Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 5, ബുധനാഴ്‌ച

സ്നേഹത്തിന്‍റെ കുട

Print Friendly and PDF

വായനശാലയുടെ പൊടിപിടിച്ച മൂലയില്‍ അലക്ഷ്യമായി അടുക്കി വെച്ച പുസ്തകകെട്ടുകള്‍ക്കു മുന്നില്‍ അവന്‍ നിന്നു. ഇതിലെവിടെയോ മറഞ്ഞു പോയതാണ് ആ പുസ്തകം. ജീവിതത്തില്‍ ഏകനാണെന്ന് തോന്നിയ ഒരു നിമിഷം. അതാണവനെ ഇവിടേക്കെത്തിച്ചത്. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ നഷ്ടപെട്ട ഒരു പുസ്തകം. ഒരു പക്ഷെ ഏറ്റവും താഴെയാകാം. തിരയുക തന്നെ..
മുകളിലെ പുസ്തകങ്ങളില്‍ ചിതലുകള്‍ മണ്ണ് കൊണ്ട് വീടുണ്ടാക്കി കളിച്ചിരിക്കുന്നു. വേനലവധിക്ക് സമപ്രായക്കാര്‍ വരുമ്പോള്‍ വീടുപണിക്ക് കുന്നു കൂട്ടിയിട്ടിരുന്ന മണല്‍ കടലോരമായി സങ്കല്‍പ്പിച്ചു എത്രയോ കളിവീടുകള്‍ മണലു കൊണ്ട് തീര്‍ത്തിരിക്കുന്നു. ചിതലുകള്‍ കൂട്ടത്തോടെ പ്രയാണം തുടങ്ങിയിരിക്കുന്നു. ഒരു പുസ്തകത്തില്‍ നിന്നും മറ്റൊന്നിലേക്ക്. ചിലത് നേരെ നിലത്തേക്ക് ചാടി എവിടെയോ ഓടി ഒളിക്കാന്‍ ശ്രമം നടത്തുന്നു. പുസ്തകത്തില്‍ നിന്നും മണ്ണ് അടര്‍ന്നു വീഴുന്നു. ചിതല്‍ തിന്നുപേക്ഷിച്ച അരകഷണം കടലാസ് തുണ്ടില്‍ "ആര്‍ദ്രമീ ധനുമാസം.."എവിടെയോ ഒരു നഷ്ടപെടലിന്റെ വേദന. കൂട്ടി കിഴിച്ചാല്‍ ലാഭ നഷ്ട കച്ചവടങ്ങള്‍ മാറി മാറി വരും.അതുകൊണ്ട് തന്നെ താന്‍ പരിതാപ കെട്ടുകള്‍ ഇന്നേ വരെ ആരുടെ മുന്‍പിലും നിരത്തിയിട്ടില്ല. കാറ്റില്‍ പെയ്യാതെ പോകുന്ന മഴക്കാറുകള്‍ ആയേ സങ്കടങ്ങളെ താന്‍ കണ്ടിട്ടുള്ളു. ഒരുപക്ഷെ പേമാരിയായി, തന്നെ മുഴുവന്‍ ആയി വിഴുങ്ങാനുള്ള തത്രപാടിലായിരിക്കും മഴമേഘങ്ങള്‍. ഒരിക്കല്‍ ആര്‍ത്തലച്ചു വന്നതാണ്. ജീവിതം വഴിമുട്ടി, കുടിച്ചു കൂത്താടി,ഒരാത്മഹത്യയുടെ വക്കില്‍ എത്തിയതാണ് തന്‍റെ ജീവിതം. പക്ഷെ..


ഓര്‍മകളുടെ വലയിലുടെ നൂല് തീര്‍ത്തു വന്ന ഒരെട്ടുകാലി ചിന്തകളെ മുഴുവിക്കാന്‍ സമ്മതിക്കാതെ വലകള്‍ കൊണ്ട് ചുറ്റിവരിഞ്ഞു. പിന്നെ ഒരു കോണില്‍ പോയിരുന്നു. ഒരു വശത്ത് നിന്നും കാര്‍ന്നു തിന്നാന്‍ തുടങ്ങി. മറ്റൊരു കോണില്‍ ഒരു പെണ്‍ഈച്ച ജീവന് വേണ്ടി പിടയുന്നു.വല്ലാത്ത വീര്‍പ്പുമുട്ടല്‍.കയ്യിലിരുന്ന പുസ്തകമെടുത്തു ഒരു വീശല്‍.ഈച്ച സ്വതന്ത്രയായി പറന്നകന്നു. പേടിച്ചരണ്ട എട്ടുകാലി എങ്ങോട്ടോ പാഞ്ഞു. ചിന്തകള്‍ വല ഭേദിച്ച് താഴേക്കു പതിച്ചു. അയാള്‍ മെല്ലെ കുനിഞ്ഞു  അതെടുത്തു തുടച്ചു മിനുക്കാന്‍ തുടങ്ങി.


റോഡില്‍ അബോധാവസ്ഥയില്‍ ആയിരുന്നു താന്‍ അവളെ ആദ്യമായി കാണുന്നത്. ഏതെങ്കിലും പുഴയിലെക്കോ, കായലിലെക്കോ വണ്ടി ഓടിച്ചിറക്കാന്‍ പോകുന്ന വഴിയില്‍ ദൈവം കൊണ്ടിട്ട പോലെ അവള്‍. താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. തന്നെക്കാള്‍ ചെറുപ്പമായ,കാണാന്‍ സുന്ദരമായ ഒരു രൂപം. വാതിലിലെ ചില്ലിലൂടെ അകത്തു ഓക്സിജെന്‍ മാസ്ക്കും ധരിച്ചു കിടക്കുന്ന, വാടി തളര്‍ന്ന അവളുടെ രൂപം താന്‍ നോക്കി നിന്നു. സ്വന്തം ജീവന്‍ ഒന്നെടുക്കണേ എന്ന് പ്രാർത്ഥിച്ചിരുന്ന നാവു കൊണ്ട് ജീവിതത്തില്‍ ആദ്യമായി ഒരാള്‍ രക്ഷപെടണം എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു.

"ഡോക്ടര്‍ വിളിക്കുന്നു". നേഴ്സ് ആണ്.

ഡോക്ടറുടെ മുന്‍പില്‍ മെല്ലെയിരുന്നു.ആകാംഷയോടെ നോക്കി.


"വളരെ സീരിയസ് ആണ്.പോലീസിനെ അറിയിക്കണം". താന്‍ അടിമുടി ഒന്ന് വിറച്ചു.


"ടെസ്റ്റ്‌ ചെയ്തതില്‍ നിന്നും അവളുടെ ശരീരത്തില്‍ മയക്കുമരുന്നിന്‍റെ  അളവ് വളരെ കൂടിയ രീതിയില്‍ കണ്ടെത്തി. ആരൊക്കെയോ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു". താന്‍ ദയനീയമായി ഡോക്ടറെ നോക്കി.


ടിമ്ണിം, ടിമ്ണിം. വായനശാലയിലെ ഘടികാരം വലിയ വായില്‍ നില വിളിച്ചു. സമയം മൂന്ന് മണി. ഇനി രണ്ട് മണിക്കൂറു കൂടിയേ ഉള്ളൂ. വേഗം തിരയണം. ഭ്രാന്തമായ ഒരാവേശത്തോടെ താന്‍ പുസ്തകങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വാരിയിടാന്‍ തുടങ്ങി. പുസ്തകങ്ങള്‍ക്കിടയില്‍ ആരോ ആര്‍ക്കോ കൊടുത്തൊരു ഉണങ്ങിയ ചെമ്പക പൂവ് താഴേക്കു തെറിച്ചു വീണു. ഉണങ്ങിയതാണെങ്കിലും മനോഹരം.


"ഏട്ടാ ഇത് കണ്ടോ നല്ല മണമുള്ള ഒരു പൂവ്. മുറ്റത്തൂന്നു കിട്ടിയതാ".

രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു.അവള്‍ നിശബ്ദത വെടിഞ്ഞിരുന്നു. അല്പം പുഞ്ചിരി മുഖത്ത് ചാര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

"ഇതാണ് ചെമ്പകം". താന്‍ പരിചയപ്പെടുത്തിക്കൊടുത്തു. തന്‍റെ മുഖത്ത് പൂവുകൊണ്ട് മെല്ലെ തലോടി അവള്‍ മെല്ലെ മുറിയിലേക്ക് പോയി. രണ്ട് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ അവള്‍ മറന്നു കഴിഞ്ഞിരിക്കുന്നു. അനേകം കൗൺസിലിംഗും, തന്‍റെ സ്നേഹവും ഒന്നും വിജയിക്കാതിരുന്ന സ്ഥലത്ത് ഒരു കുഞ്ഞ് ജനിച്ചതോടെ മാറ്റം വന്നു. തന്‍റെ ജീവിതത്തിനും ഒരു അര്‍ത്ഥം വന്നിരിക്കുന്നു. താന്‍ രക്ഷിച്ചെടുത്ത ജീവന്‍ തന്‍റെ ജീവന്‍ ആയ ആ നിമിഷം. അത് മാത്രം ആയിരുന്നു തന്നെ പിന്തിരിച്ചത്.


പരസ്പരം സ്നേഹിച്ചു. ആദ്യമൊക്കെ തന്‍റെ സ്നേഹം ഒരു സഹതാപച്ചുവയിലായിരുന്നു അവള്‍ കണ്ടിരുന്നത്. പിന്നീടെന്നോ മനസ് നിറഞ്ഞു താന്‍ നല്‍കിയിരുന്ന സ്നേഹം അവള്‍ മനസിലാക്കി. പിന്നീടിന്നു വരെ പരസ്പരം സ്നേഹം കൊണ്ട് തങ്ങള്‍ പൊതിയുകയായിരുന്നു.


"ഒരു കുഞ്ഞ് ജനിച്ചാലും എനിക്ക് നിങ്ങളോട് തന്ന മനുഷ്യാ സ്നേഹം".ഒരിക്കല്‍ അവള്‍ പറഞ്ഞു.

അതിത് വരെ അവള്‍ തെറ്റിച്ചുമില്ല.ഒരു പക്ഷെ കുഞ്ഞുണ്ടായതിനു ശേഷം അവള്‍ തന്നെ കൂടുതല്‍ സ്നേഹിക്കുകയാവും ചെയ്തത്.


"വായനശാല അടയ്ക്കാന്‍ പോവാട്ടോ മാഷേ".


വായനശാല നോക്കി നടത്തുന്ന കുറുപ്പ് സര്‍ ആണ്. പുറത്ത് നല്ല മഴ തുടങ്ങിയിരിക്കുന്നു. മഴച്ചാറൽ ജനലുകള്‍ക്കിടയിലൂടെ മെല്ലെ ഉള്ളിലേക്ക് വന്നു തുടങ്ങി. ജനലുകള്‍ കട കട ശബ്ദത്തില്‍ അടഞ്ഞു തുറന്നു. കുറുപ്പ് മാഷ്‌ ഓടി നടന്നു ജനലുകള്‍ അടക്കുകയാണ്.


ഇടവപ്പാതിയിലെ മഴ..അത്യുച്ചത്തില്‍ ഒരിടി വെട്ടി. ഭിത്തിയൊന്നു കുലുങ്ങിയ പോലെ തോന്നി തനിക്ക്. തൊട്ടു പിന്നാലെ ഒരു നിലവിളിയും. ഓടി കോണിപടികള്‍ക്കു  മുന്പിലെത്തിയപ്പോഴേക്കും മുകളില്‍ നിന്നും വെട്ടിയലച്ച്  അവള്‍ തന്‍റെ  മുന്നില്‍ വന്നു വീണു. മഴ പെയ്തപ്പോള്‍ തുണിയെടുക്കാന്‍ കേറിയതാണ്. തിരിച്ചിറങ്ങുമ്പോള്‍ നീണ്ടു കിടന്ന സാരിത്തുമ്പില്‍ ചവിട്ടി താഴേക്ക്. താങ്ങിയെടുക്കുമ്പോള്‍ കഴുത്തൊടിഞ്ഞു തൂങ്ങികിടന്നിരുന്നു. തന്‍റെ കൈകളിലും,തറയിലും രക്തം തളം കെട്ടി നില്‍ക്കുന്നു. തന്‍റെയും,അവളുടെ ശരീരം പോലെ തണുത്ത് മരവിച്ചു പോയ നിമിഷം. ഒന്ന് കരയാനോ,അനങ്ങാനോ കഴിയുന്നില്ല. എന്തോ ശരീരത്തില്‍ നിന്നും വേര്‍പെട്ടു പോയ പ്രതീതി. ജീവന്‍,സ്നേഹം,വാത്സല്യം,കൊച്ചു പിണക്കങ്ങള്‍..അങ്ങനെയെല്ലാം.


തികച്ചും ഏകനായ അവസ്ഥ. കുഞ്ഞിനേയും കൂട്ടിപിടിച്ചു ചിതയ്ക്ക് തീകൊളുത്തി. പിന്നീടും ജീവിച്ചു മകള്‍ക്ക് വേണ്ടി. ആരുമില്ല എന്ന തോന്നല്‍ ഇല്ലാതിരുന്നത് അവളുടെ കുസൃതിയും,ബഹളങ്ങളും വീട്ടില്‍ ഉണ്ടായത് കൊണ്ട് തന്നെ. അയാളുടെ കൈകളില്‍ കിടന്നു ഒരു പുസ്തകം വിറച്ചു. അയാള്‍ നിലത്തേക്ക് ചുരുണ്ട് കൂടി ഇരുന്നു. വല്ലാത്ത തണുപ്പ്‌. കൈയും കാലും കോച്ചി വലിക്കുന്നു.


ഇന്നായിരുന്നു തന്‍റെ മകളുടെ കല്യാണം.അവളും പോയിരിക്കുന്നു.അമേരിക്കയ്ക്ക്. ഒരു തിരിച്ചു വരവുണ്ടാകുമോ എന്ന് പോലും അറിയില്ല. മാസാ മാസം വിളിക്കുമായിരിക്കും.ഇനി താന്‍ തനിച്ചാണ്. അവളുടെ ഓര്‍മകളും പേറി. അവള്‍ നിലതെറ്റി വീണ പടികള്‍ക്കു താഴെ.


"മാഷേ മാഷേതു പുസ്തകമാ തിരയുന്നെ? പറഞ്ഞാല്‍ ഞാന്‍ എടുത്തു തരാം".

കുറുപ്പ് മാഷിനു പോകാന്‍ തിടുക്കം ആയി എന്ന് തോന്നുന്നു.മെല്ലെ എഴുന്നേറ്റു.പുറത്തെ മഴയിലോട്ടു ഒരു കുട പോലുമില്ലാതെ ഇറങ്ങുമ്പോള്‍ പുറകെ നിന്നു കുറുപ്പ് മാഷ്‌ വിളിച്ചു ചോദിച്ചു.


"മാഷേ മഴ മാറീട്ടു പോയാല്‍ പോരെ?".

താന്‍ മെല്ലെയൊന്നു ചിരിച്ചു.


"പോര മാഷേ വേഗം അവിടെ എത്തണം.അവള്‍ കാത്തിരിക്കും.ഒരു പക്ഷെ അവളുടെ കയ്യില്‍ ഉണ്ടാകും ഞാന്‍ തിരഞ്ഞ ആ പുസ്തകം."


"എന്നോ മകള്‍ക്കായി അടച്ചു വെച്ച എന്‍റെ പ്രിയപെട്ടവളുടെ  ഓര്‍മപുസ്തകം".

മഴയുടെ കുളിരിലേക്ക് അയാള്‍ നടന്നിറങ്ങുമ്പോള്‍ കുറുപ്പ് മാഷ്‌ കണ്ടു. അയാള്‍ക്ക്‌ ചുറ്റും അവള്‍ തീര്‍ത്ത സ്നേഹത്തിന്‍റെ കുട.


4 അഭിപ്രായങ്ങള്‍:

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

മനസ്സിലാകുന്നില്ല

Arjun Bhaskaran പറഞ്ഞു...

കുത്തിയിരുന്ന് വായിക്കൂ മാഷേ അപ്പൊ മനസിലാകും..

അംജിത് പറഞ്ഞു...

കുത്തിയിരുന്ന് മൂന്ന്‌ പ്രാവശ്യം വായിച്ചു.. ഇപ്പോഴും സ്ഥിതി അത് തന്നെ. ഒന്നും മനസ്സിലാകുന്നില്ല.

Arjun Bhaskaran പറഞ്ഞു...

ഇതാണ് ഞാന്‍ നിനോടോന്നും പറയാത്തത്..അപ്പോളേക്കും നീയതങ്ങ്‌ കേറി ചെയ്യും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍