Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ഞാന്‍ കൊല്ലപ്പെട്ട കഥ!

Print Friendly and PDF

 
ഇരപ്പ് ഇന്ന്. വയലുകള്‍ നികന്നു വാഴകളും, കവുങ്ങുകളും സ്ഥാനം പിടിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശംഎന്‍റെ മൂന്നാംക്ലാസ് വിദ്യാഭ്യാസം പുരോഗമിക്കുന്ന കാലഘട്ടം. എറണാകുളം ജില്ലയിലെ പട്ടിമറ്റം - മുവാറ്റുപുഴ റോഡില്‍ ചംബിലിപടി എന്ന ഒരു ചെറിയ ബസ് സ്റ്റോപ്പ്‌ ഉണ്ട്. അവിടെ നിന്നും ഒരു പഞ്ചായത്ത് റോഡ്‌. ഇപ്പോള്‍ ടാര്‍ ഇട്ടിട്ടുണ്ട്. അന്ന് പൊടി പറത്തി അസ്സല്‍ ഒരു ഗ്രാമീണത നമ്മുടെ മനസിലേക്ക് എത്തിക്കുമായിരുന്ന ഒരു റോഡ്‌. അല്പം നടന്നാല്‍ രണ്ടു വശവും റബ്ബര്‍ നിഴല്‍ വിരിച്ചങ്ങനെ വിശാലമായി കിടക്കുന്നുണ്ടാകും. കാറ്റത്ത് പടക്കം പൊട്ടുന്ന പോലെ റബറിന്റെ കായകള്‍ പൊട്ടി വീഴുന്ന ശബ്ദം കേള്‍ക്കാം. പിന്നെ റബര്‍ പാലിന്‍റെ ഗന്ധം നിറഞ്ഞ കാറ്റ്. കുറച്ചു കൂടി ചെന്നാല്‍ ചിന്നമ്മ ചേച്ചിയുടെയും, ജോര്‍ജ് ഏട്ടന്റെയും വീട്. അവിടെ റബ്ബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ ഉണ്ട്. ആ ഗന്ധം ഒന്ന് വേറെ തന്നെ. ഇനി താഴേക്ക് ഒരിറക്കം ആണ്. നേരെ ചെന്നെത്തുന്നത് ഞങ്ങള്‍ "ഇരപ്പ്" എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു കൊച്ചരുവിയുടെ മുകളില്‍ ഉള്ള കലുങ്കില്‍, പാലത്തില്‍ ആണ്. ഇരമ്പി കൊണ്ട് സദാ ഒഴുകുന്ന അരുവി ആയതു കൊണ്ടായിരിക്കാം അതിന് ഇരപ്പ് എന്ന പേര് വീണത്. 

"എന്ത് പറയാന്‍ ഇവിടെയാണ്‌ ഞാന്‍ ആദ്യമായി കൊല്ലപ്പെടുന്നത്!!"

ഇരപ്പിന് ഇരുവശവും കൈതക്കാടുകള്‍ ആണ്. പിന്നെ നിറയെ കാടും പുല്ലും വിശാലമായ പറമ്പില്‍ നെല്‍കൃഷി. പാലത്തിന്‍റെ വലത് വശത്ത് സ്ത്രീകളും, ഇടതു വശത്ത് പുരുഷന്മാരും, കന്നുകാലികളും കുളിക്കും. ചില "പാവം പിടിച്ച പയ്യന്മാര്‍" പലപ്പോഴും പാലത്തിനടിയിലൂടെ നീന്തി ചേച്ചിമാരുടെ തെറിയും കേട്ട് നിര്‍വൃതി അടഞ്ഞു തിരിച്ച് എത്താറുണ്ട്. നെല്‍വയലുകളുടെ ഓരം ചേര്‍ന്നാണ് അമ്മയുടെ വീട്. തോട് തൊട്ടടുത്ത് ആയതിനാല്‍ രാവിലെയും, വൈകീട്ടും കുളി അവിടെ തന്നെ. 

പാലത്തിന്‍റെ മുകളില്‍ നിന്നും എടുത്തു ചാടുക, വെള്ളത്തില്‍ തല മുക്കി കൂടുതല്‍ നേരം ശ്വാസം കഴിക്കാതെ നില്‍ക്കുക, വെള്ളത്തില്‍ കരണം മറയുക തുടങ്ങിയവ ആയിരുന്നു അന്നത്തെ പ്രധാന ധീരകൃത്യങ്ങള്‍. അങ്ങനെ ഒരു അവധിക്കാലത്ത്‌ കാലടിയില്‍ താമസമാക്കിയ അമ്മയുടെ ചേച്ചിയുടെ മക്കള്‍ വിരുന്നു വന്നു. അതും മൂന്ന് ആണ്‍കുട്ടികള്‍! ഞാനടക്കം എല്ലാം ഒന്നിനൊന്നു മെച്ചം. അങ്ങനെ ഒരു വൈകുന്നേരം ഞങ്ങള്‍ കുളിക്കാന്‍ പോകാന്‍ തീരുമാനിച്ചു. മൂത്ത ചേച്ചിമാരും, പിന്നെ ഞാനും ഏറ്റവും ഇളയ ഏട്ടനും. 

"മോനെ സൂക്ഷിച്ച് പോയി വാ. അധികം നേരം വെള്ളത്തില്‍ കളിക്കാണ്ട് കേറി പോരെ". അമ്മ ഇറങ്ങുമ്പോഴേ പറഞ്ഞു.

"അതൊക്കെ ഞങ്ങള്‍ക്കറിയാം ". ഞങ്ങള്‍ വെള്ളത്തില്‍ ചാടാന്‍ ധൃതി പിടിച്ച് ഓടി.

നേരം സന്ധ്യയായി. സൂര്യന്‍ ചേട്ടന്‍ പടിഞ്ഞാറ്, വീട്ടില്‍ പണിയും കഴിഞ്ഞ് കുളിക്കാന്‍ പോയി. തറവാട് വീട്ടിലെ പതിനാറു പടികളും ചവിട്ടി ഈറനണിഞ്ഞ് ഏട്ടന്‍ കയറി വന്നു. സന്ധ്യാദീപം കൊളുത്തി, മുത്തശന്‍റെ തറയില്‍ ഒരു തിരിയും വെച്ച് അമ്മ തിരിഞ്ഞ അമ്മ കണ്ടത് കരഞ്ഞു വിളിച്ച് വരുന്ന ഏട്ടനേയും, ഏട്ടന്‍ കയ്യില്‍ തൂക്കി പിടിച്ചിരിക്കുന്ന എന്‍റെ നിക്കറും !!! 

"അയ്യോ എന്‍റെ മകന്‍ ഇരപ്പില്‍ ഒലിച്ചു പോയെ" എന്ന് പറയലും വെട്ടിയിട്ട തടി പോലെ ദാ കിടക്കുന്നു അമ്മ തറയില്‍. അപ്പോഴേക്കും മുത്തശ്ശിയും, പേരമ്മയുമെല്ലാം ഓടിയെത്തി.

ഥ ഇങ്ങനെ..

ഏട്ടനും ഞാനും ഇരപ്പിലേക്ക് ഓടി. ചാടി കെട്ടി മറിഞ്ഞു. തൊട്ടപ്പുറത്ത് ചേച്ചി തുണി കഴുകാന്‍ തുടങ്ങി. ആകെയുള്ള ഒരു തോര്‍ത്ത് മാത്രം ഉടുത്താണ് ഞാന്‍ ചാടുന്നത്. പരല്‍ മീനുകള്‍ കാലുകളില്‍ കൊത്തി വലിക്കുന്നു.പള്ളത്തി മീനുകള്‍ വെള്ളത്തില്‍ മിന്നല്‍ പടര്‍ത്തി ശരവേഗത്തില്‍ പായുന്നുണ്ട്. ഏട്ടന്‍റെ കുളി കഴിഞ്ഞു. ഞാനും മെല്ലെ കരയ്ക്ക്‌ കയറി. തലതോര്‍ത്താന്‍ തോര്‍ത്തില്ല. ആകെ ഉള്ള ഒന്ന്‍ ഞാന്‍ ഉടുത്തിരിക്കുന്നു. 

" ഡാ തോര്‍ത്ത് താടാ" നിക്കറില്‍ നില്‍ക്കുന്ന ഏട്ടന്‍

ഒരു തോര്‍ത്ത് മാത്രമേ ഉള്ളൂ മനുഷ്യന്‍റെ ശരീരത്തില്‍. അപ്പോഴാ തോര്‍ത്ത് തരാന്‍ പറയുന്നത്. ഞാന്‍ കരയിലേക്ക് ഓടിക്കയറി. തോര്‍ത്ത് വലിച്ചൂരാന്‍ ഏട്ടന്‍ പിറകെയും. പാലത്തിനു തൊട്ടടുത്ത് കരിങ്കല്ല് കൊണ്ട് കെട്ടി പടുത്ത ഭിത്തിയില്‍ നിന്നും ഞാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി. ചാടിയതെ ഓര്‍മയുള്ളൂ. നേരെ തലകുത്തനെ വെള്ളത്തിലേക്ക്. തല താഴെ പാറയില്‍ ഇടിച്ച് ശരീരം മെല്ലെ മുകളിലേക്ക് പൊങ്ങി വന്നു. 
പൊങ്ങി വന്ന എന്‍റെ കാലു കണ്ടു ചേച്ചി ആര്‍ത്തലച്ച് വെള്ളത്തിലേക്ക് ചാടി എന്നെ കരയിലേക്ക് കയറ്റി. മുകളിലെ കരിങ്കല്ല് പടുത്ത ഭിത്തിയില്‍ പൊങ്ങി നിന്നിരുന്ന ഒരു കരിങ്കല്‍ ചീള് കാല്‍ മുട്ടില്‍ കയറി പിളര്‍ന്നിരിക്കുന്നു. വെള്ളത്തില്‍ വീണത് കൊണ്ട് ചോരയൊന്നും വല്ലാതെ വരുന്നില്ല. കരയില്‍ കയറ്റി ആകെയുള്ള തോര്‍ത്ത് ചേച്ചിയൂരി കാലില്‍ കെട്ടി. മുഖത്ത് നിന്നും ചോര കുടുകുടെ ഒഴുകുന്നു. പുരികത്തില്‍ വെട്ടു വീണിരിക്കുന്നു. വെള്ളത്തിനു താഴെ പാറയില്‍ ഇടിച്ചതിന്റെ ഫലം. 

എടാ വേഗം ചെന്ന് ചിറ്റയോട് പറ" ചേച്ചി ഏട്ടനോട് പറഞ്ഞു.

എന്‍റെ നിക്കറും കയ്യില്‍ പിടിച്ച് ഏട്ടന്‍ വീട്ടിലേക്ക് നടന്നു.

**************************************************
വാല്‍കഷണം: അമ്മയ്ക്ക് ബോധം തെളിഞ്ഞു. തരിപ്പിക്കാതെ രണ്ടു മുറിവുകളും തുന്നി കെട്ടിയ ഡോക്ടര്‍ക്ക് നന്ദി. പുരികത്തില്‍ എട്ടു തുന്നല്‍, കാല്‍മുട്ടില്‍ പത്തിന് മുകളില്‍!!!! ഇന്നും ശരീരത്തില്‍ "Identification marks" ആയി ഉപയോഗിക്കുന്നു.9 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

എന്നാലെന്താ ഐഡന്റിഫികേഷന്‍ മാര്‍ക്ക് കിട്ടിയില്ലേ ഫ്രീ ആയിട്ട്!!

ഡോ. പി. മാലങ്കോട് പറഞ്ഞു...

ഐഡെൻന്റിഫിക്കേഷൻ മാര്ക്സിന്റെ പിന്നിലുള്ള കഥ! ഐഡെൻന്റിഫയ് ചെയ്യപ്പെടാൻ ആൾ രക്ഷപ്പെട്ടത് ഭാഗ്യം!
http://drpmalankot0.blogspot.com/2013/03/blog-post_31.html

aboothi:അബൂതി പറഞ്ഞു...

identification marks വരുന്ന ഓരോ വഴികളെ......
എന്തായാലും ചോര കണ്ടാർക്കും തല ചുറ്റാത്തത് നന്നായി

ശ്രീ പറഞ്ഞു...

ഭാഗ്യം! അധികം ആപത്തൊന്നും ഉണ്ടായില്ലല്ലോ...

ആ സന്ദര്‍ഭം മനസ്സില്‍ സങ്കല്‍പ്പിച്ച് വായിയ്ക്കാന്‍ കഴിയുന്നു.

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ഐഡന്റിഫികേഷന്‍ മാര്‍ക്ക് കഥ!

വീ കെ പറഞ്ഞു...

ഇതു കൊള്ളാമല്ലൊ. ഒരു ഐഡന്റിഫിക്കേഷൻ മാർക്കിനായി ശരീരം മുഴുവൻ തേടി അലഞ്ഞ ഒരു കാലം എനിക്കുമുണ്ടായിരുന്നു.
ആശംസകൾ...

അംജിത് പറഞ്ഞു...

fantabulous narration :-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍