Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, മാർച്ച് 30, ശനിയാഴ്‌ച

ഈസ്റ്റര്‍ ഓര്‍മ്മകള്‍

Print Friendly and PDF
ഈസ്റ്റര്‍ ഓര്‍മ്മകള്‍ ഒരുപാടാണ്‌. 1994,നാലാം ക്ലാസ് വരെ പഠിച്ചത് കാലടിയ്ക്കും, അങ്കമാലിക്കും ഇടയിലുള്ള കിടങ്ങൂര്‍ എന്ന ഗ്രാമത്തിലെ ഇന്ഫന്റ്റ് ജീസസ് എല്‍ പി സ്കൂളില്‍ ആണ്. ക്രിസ്തീയ ചായ്‌വ് അല്പം കൂടുതല്‍ ഉള്ള സ്കൂള്‍ എന്നത് പേരില്‍ നിന്ന് തന്നെ വ്യക്തം. പക്ഷെ ഒരു മതം എന്ന ചിന്തയൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല (ഇപ്പോഴും ഇല്ല). പരീക്ഷയ്ക്ക് പോകുന്നതിനു മുന്നേ സ്കൂളിനു മുന്നിലെ പള്ളിയില്‍ പോയി കുരിശിനു മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ഥിച്ച ഒരു കാലം. ഏറ്റവും അടുത്ത കൂട്ടുകാര്‍ ടോണിയും, റോണിയും. ഇരുപത്തഞ്ചു പൈസയാണ് നേര്‍ച്ച ഇടുക. അതില്‍ തട്ടി തടഞ്ഞു യേശു വീഴുകയും ഞങ്ങള്‍ പരീക്ഷയ്ക്ക് പാസാവുകയും ചെയ്തിരുന്നു.

ഞങ്ങളുടെ കൊച്ചു വീട് നിന്നിരുന്നത് ഒരു റബര്‍ തോട്ടത്തിന്‍റെ നടുവില്‍ ആയിരുന്നു. ആ പരിസരത്ത് ഹിന്ദുക്കളുടെ വീട് എന്ന് പറയാന്‍ ഉണ്ടായിരുന്ന അഞ്ചാറെണ്ണം പാലും, തൈരും വാങ്ങിയിരുന്ന ലീല ചേച്ചിയുടെ വീട്, എനിക്ക് യൂറിക്ക വായിക്കാന്‍ തന്നിരുന്ന ദീപുവേട്ടന്റെയും, ദീപ്തി ചേച്ചിയുടെയും വീട്, എന്നെ എന്നും കൊഞ്ചിച്ച് വഷളാക്കിയിരുന്ന ഹേമ ചേച്ചിയുടെയും, രതിചേച്ചിയുടെയും വീട്, ബാലെ നടന്‍ കുട്ടന്‍ ചേട്ടന്റെ വീട് പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്നെ ഞാനാകാന്‍ പ്രോത്സാഹനവും, അറിവും തന്ന ഹിമ ചേച്ചിയുടെയും, നമ്പീശന്‍ ചേട്ടന്റെയും വീടുകള്‍ എന്നിവ ആയിരുന്നു. മറ്റുള്ളവയെല്ലാം ക്രിസ്ത്യന്‍ സഹോദരന്മാരുടെയും, സഹോദരികളുടെയും ആയിരുന്നു. ഒരു പത്തടി നടന്നാല്‍ കന്യാസ്ത്രീകളുടെ മഠം ആയി. എന്നും രാവിലെ നാല്പതും, അന്‍പതും കന്യാസ്ത്രീകളെ കണ്ടാണ്‌ ഞങ്ങളുടെ സ്കൂള്‍ യാത്ര. അത് കൊണ്ട് തന്നെ മനസ് കൊണ്ട് അവരോട് ഒരടുപ്പം തോന്നിയിരുന്നു. ഒഴിവു ദിവസങ്ങളില്‍ മഠത്തിന് കീഴിലുള്ള വായനശാലയില്‍ പോയി രസകരമായ ക്രിസ്തീയ കഥാപുസ്തകങ്ങള്‍ വാങ്ങി കൊണ്ട് വന്ന് ഒന്നൊഴിയാതെ വായിക്കും. എന്റെ ജീവിതത്തില്‍ വായനയെ വളര്‍ത്തിയതില്‍ ആ പുസ്തകശാലയ്ക്കുള്ള പങ്ക് വളരെ വലുതാണ്‌.

ക്രിസ്തുമസ് ആഘോഷങ്ങള്‍ എല്ലാം നാട്ടില്‍ നന്നായി ഉണ്ടെങ്കിലും, കൂടുതല്‍ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നത് പെസഹാ വ്യാഴം മുതല്‍ ഈസ്റ്റര്‍ വരെ നീളുന്ന മൂന്നു ദിനങ്ങള്‍ ആണ്. അതില്‍ തന്നെ "ദുഖവെള്ളി" . മറ്റൊന്നുമല്ല. എല്ലാ വര്‍ഷവും ആ നാളില്‍ ആണ് മലയാറ്റൂര്‍ മല കയറാന്‍ പോകാറ്. ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ആ വിശേഷദിവസം അവിടെ പോകുന്നത് ജീവിതത്തില്‍ ഏതൊരാള്‍ക്കും മറക്കാന്‍ ആകാത്ത നിമിഷങ്ങള്‍ ആകും. അത് ആസ്വദിക്കാന്‍ നമ്മള്‍ ഒരു ക്രിസ്ത്യാനി ആകണം എന്നോ ആ മതത്തിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കണം എന്ന് പോലുമില്ല. അവിടെ കാണുന്ന കാഴ്ചകള്‍ തീര്‍ച്ചയായും ജീവിതത്തില്‍ നാം എത്ര ഭാഗ്യവാന്മാര്‍ എന്ന് കാണിച്ചു തരും.

വീട്ടില്‍ നിന്നും നന്നേ പുലര്‍ച്ചെ, കണ്ണ് കാണാന്‍ പറ്റാത്ത അത്ര ഇരുട്ടില്‍ ആകും "മലയാറ്റൂര്‍ അടിവാരം" എന്ന ബോര്‍ഡ് വെച്ച ബസ്സില്‍ കയറുക.  ദൂരെ നിന്നെ മലയാറ്റൂര്‍ മല നമുക്ക് കാണാം. അടിവാരം മുതല്‍ അങ്ങ് കുന്നിന്‍ നെറുക വരെ കത്തിച്ചു വെച്ച ട്യൂബ് ലൈറ്റുകള്‍ രണ്ടു വരകള്‍ പോലെ ആകാശത്തേക്ക് ഒരു ഗോവണിയായി പടര്‍ന്നു കയറിയിരിക്കും . അടിവാരത്ത് നിന്നും പാറക്കെട്ടുകള്‍ നിറഞ്ഞ കുത്തനെയുള്ള ഒരു കയറ്റം ആണ്. ചുറ്റും മുത്തപ്പനെ വിളിച്ച് വലിയ മരങ്ങള്‍ കൊണ്ടുള്ള കുരിശുകളും ചുമന്ന്‍ ഭക്തര്‍ കുന്നു കയറുന്നത് അത്ഭുതത്തോടെ തന്നെയാണ് ഞാന്‍ നോക്കിയിരുന്നത്. താഴെ മുതല്‍ മുകള്‍ ഭാഗം വരെ മെഴുകുതിരി കത്തിച്ചു വെച്ച് പ്രാര്‍ഥിക്കുന്ന പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങള്‍ ഉണ്ട്. ഓരോന്നിനും മുകളില്‍ യേശുവിന്റെ ജീവിതം ആലേഖനം ചെയ്തിരിക്കുന്നു. പിറവി മുതല്‍ കുരിശുമരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍. ഏറ്റവും മുകളില്‍ ഒരു പള്ളിയുണ്ട്. തോമാസ്ലീഹായുടെ പാദം എന്ന് കരുതപ്പെടുന്ന ഒരു കാല്‍പാട് പാറയുടെ മുകളിലുണ്ട്. ചുറ്റും കമ്പി വേലിയൊക്കെ കെട്ടി അത് സംരക്ഷിച്ചിരിക്കുന്നു. അല്പം താഴെയായി വറ്റാത്ത ഒരു നീരുറവയുണ്ട്. അത് ഒരു പാറയില്‍ നിന്നും എല്ലാ സമയവും ഉറ്റി വീണു ഒഴുകിക്കൊണ്ടേയിരിക്കും. പള്ളിയുടെ ഒരു വശത്ത് ആനകുത്തിയ ഒരു ദ്വാരമുണ്ട്. പണ്ടെങ്ങോ ഒരു ഒറ്റയാന്‍ ആക്രമിച്ചത്എന്ന് കരുതപ്പെടുന്നു.

അതിമനോഹരം എന്ന് പറയേണ്ടത് രാവിലെ കുന്നിന്‍ മുകളിലെത്തി നമുക്ക് കാണാവുന്ന സൂര്യോദയം. ഉള്ളത് പറയാമല്ലോ ഇത്രയും മനോഹരമായ സൂര്യോദയം ഞാന്‍ ഇവിടെ മാത്രമേ കണ്ടിട്ടുള്ളൂ. പാലാഴി പൊയ്ക തീര്‍ത്ത മേഘങ്ങള്‍ക്കിടയിലൂടെ ഒരു ചുവന്ന തളികയായി ഉയര്‍ന്നു വരുന്ന സൂര്യന്‍ കാണേണ്ട ഒരു കാഴ്ച തന്നെയാണ്.

മനോഹരവും കൌതുകങ്ങള്‍ ജനിപ്പിക്കുന്ന കാഴ്ചകള്‍ ഉണ്ടെങ്കിലും കൂടുതലും നമ്മെ വിഷമിപ്പിക്കുന്ന കാഴ്ചകള്‍ ആണ്. കുന്നിന്‍റെ മുകള്‍ മുതല്‍ അടിവാരം വരെ രണ്ടു വരികള്‍ ആയി കൈകളും, കാലുകളും, കണ്ണുകളും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ ഭിക്ഷ യാചിക്കുന്നത് വല്ലാത്ത ഒരു കാഴ്ച തന്നെയാണ്. അവര്‍ക്കിടയിലൂടെ താഴേക്കിറങ്ങി അടിവാരത്തെത്തുമ്പോള്‍ നാം എത്ര ഭാഗ്യവാന്മാര്‍ എന്ന തിരിച്ചറിവ് ഓരോരുത്തരിലും വന്നിരിക്കും.

ഇപ്പോള്‍ അവിടമൊക്കെ സന്ദര്‍ശിച്ച് ഒരുപാടായി. സ്നേഹിതന്‍ ഹാഷിം കല്ലുങ്ങലിനോടൊപ്പം അവിടം ഒരിക്കല്‍ സന്ദര്‍ശിച്ചിരുന്നു. ഏകദേശം മൂന്നു മൂന്നര വര്‍ഷങ്ങള്‍ ആയിക്കാണും. ഇന്നും ഓര്‍മകള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

 

3 അഭിപ്രായങ്ങള്‍:

ഡോ. പി. മാലങ്കോട് പറഞ്ഞു...

ഈ ഈസ്റ്റർ ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ചത് നന്നായി.
ഈസ്റ്റർ ആശംസകൾ.

http://drpmalankot0.blogspot.com

ശ്രീ പറഞ്ഞു...

നല്ല ഓര്‍മ്മകള്‍

Absar Mohamed പറഞ്ഞു...

ഓര്‍മകളെ നിങ്ങള്‍ രാജകുമാരികളല്ലോ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍