുറത്തു പോയതു ഒരു ഓണമാസമായിരുന്നു.. അന്ന് ഞാനും ഈ ഗൃഹാതുരതയുടെ സങ്കടം അനുഭവിച്ചു.. അന്ന് അവിടെയുണ്ടായിരുന്ന മലയാളികള്‍ അല്പം വേദനയോടെയെങ്കിലും പറഞ്ഞു പഠിപ്പിച്ചു.. "കാട്ടുകോഴിക്കെന്തു കര്‍ക്കടകസംക്രാന്തി" :)

അന്ന് മുതല്‍ ഓണം പോലെ എല്ലാ വിശേഷാവസരങ്ങളിലും ഈ വാക്ക് സ്വയം പറഞ്ഞു മനസ്സിലുറപ്പിച്ചു.. ഒരു ജനത മുഴുവന്‍ ആഹ്ലാദത്തിമിര്‍പ്പില്‍ സ്വയം മറക്കുമ്പോഴും ജോലിയുടെ തിരക്കുകളില്‍ പെട്ടു വിശേഷങ്ങളുടെ വിശേഷത കൂടി മറന്നു കളയുന്നു.. ഒരു യന്ത്രത്തിന്റെ ക്ലിപ്തയോടെ ജോലി തുടരുന്നു.. അത് കൊണ്ടിപ്പോള്‍ നാട്ടിലുള്ള ഓണങ്ങള്‍ പോലും അത്ര കാര്യമാക്കാതെ, ആഘോഷങ്ങള്‍ ഇല്ലാതെ കടന്നു പോകുന്നു..

ഹാ.. ചുമ്മാ എന്നെ വെറുതെ നൊസ്റ്റാള്‍ജിയ പറഞ്ഞു വികാരഭരിതനാക്കിയല്ലേ അര്‍ജുന്‍.. ഹും.. :)

അപ്പൊ എല്ലാം പറഞ്ഞ പോലെ.. ഒരു മുന്‍കൂര്‍ ഓണാശംസകള്‍ നേരുന്നു..

രമേശ്‌ അരൂര്‍ പറഞ്ഞു...

ഓര്‍മയിലെ ഈ ഓണക്കുറിപ്പ് എന്നെയും പലതും ഓര്‍മിപ്പിച്ചു .മൂന്നാണ്ട് തികയുന്നു പ്രവാസത്തിന്റെ പാതാളത്തിലേക്ക് ഞാനും
ചവിട്ടിത്താഴ്ത്തപ്പെട്ടിട്ട് ..
എല്ലാവര്ക്കും മനസ് നിറഞ്ഞ ഓണാശംസകള്‍ ..:)

കൊമ്പന്‍ പറഞ്ഞു...

"പണ്ട് സമരങ്ങളെ സ്നേഹിച്ചിരുന്ന ഞാന്‍ ആദ്യമായി അതിനെ വെറുത്തു. അല്ലെങ്കിലും അവനവന് അനുഭവം വരുമ്പോഴാണല്ലോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നത്."
ഈ ഉണ്ടാവലിനെ തിരിച്ചറിയല്‍ എന്ന് വിശേഷിപ്പിക്കാമോ ? ഇത് സ്വാര്‍ത്ഥ തക്ക് മുന്‍ബില്‍ ആദര്‍ശം പണയം വെക്കല്‍ അല്ലെ ?

നന്മയുടെയും ഐശ്വര്യ ത്തിന്റെയും ഒരായിരം ഓണാശംസകള്‍ പാലട കഴിക്കുമ്പോള്‍ കൊമ്പനെ മറക്കല്ലേ മറന്നാല്‍ ങാ ................

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

സാരമില്ല സ്നേഹിതാ. അവിടെ ഓണമാഘോഷിച്ചാലും അമ്മയുടെ  മനസിനടുത്തു തന്നെ താങ്കളുണ്ടാവുമല്ലോ..... ഗ്രിഹാതുരതയുടെ മടിയിലിരുന്ന് നിങ്ങൾ ഫ്രെന്റ്സെല്ലാരും കൂടി ഈ ഓണമങ്ങ് അടിച്ച്  പൊളിക്കൂ... ഓണാസംസകൾ...

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഈ പറഞ്ഞ പൂക്കളൊക്കെ ഇപ്പൊഴും കിട്ടുമൊ തൊടിയില്‍?
ഓണാശംസകള്‍!!
http://swanthamsuhruthu.blogspot.com/

പഞ്ചാരകുട്ടന്‍-malarvadiclub പറഞ്ഞു...

കുഴപ്പമില്ല അടുത്ത ഓണം കൂടാമെന്നെ.........
ഓണാശംസകള്‍

വിധു ചോപ്ര പറഞ്ഞു...

അർജുൻ, വായിക്കാനൊത്തില്ല. മടങ്ങി വരാം ഉടൻ

kochumol(കുങ്കുമം) പറഞ്ഞു...

അവിയല്‍, രസം, സാമ്പാര്‍, പച്ചടി, എരിശ്ശേരി, തോരന്‍, തീയല്‍, പപ്പടം, പാവയ്ക്ക വറുത്തത്,കൂട്ടുകറി,പപ്പടവും, പായസവും, പഴവും, കാളന്‍, അച്ചാറുകള്‍.......പായസത്തിനു പകരം അടപ്രഥമന്‍ ആണേല്‍ ഓണസദ്യ ഗംഭീരം,ഉപ്പേരി ,ശര്‍ക്കരപുരട്ടി ...അതും മറന്നു എതായാലും നല്ല ഈ ഓര്‍മ്മകളുണ്ടല്ലോ കൂട്ടിന്. അതും ചേര്‍ത്തുപിടിച്ചു ഓണം ആഘോഷമാക്കുക....

അനില്‍കുമാര്‍ . സി.പി പറഞ്ഞു...

ഗൃഹാതുരതകള്‍ക്ക് പോലും മടുപ്പ്‌ ആയിരിക്കുന്നു; ഈ നല്ല എഴുത്തിനല്ല കേട്ടോ.
ഓണാശംസകള്‍

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

“..കാട്ടുകോഴിക്കെന്ത് വാവും സംക്രാന്തിയും..” എന്ന് പറഞ്ഞാശ്വസിക്കാന്‍ തുടങ്ങിയിട്ട് 23 വര്‍ഷം ആയി അര്‍ജുന്‍..!
പേടിക്കണ്ട ആദ്യമൊക്കെ അല്പം വിഷമമുണ്ടാവും, പിന്നെ അതൊരു ശീലമായിക്കോളും..!
എത്രയൊക്കെയായാലും..ആ ദിവസങ്ങളില്‍ മനസ്സ് നാട്ടിലായിരിക്കും തീര്‍ച്ച.
ഓണാശംസകളോടെ...
ഒരു ഓണം സ്പെഷ്യല്‍ ഉണ്ട് ഒന്നു നോക്കണേ..

Pradeep paima പറഞ്ഞു...

വായിച്ചുട്ടോ ഇഷ്ട്ടപെട്ടു പഴയ ഓര്‍മകള്‍ ...ഓണപഴമകള്‍ ഒരുപാടു പറഞ്ഞിട്ടുണ്ടല്ലോ ? അര്‍ജുന്‍ മാഷേ
ഓണാശംസകള്‍ ( കോളനി യില്‍ എന്തോമാറ്റം വന്നല്ലോ ഉഗ്രന്‍ ...)

വിധു ചോപ്ര പറഞ്ഞു...

kochumol(കുങ്കുമം)ചെയ്തത് വലിയ പോക്രിത്തരമായിപ്പോയി. മോങ്ങാനിരുന്ന പട്ടീന്റെ തലേൽ തേങ്ങ വീണെന്ന് ശൊല്ലിയ മാതിരി,നാട്ടിൽ ഓണത്തിനു വരാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന ആളെ ഇങ്ങനെയും കൊതി പിടിപ്പിക്കാമോ?
മോഷം മോഷം!
പോട്ടർജുൻ, നെക്സ്റ്റൈം നോക്കാം.

വേനൽപക്ഷി പറഞ്ഞു...

അര്‍ജുനേട്ടാ..സ്നേഹം നിറഞ്ഞ ഓണാശംസകള്‍...!!!
നല്ല ഓര്‍മ്മകളുടെ സമൃദ്ധിയോടെ അവിടെ ഓണം ആഘോഷിക്കൂ... ഓര്‍മ്മകള്‍ ഓണനാളുകളെ മനോഹരമാക്കട്ടെ..
അടുത്ത തവണ ഇവിടെ അടിപൊളി ആക്കാംന്നേ..:)

വാല്യക്കാരന്‍.. പറഞ്ഞു...

മ്മടെ അര്‍ജ്ജുനേട്ടോ..
ഹൃദയത്തില്‍ കോറിയിട്ട ഈ ഓര്‍മ്മകള്‍ ഈ വെള്ളപ്പേപ്പറില്‍ എഴുതിയത് നന്നായി ..
വിഷമിക്കണ്ടെന്നെ..ഇനിയെത്ര ഓണം കെടക്കുണ് മാഷേ ആഘോഷിക്കാന്‍..
ദീര്‍ഘയുസ്സിനോടോപ്പം ഒരായിരം ഓണാശംസകള്‍ നേരുന്നു..

പഥികൻ പറഞ്ഞു...

മനസ് നിറഞ്ഞ ഓണാശംസകള്‍ !!!!

mottamanoj പറഞ്ഞു...

ഹ്മം ഒന്ന് കൂടി നീട്ടി ഒരു നെടുവീര്‍പ്പ്
ഓണാശംസകള്‍

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@മന്‍സൂര്‍ ഇക്ക: വളരെ നന്ദി ഈ ഓണത്തിന് കൂടെ ചേര്‍ന്നതിന്.
@അംജിത് : താങ്ക്സ് മച്ചൂ.. ഈ സ്നേഹത്തിന്
@ദുബായിക്കാരാ: ഇത് ഓരോ പ്രവാസിയുടെയും സങ്കടം ആണെന്ന് മനസിലാക്കുന്നു.
@സന്ദീപ്‌: ശരി തന്നെ കാട്ടുകോഴിക്കെന്തു സംക്രാന്തി..!!
@രമേശ്‌ ഏട്ടാ: പ്രവാസം എന്ന പാതാളം..രണ്ടു വര്ഷം കൊണ്ടേ ഞാന്‍ തിരിച്ചറിഞ്ഞു.
@കൊമ്പന്‍ജി: ആ ഒരു നിമിഷത്തില്‍ ഉണ്ടായ നിരാശ ആണ് എന്നെ അങ്ങനെ പറയിപ്പിച്ചത്. അല്ലാതെ ഇപ്പോഴും ആദര്‍ശം അടിയറവു വെക്കാന്‍ ഉദേശിക്കുന്നില്ല. പായസം കിട്ടിയാല്‍, കുടിച്ചാല്‍..തീര്‍ച്ചയായും ഓര്‍ക്കാം. :)
@പടാര്‍: അത് ശരിയാ..അമ്മയുടെ മനസ് എന്നും കൂടെ ഉണ്ടാകും...തിരിച്ചും ഓണം ആശംസിക്കുന്നു.
@സ്വന്തം സുഹൃത്തേ: ഇതില്‍ പറയുന്ന പൂക്കള്‍ എല്ലാം ഇപ്പോഴും എന്റെ തൊടിയിലും,വാടിയിലും സുലഭം..  ഓണാശംസകള്‍
@പഞ്ചാരകുട്ടാ: അത് തന്നെയാ ഞാനും വിചാരിക്കുന്നെ. അടുത്ത ഓണം കൂടാം എന്ന്. കഴിഞ്ഞ ഓണത്തിനും അത് തന്നെ വിചാരിച്ചു.
@വിധു ഏട്ടാ: കുങ്കുമത്തെ പറഞ്ഞത് കലക്കി. അല്ലേലും എരിതീയില്‍ എണ്ണ ഒഴിക്കുകയല്ലേ കുങ്കുമം ചെയ്തത് 
@കൊച്ചുമോള്‍ ആയാലും കുങ്കുമം ആയാലും ചെയ്തത് മോശം ആയി..  പാവം എന്നെ കൂടുതല്‍ കൊതിപ്പിക്കാന്‍ നോക്കുവാ അല്ലെ..
@അനില്‍ചേട്ടാ: നല്ല എഴുത്തിനെ സ്വാഗതം ചെയ്തതിനും, ഓണം ആശംസകള്‍ക്കും നന്ദി കേട്ടോ
@പ്രഭന്‍ ചേട്ടാ: 23 വര്‍ഷത്തിനു മുന്നില്‍ ഞാന്‍ വെറും ശിശു..ഹി ഹി പറഞ്ഞ പോലെ മനസ് എന്നും നാട്ടില്‍ പ്രിയപെട്ടവരുടെ കൂടെ തന്നെ ഉണ്ട്.
@പ്രദീപേ: ഓണം ആശംസിക്കുന്നു. മാറ്റങ്ങള്‍ അനിവാര്യം അല്ലെ പൈമ!!
@വേനല്‍ പക്ഷി: അടുത്ത തവണ ഉഷാറാക്കാം അല്ലെ..ഓണാശംസകള്‍
@വാല്യക്കാരാ: അത്ര പ്രായം ഒന്നുമില്ല കേട്ടോ.. ..ഇനിയും എത്ര ഓണം കിടക്കുന്നു.. വിഷു വരും വര്ഷം വരും തിരുവോണം വരും...അല്ലെ മാഷേ
@ പഥികന്‍ : തിരിച്ചും ഒരു നല്ല ഓണം ആശംസിക്കുന്നു.
@മനോജേട്ടാ: ഒന്ന് കൂടി നീട്ടി നെടുവീര്‍പ്പ് ഇട്ടോളൂ.. 

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഓണം ദേ ഇങ്ങു എത്തി!

ഓണാശംസകള്‍ ..

MINI.M.B പറഞ്ഞു...

ഓണാശംസകള്‍.. ഓണം തൊട്ടടുത്തെത്തിയ പ്രതീതി.

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@വില്ലേജ്‌ മാനെ..ഓണം എത്തി...എത്തി...ഞാന്‍ എത്തിയില്ല.. :(
@മിനി ടീച്ചറെ.. ഓണാശംസകള്‍ നേരുന്നു..

സീത* പറഞ്ഞു...

നല്ലൊരു സദ്യ..ഓർമ്മകളിൽ ഗൃഹാതുരതയുടെ ഉപ്പിട്ട്..
ഇനിയും വരും നല്ലോർമ്മകളുമായി ഓണവും വിഷുവും...

ഹൃദയം നിറഞ്ഞ ഓണാശംസകൾ..

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@സീത വളരെ സന്തോഷം ഈ ഓണാഘോഷത്തിനു കൂട്ട് വന്നതിന്.. തിരിച്ചും ഒരു നല്ല ഓണം ആശംസിക്കുന്നു.

Kattil Abdul Nissar പറഞ്ഞു...

ഒരു നല്ല രചനയുടെ എല്ലാ സ്വഭാവവും ഇതിനുണ്ട്. എല്ലാവരും, പറയുന്ന ഒരു ഓണ അനുഭവ ത്തിലൂടെ വായനക്കാരെ നടത്തിയിട്ട് പെട്ടെന്ന് എല്ലാം തകിടം മറിക്കുന്ന വിദ്യ , അത് തന്നെയാണ് എഴുത്തിന്റെ മാജിക്. കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ ഒരു ഓണ ലേഖനം വായിച്ചു. തീരെ പ്രസക്തിയില്ലാത്ത കുറെ സംഭവങ്ങള്‍ ആയിരുന്നത് കൊണ്ട് ഞാന്‍ അതിനോട് പ്രതികരിച്ചു. എന്തായാലും അവരത് പ്രസിദ്ധീ കരിച്ചില്ല. എങ്കിലും വായിച്ചിരിക്കണം . എനിക്ക് അത് മതി. ഓണാശംസകള്‍.

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@നിസ്സാര്‍ ഇക്ക: വളരെ വളരെ നന്ദി.. വായിച്ചതിനും എന്റെ എഴുത്തിനെ ഇഷ്ട്ടപെട്ടതിനും. ഇനിയും വരികയും വായിക്കുകയും ചെയ്യണേ

INTIMATE STRANGER പറഞ്ഞു...

കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ്‌വരും അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം നമുക്കിപ്പോഴീ ആര്ദ്രയെ ശാന്തരായ് സൌമ്യരായി എതിരേല്‍ക്കാം വരിക സഖി അരികത്തു ചേര്‍ന്ന് നില്‍ക്കൂ പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്ന്യം ഊന്നുവടികളായ് നില്‍ക്കാം ഹാ ..സഫലമീ യാത്രാ...
നാട്ടില്‍ നിന്ന് അകന്നൊരു ഓണം അല്ലെ? വിഷമിക്കണ്ട അര്‍ജുന്‍ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് നമുക്കീ ബൂലോകത് ഓണം ആഘോഷിക്കാം.
നമുക്കന്യോന്ന്യം ഊന്നു വടികളായി നില്‍ക്കാം...അല്ലെ? ഓണാശംസകള്‍ .

faisalbabu പറഞ്ഞു...

ഒരാചാരം പോലെയല്ല ,,മനസ്സില്‍ തട്ടിയ ഓണാശംസകള്‍...

ente lokam പറഞ്ഞു...

ഓണത്തിന്റെ ഓര്‍മ്മകള്‍ ആണ് ഓണത്തേക്കാള്‍ മനോഹരം
അര്‍ജുന്‍..ഓണശംസകള്‍..ഞാന്‍ നാട്ടില്‍ പോയിട്ട്
ഓണത്തിന് മുമ്പ് ഇങ്ങു പോന്നു..പോരേണ്ടി വന്നു..
ജോലി വേണോ ഓണം വേണോ എന്ന് മുതലാളി ചോദിച്ചു..
ഞാന്‍ ഒന്നും മ്ണ്ടിയില്ല...നേരെ കേറി ഇങ്ങു പോന്നു...

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@intimate stranger: വളരെ നന്ദി പുലി കുട്ടീടെ ചേച്ചി :) ഓണം നന്നായിരുന്നുന്നു വിശ്വസിക്കുന്നു..
@faisalbbu: വളരെ നന്ദി ഇക്ക
@ente lokam: അല്ല അത് അല്പം കടന്ന കൈ ആയില്ലേ?? എന്നിട്ട് ജോലി പോയോ. അതോ ശുഭപര്യവസായി ആയോ??

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍