Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഏപ്രിൽ 6, ശനിയാഴ്‌ച

പ്രണയദ്വീപ്‌

Print Friendly and PDF


സുന്ദരമായ ഒരു മഴക്കാട്. സൗഹൃദങ്ങള്‍ പച്ചവിരിച്ച ഒരു ഭംഗിയുള്ള കാട്. കുയിലുകള്‍ മധുരമായി പാടുകയും, മയിലുകള്‍ മഴക്കാറിനൊപ്പം നൃത്തം ചവിട്ടുകയും ചെയ്യുന്ന മനോഹരമായ ലോകം. ഇളം പച്ച നിറത്തില്‍ പടര്‍ന്നു കിടക്കുന്ന പുല്‍ത്തകിടിയും, തുഷാരം ഉതിര്‍ക്കുന്ന അതിലെ പുല്‍നാമ്പുകളും ശ്രേഷ്ഠം തന്നെ.ആ കാട്ടില്‍ സ്വതന്ത്രമായി ഉലാത്തുമ്പോള്‍ ഒരു നാള്‍ കാടും കടന്നു പുഴയും കടന്ന് ദൂരെ കാണുന്ന ദ്വീപില്‍ നിന്നുമൊരു പ്രണയസന്ദേശം.
സുന്ദരമായ കാട് പിറകില്‍ ഉപേക്ഷിച്ചാണ് ആദ്യമായി പ്രണയദ്വീപിലേക്ക് സ്വപ്‌നങ്ങള്‍ കൊണ്ട് തീര്‍ത്ത പായ് വഞ്ചി തുഴഞ്ഞത്. മധുരമുള്ള ജലാശയത്താല്‍ ചുറ്റപ്പെട്ട പ്രണയദ്വീപ്‌. അതിമധുരമുള്ള ജലാശയങ്ങള്‍. പീതനിറം ആയിരുന്നു ആ ലോകത്തിന്. സദാസ്വര്‍ണഇലകള്‍ പൊഴിക്കുന്ന വൃക്ഷങ്ങള്‍. പ്രണയഗീതങ്ങള്‍ ആലപിക്കുന്ന തലയില്‍ കറുപ്പ് കൊണ്ട് ചുട്ടികുത്തിയ, പ്രണയദ്വീപില്‍ മാത്രം കണ്ട കുഞ്ഞ് മഞ്ഞക്കിളികള്‍.മനസിനും ശരീരത്തിനും എപ്പോഴും കുളിര്‍മ്മ നല്‍കുന്ന തണുത്ത മേഘങ്ങള്‍. ഉറങ്ങാന്‍ ചെറുചൂട് പകരുന്ന ഒരാള്‍ പൊക്കത്തില്‍ പടര്‍ന്നു നില്‍ക്കുന്ന മഞ്ഞനിറമുള്ള പുല്ലുകള്‍. ഇവിടെ വന്യമൃഗങ്ങളുടെ ഗര്‍ജ്ജനമില്ല, മൂങ്ങയുടെ അരോചകങ്ങള്‍ ആയ മൂളലുമില്ല. തികച്ചും ശാന്തം.ഇത് വരെയും പ്രണയത്തെ കണ്ടില്ല. ആരും മുഴുവനായും കണ്ടിട്ടില്ലാത്ത അവളുടെ സൗന്ദര്യം ആണ് ദ്വീപിന് അവളുടെ പേര് നല്‍കിയത്.

ദ്വീപില്‍ വന്നിട്ട് കാലങ്ങള്‍ കടന്നു പോയിരിക്കുന്നു. ദ്വീപിലെ എല്ലാത്തിനും പ്രത്യേകതകള്‍ ഉണ്ട്. മണല്‍ തരികള്‍ സ്വര്‍ണ നിറത്തില്‍ ഇപ്പോഴും തിളങ്ങിക്കൊണ്ടെയിരുന്നു. ഇവിടെ എല്ലാ കിളികള്‍ക്കും,മൃഗങ്ങള്‍ക്കും,പുല്‍-വൃക്ഷലതാദികള്‍ക്കും ജ്വലിക്കുന്ന ചെമപ്പും, മഞ്ഞയും കലര്‍ന്ന നിറമായിരുന്നു. എല്ലാ പക്ഷി-മൃഗാദികളും ഒരു പോലെ മധുരമായി ആരവങ്ങള്‍ പുറപ്പെടുവിക്കുകയും, നൃത്തം ചെയ്യുകയും ചെയ്യുമായിരുന്നു. അവയെല്ലാം നോക്കി മറ്റേതോ ലോകത്തില്‍ മനം മയങ്ങി ആറാടി പുല്‍ത്തകിടിയില്‍ യാമങ്ങള്‍ ഞാന്‍ ചെലവഴിച്ചു പോന്നു. ഇവിടെ പൊഴിഞ്ഞു വീഴുന്ന ഇലകള്‍ ഉണങ്ങാറില്ല. അവ മണ്ണില്‍ അല്‍പനേരം കിടന്ന് പതിയെ സ്വര്‍ണത്തരികള്‍ ആയി അന്തരീക്ഷത്തില്‍ പാറി പറന്ന് അപ്രത്യക്ഷം ആകും. കൊഴിഞ്ഞു വീഴുന്ന പൂക്കള്‍ പെറുക്കിയെടുത്ത് ഞാന്‍ സൂക്ഷിക്കും. അതിന്‍റെ സുഗന്ധം ഒരിക്കലും നഷ്ട്ടപ്പെടാറില്ല. പൂചെടികളില്‍ വിടരുന്ന പുതുപുഷ്പങ്ങളെ നോക്കി അതിങ്ങനെ തിളങ്ങിക്കൊണ്ടേയിരിക്കും. ഇവിടെ ചൂടുകാലം, മഴക്കാലം എന്നൊന്നുമില്ല. എന്നും വസന്തം. നിര്‍വൃതിയുടെ, ആമോദത്തിന്റെ പുഷ്പങ്ങള്‍ വിരിഞ്ഞു കൊണ്ടേയിരിക്കും.

തിവില്ലാതെ ദ്വീപില്‍ ഇടിയും, മിന്നലുമുണ്ടായിരിക്കുന്നു. എന്നത്തേക്കാളും തണുത്ത രാത്രി. നേര്‍ത്തൊരു തലോടല്‍ ആയി ദ്വീപിലേക്ക് വസന്തം കൊണ്ട് വന്ന സുഗന്ധം വമിക്കുന്ന കാറ്റിനെ തലയില്‍ ചുറ്റി പ്രണയം എന്‍റെ അടുക്കല്‍ വന്നിരുന്നു. വിറയ്ക്കുന്ന കൈകളാല്‍ മുഖത്തെ മൂടിയ കാറ്റിനെ സ്വതന്ത്രമാക്കി ആദ്യമായി പ്രണയം ജ്വലിക്കുന്ന ആ വിടര്‍ന്ന കണ്ണുകള്‍ ഞാന്‍ കണ്ടു.വിറയ്ക്കുന്ന എന്റെ ഉടലില്‍ പറ്റിചേര്‍ന്ന് അവള്‍ മന്ത്രിച്ചു. 

“എനിക്കിഷ്ടമാണ്”

പുല്തകിടിയുടെ ചൂടിന് ഇത്രയും മധുരം ഇല്ലെന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. നേരം പുലര്‍ന്നു. കളിചിരികളും, ഇണക്കങ്ങളും, പിണക്കങ്ങളും ആയി പ്രണയദ്വീപിന്‍റെ തീരത്ത് കൂടെ ഞങ്ങള്‍ ഓടി. കിളികള്‍ അന്ന് കൂടുതല്‍ നേരം സംഗീതം പൊഴിച്ചു. മരച്ചില്ലകള്‍ നൃത്തം വെച്ചു. കാലടികള്‍ തട്ടി തെറിപ്പിച്ച മണല്‍ തരികള്‍ ജലത്തില്‍ വര്‍ണരാജികള്‍ തീര്‍ത്തു.

വളുടെ കണ്ണുകളില്‍ പ്രണയം കൂടുതല്‍ കൂടുതല്‍ ജ്വലിക്കുന്നു. ഒരുനാള്‍ ഇമവെട്ടാതെ എന്നെ നോക്കിയിരുന്ന അവളുടെ കണ്ണുകളില്‍ നിന്നുമൊരു തരി പ്രണയതീപ്പൊരി വസന്ത കാറ്റ് കട്ടെടുത്തു. താപം താങ്ങാനാവാതെ കാറ്റത് ദ്വീപിലെ തീരത്തെ തെളിനീരില്‍ തള്ളി. മറുകരയിലേക്ക് നീന്തിയ ഓരോളത്തില്‍ തെറ്റി തെറിച്ച് ആ തീപ്പൊരി സ്മൃതികളില്‍ എനിക്കന്യമായ മഴക്കാട് പറ്റി. എനിക്ക് പായ വിരിച്ചിരുന്ന പുല്‍ത്തകിടിയിലൂടെ പടര്‍ന്ന്‍, തണല്‍ തന്ന സൗഹൃദമരച്ചില്ലകളിലേക്ക് ചേക്കേറി തീപ്പൊരി മഴക്കാട് കാണാത്ത രൌദ്രനൃത്തം ചവിട്ടി. ഇങ്ങു ദ്വീപില്‍ അവളും ഞാനും തണുത്ത മേഘക്കിടക്കയില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന തിരക്കില്‍ ആയിരുന്നു.

രുനാള്‍ എന്‍റെ പ്രണയത്തെ കണ്ട സന്തോഷം പങ്കിടാന്‍, സ്മൃതികള്‍ ഊട്ടിയുറപ്പിക്കാന്‍ കാലങ്ങള്‍ക്ക് മുന്നേ കൈവിട്ട പായ് വഞ്ചി പുതുസ്വപ്നങ്ങളാല്‍ നെയ്ത് കുയിലുകളും, മയിലുകളും, പൂക്കളും,പുല്ലുകളും, വൃക്ഷ-ലദാതികളും നിറഞ്ഞ മഴക്കാട്ടിലേക്ക് ഞാന്‍ യാത്ര തിരിച്ചു. അങ്ങ് ദൂരെ മഴക്കാട് കാണാം. സ്മൃതികളിലെ മഴക്കാട് ആകെ മാറിയിരിക്കുന്നു. കട്ടകുത്തുന്ന പുകക്കടലും, കത്തിക്കരിഞ്ഞ്,ഉണങ്ങി പൊഴിഞ്ഞു വീഴാറായ ഒരു പറ്റം പ്രേതങ്ങളും(ശവങ്ങളും) ഒരു വികാരവുമില്ലാതെ നോക്ക് കുത്തികള്‍ ആയി എന്നെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പാതികത്തി പൊഴിയാറായ ഒരിലത്തുമ്പില്‍ തുഷാരമെന്ന പോലെ പ്രണയതീപ്പൊരി ജ്വലിച്ചു കൊണ്ടേയിരുന്നു.


4 അഭിപ്രായങ്ങള്‍:

ഡോ. പി. മാലങ്കോട് പറഞ്ഞു...

അർജുൻ പതിവ് രീതിയില്നിന്നു വ്യതിചലിച്ചു അല്പ്പം നീളക്കൂടുതൽ ഉള്ള ബ്ലോഗ്‌ ഇട്ടു എന്ന് തോന്നുന്നു. നന്നായിട്ടുണ്ട്. വർണ്ണന ഇഷ്ടപ്പെട്ടു. തുടക്കം വായിച്ചപ്പോൾ, റോബിൻസണ്‍ ക്രൂസോവിന്റെ കഥ ഓർമ്മവന്നു. ഒറ്റയ്ക്ക് ഒരു ദ്വീപിൽ അകപ്പെട്ട സഞ്ചാരി.....
ഭാവുകങ്ങൾ.
http://drpmalankot0.blogspot.com

ajith പറഞ്ഞു...

അത്ഭുതദ്വീപ്

mad|മാഡ് പറഞ്ഞു...

ഡോക്ടര്‍ ചേട്ടാ, അജിത്‌ ഏട്ടാ, മുഹമ്മദ്‌ ഇക്കാ..വളരെ നന്ദി. ഇനിയും വരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍