Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 7, ചൊവ്വാഴ്ച

പുഷ്ക്കരന്‍ സാറും പഴക്കുലയും.

Print Friendly and PDF

ന്റെ പ്ലസ്‌ ടു കാലഘട്ടത്തില്‍ നടന്ന ഒരു സംഭവം ആണിത്. എല്ലാ ശനി, ഞായർ ദിവസവും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി ചെയ്യുന്ന ശീലം ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട എസ്.യു.പി.ഡബ്ല്യു സാര്‍ ആയിരുന്ന പ്രേംകുമാര്‍ സര്‍ ആണ് ഗുരു.അദേഹവും ഞങ്ങളുടെ കൂടെ അധ്വാനിച്ചിരുന്നു.ഞങ്ങളുടെ ചെറു ക്ലാസ്സില്‍ തന്നെ അദേഹം ട്രാന്‍സ്ഫര്‍ ആയി പോയെങ്കിലും ഞങ്ങള്‍ പൂന്തോട്ടം ഉണ്ടാകാനും,ഒഴിവു സമയങ്ങള്‍ കൃഷിക്കായി ചിലവാക്കാനും ശ്രമിച്ചിരുന്നു.പ്രധാനമായും ഹോസ്റ്റലിനു പിറകിൽ സമൂഹക്കുളി നടത്തിയിരുന്ന ഭാഗത്തായിരുന്നു കൃഷി. കുട്ടികൾ അവിടെ നിന്ന് കുളിക്കുമ്പോൾ കിട്ടുന്ന വെള്ളത്തിൻറെ ലഭ്യത ആയിരുന്നു കാരണം. കൃഷി വിജയിച്ചില്ലെങ്കില്‍ ഇടയ്ക്കു സങ്കടം തോന്നും.പക്ഷെ അതിലും വിഷമമുണ്ടാക്കാറ് പാകമായ കുലകള്‍ മെസ്സിലെ ബിനു സാറും കൂട്ടരും വന്നു ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ഞങ്ങളുടെ കൺമുന്നിലൂടെ വെട്ടികൊണ്ട് പോകുമ്പോളാണ്.വെട്ടിക്കൊണ്ടുപോയാലും വൈകീട്ട് ഉപ്പേരി ഉണ്ടാക്കി എല്ലാവര്‍ക്കുമായി കൊടുക്കും. അല്ലെങ്കിൽ പഴുപ്പിച്ച്‌ പുട്ടിന്റെ കൂടെ കഴിക്കാൻ തരും. 

കൃഷി ചെയ്തിട്ട് ഇന്നേ വരെ ഒരു പഴുത്ത പഴം കഴിക്കാന്‍ എനിക്കോ കൂട്ടുകാര്‍ക്കോ അവസരം കിട്ടിയില്ല.അങ്ങനെ ഞങ്ങളുടെ വാഴയില്‍ അടുത്ത കുലയുണ്ടായി. എന്നത്തേയും പോലെ ബിനു സര്‍ വന്നു എത്തി നോക്കി പോയി.അന്ന് രാത്രി ഞങ്ങള്‍ ജീവിതത്തില്‍ ആദ്യമായി ഒരു കൊലപാതകം ചെയ്തു. ആ വാഴക്കുലയങ്ങു വെട്ടി.ആനയെ എഴുന്നള്ളിച്ചു കൊണ്ട് വരുന്നത് പോലെ ഹോസ്റ്റലിലേക്കൊരു മാർച്ച്. അന്ന് രാത്രി പ്ലാനിംഗ് ഒരു കുലയെങ്ങനെ പഴുപ്പിക്കാം എന്നായിരുന്നു.അങ്ങനെ പല അഭിപ്രായങ്ങളില്‍ നിന്നും ഏറ്റവും നല്ലതെന്ന് തോന്നിയ അഭിപ്രായം തെരഞ്ഞെടുത്തു. അതായിരുന്നു പത്താം ക്ലാസിലെ ജിന്‍സണ്‍ പോളിന്‍റെ ട്രങ്ക് പെട്ടി. പിന്നീടുള്ള ദിവസങ്ങള്‍ വളരെ രസകരമായിരുന്നു.

"ഡാ ജിന്‍സണ്‍ പോളേ നിന്റെ പെട്ടിയിലെ സാധനങ്ങളൊക്കെ മാറ്റെടാ". 

"അയ്യോ ഏട്ടാ പ്ലീസ്‌ " ജിന്‍സണ്‍ പോളിന്‍റെ ദയനീയ ഭാവം.

ഞങ്ങളുടെ തുറിച്ചു നോട്ടത്തില്‍ പെട്ടി പെട്ടെന്ന് തന്നെ കാലിയായി.പിന്നീട് വാഴക്കുല കൃത്യമായി വെട്ടി പെട്ടിയില്‍ വെച്ച് ഞങ്ങളുടെ താഴിട്ട് പൂട്ടി. പിന്നീടു വാഴക്കുല പഴുപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ക്ക് ആയിരുന്നു മുന്‍‌തൂക്കം.അതിനു ചുക്കാന്‍ പിടിച്ചിരുന്നത് ജോസേട്ടന്‍ ആയിരുന്നു.ഒരു വലിയ പാക്കറ്റ് സാമ്പ്രാണി തിരി  വാങ്ങി പെട്ടിയുടെ നാല് മൂലയ്ക്കും കത്തിച്ചു വെച്ച് പെട്ടിയടയ്കും. അപ്പോള്‍ പെട്ടിയില്‍ നിറയെ പുക നിറയും.ആ പുക കൊണ്ട് കുല പഴുക്കും.അതായിരുന്നു ഇതിനു പിന്നിലെ "പ്രധാന പദ്ധതി".അങ്ങനെ ഓരോ ദിവസവും ഞങ്ങളുടെ സമയവും ജീവിതവും ആ കൊച്ചു പെട്ടിക്കുള്ളില്‍ പഴുക്കാന്‍ വെമ്പുന്ന കുഞ്ഞു പച്ച കായകളെ കുറിച്ചായിരുന്നു. എന്നും ഹോസ്റ്റലില്‍ ഓടിയെത്തും. എന്തെങ്ങിലും മാറ്റങ്ങള്‍ ഉണ്ടോ എന്നറിയാന്‍.അങ്ങനെ പുക കൊണ്ടാണോ എന്തോ ചിലമാറ്റങ്ങള്‍ കണ്ടു തുടങ്ങി.ചെറിയ തോതില്‍ പച്ചയില്‍ നിന്നും മഞ്ഞയിലെക്കൊരു പരിവര്‍ത്തനം. ആരൊക്കെയോ സ്വാദ് നോക്കാന്‍ തുനിഞ്ഞപ്പോള്‍ എല്ലാവരും തടഞ്ഞു. മുഴുവന്‍ പഴുത്തിട്ടു തിന്നാം എന്നായി അവസാനത്തെ തീരുമാനം.

ആയിടയ്ക്കാണ് സ്കൂളില്‍ ഒരു പുസ്തകമേള നടക്കുന്നത്.ഞങ്ങള്‍ തന്നെയായിരുന്നു അവിടെ വളണ്ടിയര്‍മാരായി നിന്നത്. പല ഉദേശങ്ങളും ഉണ്ടായിരുന്നു.ഒന്ന് ക്ലാസ്സ്‌ കട്ട് ചെയ്യാം. രണ്ട്, ഫ്രീ ആയി പുസ്തകം വായിക്കാം.അതും ചോരയൊക്കെ  ചൂടാക്കാന്‍ ഉതകുന്ന അസ്സല്‍ "കൊച്ചു പുസ്തകങ്ങളും". പമ്മനും, ഹാരോള്‍ഡ്‌ റോബിൻസൺമാരും മനസ്സില്‍ പൂമഴ പെയ്യിച്ചിരുന്ന കാലമായിരുന്നു അത്. ചുരുക്കി പറഞ്ഞാല്‍ ഒരു പാട് പുസ്തകങ്ങള്‍ അവിടെ നിന്നും കാണാതായി. എന്നത്തേയും പോലെ "ഒരു മിന്നല്‍ പരിശോധന" സാറന്മാരുടെ വക. "ഈ പഹയന്മാര്‍ ഇതൊക്കെ  പരിശോധിച്ച്  പിടിക്കും.എന്നിട്ട് അവരുടെ വീട്ടില്‍ കൊണ്ടുപോയി സുഖമായി വായിക്കും" എന്നൊക്കെ ഞങ്ങളില്‍ പലരും അടക്കം പറഞ്ഞു തുടങ്ങിയിരുന്നു. എന്തൊക്കെയായാലും എന്നത്തേയും പോലെ "റെയിഡ്  നടത്തുന്നവരെ ഇന്നേ വരെ ഒരിക്കലും വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിട്ടില്ലാത്ത" ഉദയഗിരി(പണ്ടത്തെ തിലക് )ഹൌസില്‍ നിന്നും തന്നെ പരിശോധന തുടങ്ങി.ഓരോ ഡോമെട്രി മാറിയായിരുന്നു പരിശോധന.അങ്ങനെ ഒരു വശത്തു നിന്നും സാറന്മാർ ഐശ്വര്യമായി പെട്ടി പരിശോധന തുടങ്ങി. ശ്രീകുമാര്‍ സര്‍,പുഷ്ക്കരന്‍ സര്‍,രമേശന്‍ സര്‍,അങ്ങനെ എല്ലാരുമുണ്ടായിരുന്നു. പലരുടെയും പെട്ടിയും കൂടും കിടക്കയുമെല്ലാം തുറന്നു വന്നു പലപല കഥകൾ പറയാൻ തുടങ്ങി.

പെട്ടെന്ന് പുഷ്ക്കരന്‍ സാറിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു.
 " എടാ ജിന്‍സ്സാ നിന്നോടല്ലേടാ പെട്ടി തുറക്കാന്‍ പറഞ്ഞെ". 
ഞങ്ങള്‍ നോക്കുമ്പോള്‍ ജിന്‍സണ്‍ നിന്ന് വിറയ്ക്കുന്നു. അവസാനം സര്‍ തല്ലുമെന്നൊരു ഘട്ടം വന്നപ്പോള്‍ മടിച്ചു മടിച്ചു ജിന്‍സണ്‍ പോള്‍ പെട്ടി തുറക്കാന്‍ തുടങ്ങി. ഞങ്ങളെല്ലാം ശ്വാസം അടക്കി നില്‍ക്കുന്നു.എന്തും സംഭവിക്കാം. ഒരു അടിയാണോ അതോ ചീത്തയാണോ. പെട്ടി തുറന്നതും അലാവുദീൻ കഥകളിലെ അത്ഭുതവിളക്കില്‍ നിന്നും ഭൂതം വരുന്ന പോലെ പുകച്ചുരുളുകള്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങി. "എന്തുവാടാ ഇതെ"ന്നും ചോദിച്ചു പുഷ്ക്കരന്‍ സര്‍ ഞെട്ടിയെഴുന്നേറ്റു. ഞങ്ങള്‍ക്ക് ചിരിക്കണോ കരയണോ എന്ന ഭാവം. പുക അടങ്ങിയപ്പോള്‍ ഞങ്ങളുടെ സ്വപ്നം, അതാ പഴക്കുലയുടെ രൂപത്തില്‍.

 "ദേ ശ്രീകുമാര്‍ സാറെ ഇവന്മാര്‍ കൊള്ളാം കേട്ടോ.പഴക്കുലയൊക്കെയാ   പെട്ടിയില്‍".സത്യം പറയെടാ ആരാടാ ഇതിനു പിന്നില്‍? 

അടുത്ത ചോദ്യം ഇതാകുമെന്ന് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഞെട്ടിയില്ല. എല്ലാവരും കുറ്റം വളരെ പെട്ടെന്ന് സമ്മതിക്കുകയും ചെയ്തു. പുഷ്ക്കരന്‍ സര്‍ ഒരു സ്റ്റൂള്‍ വലിച്ചിട്ടു പെട്ടിയുടെ മുൻപിലിരുന്നു .എന്നിട്ട് ഞങ്ങള്‍ നിധി പോലെ കാത്തുവെച്ചിരുന്ന പഴങ്ങള്‍ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ഓരോന്നായി ഉരിഞ്ഞു തിന്നാന്‍ തുടങ്ങി. സര്‍ സ്ഥിരം ക്ലാസ്സില്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് "എന്തുവാടാ"? അപ്പോള്‍ ഞങ്ങള്‍ പറയും "ഒന്നുമില്ല സര്‍". അപ്പോള്‍ സാര്‍ വീണ്ടും ചോദിക്കും "ഒന്നുമില്ലേടാ?" ഒരു വാഴപഴം  പോലുമില്ലേടാ?" ആ ചോദ്യത്തിന് ഞങ്ങളുടെ കൂട്ട ചിരിയായിരിക്കും ഉത്തരം.പക്ഷെ ആദ്യമായി ആ ചോദ്യം സര്‍ വളരെ ഗൌരവമായാണ് ചോദിച്ചിരുന്നതെന്നും സാറിനു വാഴപഴം ഇത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും അന്നാണ് ഞങ്ങള്‍ മനസിലാക്കിയത്.റെയിഡ് കഴിഞ്ഞു അവര്‍ അവരുടെ അടുത്ത ഇരകളെ തേടി  പോയി.ഞങ്ങളുടെ സങ്കടം കാണാന്‍ കുറെ പഴതോലും, ഒന്ന് രണ്ട് പച്ചകായ്കളും പിന്നെ അപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന ഒന്ന് രണ്ട് കഷണം സാമ്പ്രാണി  തിരികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 



8 അഭിപ്രായങ്ങള്‍:

Farhad Hamza പറഞ്ഞു...

ഹോസ്റെലാതുരത്വം തുളുമ്പുന്ന രചന.. നന്നായിട്ടുണ്ട്.

Arjun Bhaskaran പറഞ്ഞു...

പ്രിയ ഫര്‍ഹാദ് വളരെയധികം നന്ദി . ഇനിയും തുടര്‍ന്ന് വായിക്കുക .അഭിപ്രായങ്ങള്‍ എഴുതുക.

പത്ത്-ബിയിലെ പൂതന പറഞ്ഞു...

അപ്പൊ അതായിരുന്നല്ലേ പുഷ്ക്കരന്‍ സാറിന്റെ ചോദ്യത്തിന്റെ അര്‍ത്ഥം? ഇതൊക്കെ ആരറിഞ്ഞു? പന്ത്രണ്ടാം ക്ലാസിലെ ഓര്‍മ്മകള്‍... നന്ദി അണ്ണാ... ഇനിയും പുറത്ത് വരട്ടെ രഹസ്യങ്ങള്‍. കാതുകൂര്‍പ്പിച്ചിരിക്കുന്നു.

Shiljith.AK പറഞ്ഞു...

pazhaya oormakal manassilekku kondu vannathil orupadu nanni...........

@rya പറഞ്ഞു...

Superb story,, udaigiri, orormappeduthal.

Ismail Chemmad പറഞ്ഞു...

റെയിഡ് കഴിഞ്ഞു അവര്‍ അവരുടെ അടുത്ത ഇരകളെ തേടി പോയി.ഞങ്ങളുടെ സങ്കടം കാണാന്‍ കുറെ പഴതോലും, ഒന്ന് രണ്ട് പച്ചകായ്കളും പിന്നെ അപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന ഒന്ന് രണ്ട് കഷണം സാമ്പ്രാണി തിരികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

new പറഞ്ഞു...

പുഷ്ക്കരന്‍ സാറും വാഴക്കൊലയും പിന്നെ കഥയും സൂപ്പര്‍

Unknown പറഞ്ഞു...

നല്ല പോസ്റ്റ്‌. ഒരു അഭിപ്രായമുണ്ട്. എഴുതുമ്പോള്‍ ഖണ്ഡിക തിരിചെഴുതിയാല്‍ സുഖകരമായി വായിക്കാം.ഇനിയും വരാം. എല്ലാ ഭാവുകങ്ങളും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍