ഭാഗം : ഒന്ന്
ചട പടെന്നു ഞാന്‍ റഹീമിനെ വിളിച്ചു.
"ഡാ ഇന്ന് പേപ്പറില്‍ ഒരു പരസ്യമുണ്ട്. മാനേജര്‍ തസ്തികയാ.കോഴിക്കോടാ മച്ചൂ..നീയുണ്ടോ അപ്ലൈ ചെയ്യാന്‍".
"എടാ പഹയാ അത് പിന്നെ ഇജ്ജ് ചോയ്കണോ ശേയ്താനെ ഞമ്മളും ഇണ്ട് അന്റെ കൂടെ". അപ്പുറത്ത് നിന്ന് മറുപടി.
"എടാ പഹയാ അത് പിന്നെ ഇജ്ജ് ചോയ്കണോ ശേയ്താനെ ഞമ്മളും ഇണ്ട് അന്റെ കൂടെ". അപ്പുറത്ത് നിന്ന് മറുപടി.
അങ്ങനെ പിറ്റേ ദിവസം തന്നെ ഞങ്ങള്‍ കോഴിക്കോട് ബസ് കയറി.ബസ് സ്റ്റാൻഡിൽ ഇറങ്ങി എന്റെ വിലപിടിപ്പുള്ള റിലയന്‍സ് (മത്തിയും,റിലയന്‍സ് ഫോണും സഹോദരങ്ങള്‍ ആണെന്നാണ് നാട്ടിന്‍പുറത്തുകാരുടെ ഭാഷ്യം ) കറക്കി വിളിച്ചു.ഒരു പെണ്‍കൊടി മധുരമായി ചോദിച്ചു.
"വാട്ട് കെന്‍ ഐ ഡൂ ഫോര്‍ യു സര് ".
ഞാന്‍ കാര്യം പറഞ്ഞു.പെണ്‍കൊടിയുടെ മധുരം മാറിയെന്നു തോന്നുന്നു.മനസ്സില്‍ വിചാരിച്ചിട്ടുണ്ടാവും. "ചീള് കേസ്" എന്ന്. ഒരുപാട് ഉള്ളിലേക്ക് പോകേണ്ടി വന്നു. പാളയം ബസ് സ്റ്റാൻഡിന് അടുത്ത് ഒരു രണ്ട് നില കെട്ടിടം. അതിനു മുകളിലേക്ക് കയറുമ്പോള്‍ ഞാനും, റഹീമും വെള്ളയില്‍ ചുവന്ന അക്ഷരത്തില്‍ കമ്പനിയുടെ പേര് കണ്ടു. മനസ്സില്‍ ഓളങ്ങള്‍ തിര തല്ലി. ചെന്നു കയറിയപ്പോള്‍ കോട്ടും സൂട്ടുമിട്ട് രണ്ട് മൂന്നു പേര് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കാര്യം പറഞ്ഞു.
"അവിടെയിരിക്കൂ, ഇപ്പൊ വിളിക്കാം". ലിപ്സ്റ്റിക്കൊക്കെ വാരി പൂശിയ സുന്ദരിയായ ഒരു സ്ത്രീ പറഞ്ഞു.
ആദ്യം റഹീമിനെയാണ് വിളിച്ചത്. എന്റെ നെഞ്ച് അല്പാല്പം മിടിക്കാന്‍ തുടങ്ങി.ആദ്യമായി ഒരു ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ പോവുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ റഹീം ചാടി തുള്ളി വരുന്നുണ്ട്.
"കിട്ടിയെടാ".
ഞാന്‍ ഉള്ളിലേക്ക് പോയി.ചോദിച്ച ചോദ്യങ്ങള്‍ക്കോ ഇംഗ്ലീഷില്‍ മറുപടി. മാനേജർ ഹാപ്പി. രണ്ട് പേരോടും പെട്ടിയും കിടക്കയുമായി പിറ്റേന്ന് വരാന്‍ പറഞ്ഞു.ഇനി മുതല്‍ താമസം ഇവിടെ തന്നെ.ഭക്ഷണവും. അങ്ങനെ വളരെയധികം സന്തോഷത്തോടെ ഞങ്ങള്‍ തിരിച്ചു വീട്ടിലേക്ക്.ആദ്യം രണ്ട് പേരും കൂടി എന്റെ വീട്ടിലേക്കാണ് പോയത്. കാര്യങ്ങള്‍ അവതരിപ്പിച്ചു.അന്ന് റഹീം എന്റെ വീട്ടില്‍ നിന്നും ഇറങ്ങി മുറ്റത്തെത്തി തിരിഞ്ഞു നിന്നു അച്ഛനോട് പറഞ്ഞു.
" അച്ഛാ അപ്പൊ നാളെ മുതല്‍ ഞമ്മള് ജീവിക്കാന്‍ പോഗാട്ടോ"..
അച്ഛന് അനുഗ്രഹിച്ചു. "അങ്ങനെയാവട്ടെ".
ഭാഗം: രണ്ട്
പിറ്റേന്ന് വൈകീട്ട് ബാഗില്‍ ആവശ്യമുള്ള സാധനങ്ങളൊക്കെ ആക്കി രണ്ട് പേരും സ്ഥാപനത്തിലേക്ക്. അന്ന് രാത്രി സ്ഥാപനത്തിനുള്ളിലെ ഒരു മുറിയില്‍ സൗജന്യ താമസം. പിറ്റേന്ന് രാവിലെ അതിരാവിലെ എല്ലാവരെയും കുത്തി എഴുന്നേൽപ്പിച്ചു. ഇത് വരെ ഏഴു മണിക്ക് മുന്‍പ് എഴുന്നേറ്റിട്ടില്ലാത്ത ഞങ്ങളെ സംബന്ധിച്ച് അതല്പം ബുദ്ധിമുട്ടായിരുന്നു. എങ്കിലും മാനേജർ ആയി തിരിച്ചു വരാം എന്ന് വീട്ടിൽ പറഞ്ഞിറങ്ങിയതിനാൽ അതും സഹിച്ചു. കുളിയൊക്കെ കഴിഞ്ഞു. രാവിലെ ഒരു മീറ്റിംഗ്. കോണ്‍ഫറന്‍സ് ഹാള്‍ ആണെന്ന് ചിന്തിച്ചാല്‍ തെറ്റി. കിടന്ന മുറിയിലെ പായും തലയിണയും മടക്കി വെച്ചാല്‍ അത് കോണ്‍ഫറന്‍സ് ഹാള്‍. പായ നിവര്‍ത്തിയാല്‍ ബെഡ്രൂം. അങ്ങനെ എല്ലാവരും നില്ക്കുന്ന പോലെ ഞങ്ങളും നിന്നു. എന്തൊക്കെയോ ഇംഗ്ലീഷില്‍ ഒരാള്‍ പറയുകയും മറ്റുള്ളവര്‍ ഏറ്റു പറയുകയും ചെയ്തു. ആദ്യത്തെ ദിവസമായതിനാല്‍ ഞങ്ങള്‍ ഒന്നും ഉരിയാടാതെ നിന്നു. പിന്നെ ക്ലാസ് തുടങ്ങി. ഈ കോണ്‍ഫറന്‍സ് ഹാളില്‍ കസേരയില്ല. നിന്നായിരുന്നു പഠനം. പണ്ട് സാറന്മാര് ശിക്ഷിക്കുമ്പോള്‍ മാത്രമേ ഞങ്ങള്‍ നിന്നു പഠിക്കാറുള്ളൂ. ഒരാള്‍ ട്രെയിനിംഗ് ലീഡര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ക്ലാസ് തുടങ്ങി. എങ്ങനെ മാനേജര്‍ ആകാം എന്നതായിരുന്നു ഉള്ളടക്കം. ഓരോ സ്റ്റെപ്പ് സ്റ്റെപ്പായി കാര്യങ്ങള്‍ വിവരിച്ചു തന്നു. അപ്പോള്‍ മൂന്നു മാസത്തിനുള്ളില്‍ മാനേജര്‍ ആകാം. ഞങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടി.അങ്ങനെ പറഞ്ഞു പറഞ്ഞു ജോലിയില്‍ എത്തി.എന്താണ് ചെയേണ്ടത്?
മാനേജര്‍ പറയാന്‍ തുടങ്ങി.
"നിങ്ങള്‍ക്ക് ട്രെയിനിംഗ് സമയത്ത് നമ്മുടെ പ്രോഡക്ട് വിൽക്കണം. ടാര്‍ഗെറ്റ് അച്ചീവ് ചെയ്യുന്ന മുറയ്ക്ക് നിങ്ങള്‍ക്ക് ജോലി കയറ്റം കിട്ടും.നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം.നിങ്ങള്‍ ഒരു സെയില്‍സ് മാന്‍ അല്ല,മറിച്ച് നിങ്ങളൊരു സെയില്‍സ് എക്സിക്യുട്ടീവ് ആണ്."
അപ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ അല്പം അഹങ്കാരം. "കണ്ണില്‍ കണ്ട ആപ്പ ഊപ്പ സെയില്‍സ് മാന്‍ അല്ല".
മാനേജര്‍ തുടര്‍ന്നു.പിന്നീടു പറഞ്ഞത് എങ്ങനെ പുസ്തകം വില്‍ക്കാം എന്നതിനെ കുറിച്ചാണ്.
"കസ്റ്റമേഴ്സിന്റെ അടുത്ത് നിങ്ങള്‍ പറയണം "ഇതൊരു കമ്പ്യൂട്ടര്‍ പുസ്തകമാണ്. ഇതിന്റെ കൂടെ ഒരു സീഡിയും ഉണ്ട്. ഇതില്‍ വിന്‍ഡോസ് എക്സ് പീ, പവേര്പോയിന്റ്, എക്സെല്‍, ഫോട്ടോഷോപ്പ്, അങ്ങനെ എല്ലാ കോഴ്സുകളും ഉണ്ട്. അതിന്റെ വിവരണങ്ങള്‍ ചിത്രങ്ങളടക്കം സീഡിയില്‍ ഉണ്ട്.ഇതിന്റെ വില 800 രൂപയാണ്.പക്ഷെ കമ്പനിയുടെ പ്രത്യേക ഓഫര്‍ വെറും 400 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കും."
ഇതായിരുന്നു നമ്മള് ആകെ പറയേണ്ട കാര്യം. അങ്ങനെ ഓരോരുത്തരെയും ഗ്രൂപ്പുകൾ ആയി തരം തിരിച്ചു. എന്നെ ഒരു ഗ്രൂപ്പ് ലീഡറുടെ കൂടെയും, റഹീമിനെ മറ്റൊരു ഗ്രൂപ്പ് ലീഡറുടെ കൂടെയും പറഞ്ഞയച്ചു. പലസ്ഥലത്തും കയറിയിറങ്ങി. കോഴിക്കോട്ടെ ചൂടില്‍ നടുറോട്ടിലൂടെ സഞ്ചാരം. ഞങ്ങളെ കാണുമ്പോഴേ ആളുകള്‍ക്ക് ചതുര്‍ഥി കാണുന്ന ഒരു പ്രതീതി. കൊടി കെട്ടിയ സീനിയര്‍ വിചാരിച്ചിട്ടും ഒരൊറ്റ പുസ്തകം പോലും വിറ്റു പോയില്ല. അന്ന് തിരിച്ചു വന്നപ്പോള്‍ എനിക്കും രഹീമിനും കാര്യത്തിന്റെ ഗൌരവം മനസിലാകാന്‍ തുടങ്ങിയിരുന്നു. ഇങ്ങനെ പോയാല്‍ ഈയടുത്ത കാലത്തൊന്നും മാനേജര്‍ പോയിട്ട് അസിസ്റ്റന്റ് മാനേജര്‍ പോലും ആകാന്‍ കഴിയില്ല എന്ന്. ഭക്ഷണം കഴിച്ചു കിടന്നതും ഉറങ്ങി.
പിറ്റേന്ന് കാലത്ത് മാനേജരുടെ പുതിയ അനൗൺസ്മെൻറ്. ഇന്ന് വൈകീട്ടത്തെ തീവണ്ടിക്ക് എല്ലാവരും കോട്ടയത്തേക്ക് പോകുന്നു.
"ദൈവമേ അടുത്ത കുരിശ്". അന്ന് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകൾ എല്ലാം കോഴിക്കോട് ഓഫീസില്‍ ഭദ്രമായി വെപ്പിച്ചു. വീട്ടിലേക്ക് വിളിച്ചു പറയാന്‍ പറഞ്ഞു. അങ്ങനെ രാത്രി ആയപ്പോള്‍ ഞങ്ങള്‍ എല്ലാവരും കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് വണ്ടി വിളിച്ചു പുറപ്പെട്ടു. വല്യ രണ്ട് മൂന്നു ചാക്കും ഉണ്ടായിരുന്നു. പുസ്തകങ്ങള്‍ ആയിരുന്നു അതില്‍ നിറയെ. റെയില്‍വേ സ്റ്റേഷൻറെ മുന്പില് നിന്നും ഞങ്ങളോട് കെട്ടുകളും എടുത്തു നടക്കാന്‍ പറഞ്ഞു. അങ്ങനെ റേഷന്‍ കടയില്‍ നിന്നും അഞ്ചു കിലോ അരി പോലും ചുമന്നു വരാന്‍ ഓട്ടോ വിളിക്കാറുള്ള ഞങ്ങള്‍ പത്തന്‍പത് കിലോ തൂക്കമുള്ള ചാക്കും ചുമന്നു പ്ലാറ്ഫോമിലേക്ക് നടന്നു. അങ്ങനെ ട്രെയിന്‍ വന്നു. ഒരു 12 മണി ആയപ്പോള്‍.ആളുകള്‍ വാതിലിലും ജനലിലുമൊക്കെ തൂങ്ങി കിടക്കുന്നു. അത്ര തിരക്ക്.
"ഇതില്‍ പോവേണ്ട അടുത്ത ട്രെയിനിനു പോകാം.2.30 നു ഒരു ട്രെയിന്‍ ഉണ്ട്". മാനേജർ ആണ്.
അത് കേട്ടതും റഹീം എവിടുന്നൊക്കെയോ കുറച്ചു ന്യൂസ് പേപ്പര്‍ സംഘടിപ്പിച്ചു നിലത്തു വിരിച്ചു. എന്നിട്ട് ഞാനും അവനും അതില്‍ കിടന്നു കൂര്‍ക്കം വലി തുടങ്ങി.കൊതുക് കടിയൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.രാത്രിയുടെ യാമങ്ങളിലെപ്പോഴോ ട്രെയിനില്‍ വലിഞ്ഞു കയറി. പിന്നേം ഉറക്കം. അങ്ങനെ ഞങ്ങള്‍ കോട്ടയത്ത് വണ്ടിയിറങ്ങി.
ഭാഗം: മൂന്ന്
ഒരു വാര്‍ത്ത കെട്ടിടം. ഒറ്റ നിലയില്‍ ഓഫീസ്. രണ്ട് റൂമുകള്‍. ഒന്നില്‍ സ്ത്രീകള്‍, മറ്റൊന്നില്‍ പുരുഷന്മാര്. ഞങ്ങള്‍ക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട്. ആളുകള്‍ എന്ത് പറയും എന്ന ചിന്ത. ഞങ്ങളെ പോലെ വന്നവര്‍. പ്രധാന കാരണം. ഒരു ഹിന്ദി വാല ആയിരുന്നു അവിടുത്തെ മാനേജര്‍. ഞങ്ങളെ പരിചയപ്പെട്ടു. താഴെയുള്ള ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം. ഞങ്ങള്‍ പിറ്റേന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ചു. ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലെല്ലാം പയറ്റി നോക്കി. എങ്ങനെയൊക്കെയോ ഞാന്‍ മൂന്ന് പുസ്തകം വിറ്റു. സത്യത്തില്‍ അവര്‍ക്കും അത്ഭുതമായിരുന്നു. എങ്ങനെ അവരുടെ പുസ്തകം വിറ്റു പോയെന്ന്. വല്ലാത്ത കഷ്ടപാട് തന്നെയായിരുന്നു. ഒരു പരിചയവുമില്ലാത്ത സ്ഥലങ്ങളിലേക്ക് ഒറ്റയ്ക്ക് പറഞ്ഞയക്കും. കയ്യില്‍ ആകെയുണ്ടായിരുന്ന മൊബൈല്‍ വാങ്ങി വെക്കും. കൃത്യം ഭക്ഷണം കഴിക്കാനും ബസില്‍ പോകാനുമുള്ള പൈസ ഉണ്ടാവും. കോട്ടയത്തിനു പരിസരത്തുള്ള ഒട്ടു മിക്ക സ്ഥലങ്ങളും കറങ്ങി. ടാർഗറ്റ് പോയിട്ട് ഒരെണ്ണം പോലും വില്കാന് പറ്റുന്നില്ല. സ്ഥാപനങ്ങളില്‍ ചെന്നു രക്ഷയില്ലെന്നായപ്പോള്‍ വീട് വീടാന്തരം കയറിയിറങ്ങാന്‍ തുടങ്ങി. കള്ളന്മാരാണെന്ന് വിചാരിച്ചോ എന്തോ.വാതില്‍ പോലും വീട്ടുകാര്‍ തുറക്കില്ല. ജനാലയുടെ കര്ട്ടന് മാറ്റി ചോദിക്കും.
"എന്താ'?.
"അല്ല ഒരു പുസ്തകമുണ്ട് "മുഴുവന്‍ പറയുന്നതിന് മുന്‍പേ അവിടുന്ന് പറയും..
"ഇവിടൊന്നും വേണ്ട, രാവിലെ തന്നെ ഇറങ്ങും ഓരോന്നുങ്ങള്."
ഒരു പിച്ചക്കാരന്റെ അവസ്ഥ. അതായിരുന്നു അനുഭവം. അന്ന് തിരിച്ചു നടന്നു അവസാനം ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനു ഉള്ളിലെത്തി.അവിടെ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വന്നതാണത്രേ. ബാംഗളൂരിൽ എഞ്ചിനീയര്‍ ആയി ജോലി ചെയ്തിരുന്ന ഒരു കുട്ടി. നാട്ടില്‍ വന്നു ഇവരുടെ പ്രലോഭനങ്ങളില്‍ പെട്ട് ഇവിടെ കുടുങ്ങി പോയി. ഞാന്‍ ചോദിച്ചു "എങ്കില്‍ പോയ്കൂടെ വീട്ടില്‍"?
അവള് പറയാന്‍ തുടങ്ങി. നാല്പതിലധികം പുസ്തകങ്ങള്‍ വിറ്റു.ഇത് വരെ ഒരു ചില്ലി കാശ് കമ്മീഷന് കൊടുത്തിട്ടില്ലത്രെ. വീട്ടുകാരെ വിളിക്കാനോ, നാട്ടില്‍ പോകാനോ പൈസയുമില്ല. ഞാന്‍ എന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന നൂറു രൂപ ആ പെൺകുട്ടിക്ക് കൊടുത്തു. അന്ന് രാത്രിക്ക് രാത്രി അവളെ ട്രെയിന്‍ കയറ്റി നാട്ടിലേക്കയക്കുകയും ചെയ്തു. അതിന്റെ പിറ്റേന്ന് തന്നെ ഞങ്ങളും പോകാനുള്ള തീരുമാനത്തില്‍ ഇരിക്കുമ്പോള്‍ അതാ അടുത്ത മാരണം.എന്നെ ഈരാട്ടു പേട്ടയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു. സുന്ദരമായ സ്ഥലം.
റഹീം കോട്ടയത്തിനടുത്തും,ഞാന്‍ ഈരാറ്റു പേട്ടയിലും ജോലി തുടര്‍ന്നു. നേര് പറയണമല്ലോ. നല്ല ഒരു കൂട്ടം മനുഷ്യര്‍. അവര്‍ എന്നോടിരിക്കാന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം തന്നു. പുസ്തകങ്ങള്‍ വാങ്ങിയില്ലെങ്കില്‍ കൂടി ഞാന്‍ പറയുന്നത് കേൾക്കാൻ ക്ഷമ കാണിച്ചു. അങ്ങനെ ഏറെ കുറെ എന്റെ ജീവിതം ശാന്തമായി മുന്നോട്ടു പോയി. ദിവസവും കിലോമീറ്ററുകള്‍ നടന്നു.
റഹീം കോട്ടയത്തിനടുത്തും,ഞാന്‍ ഈരാറ്റു പേട്ടയിലും ജോലി തുടര്‍ന്നു. നേര് പറയണമല്ലോ. നല്ല ഒരു കൂട്ടം മനുഷ്യര്‍. അവര്‍ എന്നോടിരിക്കാന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം തന്നു. പുസ്തകങ്ങള്‍ വാങ്ങിയില്ലെങ്കില്‍ കൂടി ഞാന്‍ പറയുന്നത് കേൾക്കാൻ ക്ഷമ കാണിച്ചു. അങ്ങനെ ഏറെ കുറെ എന്റെ ജീവിതം ശാന്തമായി മുന്നോട്ടു പോയി. ദിവസവും കിലോമീറ്ററുകള്‍ നടന്നു.
പക്ഷെ റഹീമിന്റെ ജീവിതം വളരെ വ്യത്യാസമായിരുന്നു. കൂടെയുണ്ടായിരുന്ന സീനിയര്‍ അരിഷ്ട്ടിച്ചു ജീവിക്കുന്ന ഒരു പാവം. പുസ്തകം വിറ്റു കിട്ടാതെ കയ്യില്‍ പൈസയില്ലാത്ത അവസ്ഥ. ഒരു റൂമു പോലും താമസിക്കാന്‍ എടുക്കാതെ, റെയില്‍വേ സ്റ്റേഷനിൽ അന്തിയുറങ്ങി. പിറ്റേന്നും പുസ്തകം വിറ്റില്ല. വിറ്റ പുസ്തകത്തിന് കിട്ടിയതോ ചെക്കും. റഹീമിന് വിശന്നു കുടല് കരിയുന്നു. സീനിയര്‍ ഒന്നും പറയാന്‍ ആകാതെ ഇരിക്കുന്നു. അങ്ങനെ റഹീം ഒരു പള്ളിയില്‍ ഭക്ഷണം ഉണ്ടാക്കികൊണ്ടിരിക്കുന്നത് കണ്ടു. വേഗം പോയി അവിടെ സഹായത്തിനു നിന്നു. അതിനു പകരമായി കിട്ടിയ ബിരിയാണി രണ്ട് പേരും കഴിച്ചു.കഴിച്ചു കഴിഞ്ഞതും റഹീം പറഞ്ഞു.
"എനിക്ക് തിരിച്ചു പോണം.എന്റെ കൂട്ടുകാരനെ കാണണം."
റഹീമിന്റെ മുഖത്തെ ഭാവത്തില്‍ ഇപ്പൊ തന്നെ തല്ലുമെന്ന് തോന്നിയത് കൊണ്ടോ എന്തോ, സീനിയര്‍ എതിര്‍ക്കാനൊന്നും നിന്നില്ല. അവര്‍ തിരിച്ചു യാത്ര തിരിച്ചു. അതേ സമയം തന്നെ ഞങ്ങളും യാത്ര തിരിച്ചിട്ടുണ്ടായിരുന്നു.
ഭാഗം: നാല്
അങ്ങനെ ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി. അവന് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു.
"നമുക്ക് പോകാടാ. ഇത് ശരിയാവില്ല. നായ്ക്കള്‍ നാട്ടുകാരെ മൊത്തം പറ്റിക്കാ. പറ്റിച്ച കാശ് നമ്മക്ക് ബാണ്ടാ".
അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചു.എങ്ങനെയെങ്കിലും പോണം.അന്ന് രാത്രി മാനേജര്‍ റഹീമിനെ റൂമിലേക്ക് വിളിപ്പിച്ചു.
"എന്തിനാ പോണേ ഇവിടെ എന്തിന്റെ കുറവാ"?
"എനിക്ക് പോണം ". റഹീം പറഞ്ഞു.
"അങ്ങനെ പോവാനൊന്നും പറ്റില്ല". മാനേജർ.
റഹീം മെല്ലെ വാതില്‍ ഒറ്റയടയ്കലും കുറ്റിയിടലും കഴിഞ്ഞു.ഉടന്‍ മാനേജര്‍ പറഞ്ഞു.
"നീ പൊക്കോ,കൂട്ടുകാരനോട് പറയണ്ട."
അങ്ങനെ റഹീം അന്ന് എന്റടുത്തെത്തി.എന്നിട്ട് പറഞ്ഞു.
"എന്നോട് പൊക്കോളാന്‍ പറഞ്ഞ്. ഇജ്ജ് ബരണ്ട അനക്ക് നല്ല ഭാവിയുണ്ടെന്നാ മാനേജര്‍ പറഞ്ഞത്."
"ഫാ.. നീ എന്നെ ഒറ്റയ്ക്കിട്ട് പോകുമല്ലേ."ഞാന്‍ ചോദിച്ചു.
അവന് പറഞ്ഞു. "നാളെ രാവിലെ നിന്നേം കൊണ്ട് കന്യാകുമാരി ബ്രാഞ്ചിലേക്ക് പോകാനാ അവരുടെ പ്ലാന്‍. ഞാന്‍ നാട്ടിലേക്കും."
ഞാന്‍ ഒന്നും പറഞ്ഞില്ല.പിറ്റേന്ന് പതിവ് പോലെ രാവിലെ ആരും കുത്തി പൊക്കാന്‍ വരുന്നില്ല. ഞങ്ങള്‍ രണ്ട് പേരും എണീറ്റുമില്ല. അങ്ങനെ കിടന്നു. കന്യാകുമാരിക്ക് പോകേണ്ടവരൊക്കെ പോയി. അങ്ങനെ ഞങ്ങള്‍ എണീറ്റ് പല്ലുതേപ്പും കുളിയും കഴിച്ചു. നോക്കുമ്പോള്‍ കയ്യില്‍ ആകെയുള്ളത് പത്തു രൂപ. എങ്ങനെ കോട്ടയത്ത് നിന്നും മലപ്പുറം എത്തും? അങ്ങനെ എന്റെ സീനിയരെ കണ്ടു. കാലു പിടിച്ചു. അങ്ങനെ അയാള്‍ എന്തോ നൂറു രൂപ എടുത്തു തന്നു. പൊക്കോളാന്‍ പറഞ്ഞു. അയാളെ കെട്ടി പിടിച്ചു ഞങ്ങള്‍ പെട്ടെന്ന് തന്നെ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി. അങ്കമാലി വരെ രണ്ടു പേർക്കും പോകാനുള്ള ടിക്കറ്റ് ശരിയായി. അങ്കമാലിയിലുള്ള ഏട്ടനെ വിളിച്ചു. ഏട്ടന് പൈസയുമായി വന്നു.അങ്ങനെ ഒരു വിധം രണ്ടാളും എന്റെ വീട്ടിലെത്തി. അങ്ങനെ ഭക്ഷണമൊക്കെ കഴിച്ചു റഹീം ഇറങ്ങാറായപ്പോള്‍ അച്ഛന് ചോദിച്ചു.
"റഹീമേ ജീവിതമൊക്കെ തുടങ്ങീലെ"
റഹീമിന്റെ മുഖത്ത് ഒരു കള്ളച്ചിരി പൊട്ടി മുളച്ചു..കൂടെ ഞങ്ങളുടെയും.
സമര്‍പ്പണം:പ്രിയ സെയില്സ്മാന് സുഹൃത്തുക്കള്‍ക്ക്.
12 അഭിപ്രായങ്ങള്‍:
നന്നായി അവതരിപ്പിചിട്ടുണ്ടല്ലോ...അനുഭവം ഗുരു ..അല്ലെ
thanne thanne.......hh
ഇത് ഞാന്‍ പണ്ട് പോസ്റ്റു ചെയ്തതും..ആരും നോക്കാനില്ലാതെ അനാഥ പ്രേതമായി കിടന്നതുമായ ഒരു പോസ്റ്റ് ആണുട്ടോ..വായിക്കുമല്ലോ
പോസ്റ്റിണ്റ്റെ ആദ്യത്തില്‍ തന്നെ പണ്ടെനിക്കു പറ്റിയ ഒരു പറ്റിനെ ഓര്‍മ്മിപ്പിച്ചു. ഇതു പോലൊരു ടാവു പരസ്യം കണ്ട് സെയിത്സ് എക്സ്ക്യൂട്ടീവ് ട്രൈനിയാകാന്, കണ്ഠ കൌപീനമൊക്കെ കെട്ടി ഒരു ദിവസത്തെ അലച്ചില്‍, മതിയാക്കിയെണ്റ്റെ പൊന്നേ. എന്തായാലും നന്നായിരുന്നു. നല്ല പോസ്റ്റ്. നല്ല അവതരണ ശൈലി... ശുഭാശംസകള്‍..
ആസാദ് പണ്ടാരോ പറയാറുള്ള പോലെ ആയിരം അവാര്ഡുകളെക്കാള് ഞാന്‍ വിലമതിക്കുന്നത് അനുഭവസ്ഥരുടെ അഭിപ്രായങ്ങളാണ്..അപ്പൊ ഇജ്ജും കുടുന്ഗീട്ടുണ്ടാല്ലെ ഹമുക്കെ..ഞമ്മള് ബിജാരിച് ഞമ്മള് മാത്രാ ഈ ലോകത്ത് പൊട്ടന് എന്ന്..എന്തായാലും നന്ദി ആസാദ്..
പോടിതട്ടിയെടുത്തത് കൊള്ളാം ..മിക്കവര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കാം ...നന്നായി മാഷേ..
കോട്ടയതൊക്കെ ആള്ക്കാര് വാതില്‍ തുറക്കുകേല എന്ന് പറഞ്ഞത് വെറുതെ അല്ലെ...ഞാന്‍ തുറക്കാരുണ്ടല്ലോ ..ഹി ഹി.
വെറുതെ പറഞ്ഞതാ കേട്ടോ..നന്നായി എഴുതി..ആശംസകള്‍..
നന്ദി ഗ്രാമ മനുഷ്യാ..ഇനിയും തുടര്‍ന്നും വായിക്കുമല്ലോ..അഭിപ്രായങ്ങളും ഈ സുഹൃത്ത് ബന്ധവും നില നിര്തുമല്ലോ..
ഹഹഹഹ, കൊള്ളാം. പക്ഷേ ഞാന്‍ ഒരു കാര്യം പറയട്ടേ, ഞാന്‍ ഈ പണിക്ക് ഒരു രണ്ട് മാസം പോകണം എന്ന് കരുതിയതായിരുന്നു. എന്റെ ഒരു കസിന് ഒരു കൊല്ലം ഇപ്പരിപാടിക്ക് പോയിരുന്നു. ആളുകളെ സംസാരിച്ച് കയ്യിലെടുക്കാനുള്ള പുള്ളിയുടെ കഴിവ് കണ്ടാണ് ഞാന്‍ എണ്ട്രന്സ് റിസള്‍ട്ട് കാത്തിരിക്കുന്നു രണ്ട് മാസം ഇതിന് പോകാമെന്ന് കരുതിയത്. പക്ഷേ എന്റെ പരീക്ഷ കഴിയും മുന്‍പേ സീനിയറിനെ തന്തയ്ക്ക് വിളിച്ച് കസിന് നാട്ടിലെത്തിയതിനാല്‍ എന്റെ മോഹം വെറും മോഹമായി തന്നെ ഇരുന്നു. :( ച്ഛേ ഇതുപോലൊരു ബ്ലോഗ് പോസ്റ്റിനുള്ള വകയാണ് പുള്ളിയുടെ തന്തക്ക് വിളി കാരണം ഇല്ലാതയത്. നഷ്ടബോധം തോന്നുന്നു. :(
ഇത്തരം തട്ടിപ്പുകള്‍ ഇപ്പോഴും പത്രങ്ങളില്‍ കാണാറുണ്ട്.
നന്നായീട്ടോ!
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)