ഇത് പോലൊരു സെപ്റ്റംബർ 2003 ഇൽ അന്നത്തെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്തിയായിരുന്ന സുഷമാ സ്വരാജ് രണ്ടു കുരുന്നുകളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. ബെൻസൺ എന്നും ബെൻസിയെന്നും പേരുള്ള രണ്ടു കുട്ടികൾ. ഒരു സമൂഹത്തിനു മുഴുവൻ ഒരു സന്ദേശം നല്കുന്നതിനായിരുന്നു അത്.
ഒരു പതിറ്റാണ്ടോളം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു ഇവർ. എയിഡ്സ് ബാധിതരായി മരിച്ച സി.കെ ചാണ്ടിയുടെയും, പ്രിൻസിയുടെയും മക്കൾ. മൂന്നും, അഞ്ചും വയസായിരുന്നു അവർക്ക്. മാതാപിതാക്കളിൽ നിന്നും പകർന്നു കിട്ടിയ എയിഡ്സ് എന്ന 'മഹാ'രോഗവുമായി സമൂഹത്തിലേക്കിറങ്ങേണ്ടി വന്ന ഈ പിഞ്ചുകുഞ്ഞുങ്ങളെ കാത്തിരുന്നത് തിക്തമായ അനുഭവങ്ങളാണ്. എയിഡ്സിനെ കുറിച്ച് അധികമൊന്നും ജ്ഞാനമില്ലാതിരുന്ന പൊതുസമൂഹം അവർക്ക് കൈത്താങ്ങാവുന്നതിനു പകരം എല്ലാത്തിൽ നിന്നും അവരെ അകറ്റാൻ മത്സരിക്കുകയാണ് ചെയ്തത്. ഈ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കില്ല എന്ന മറ്റു മാതാപിതാക്കളുടെ സമീപനം അവരുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയെത്തി. വിദ്യാലയങ്ങൾ അവരെ ഏറ്റെടുക്കാൻ മടിച്ചു. അന്നത്തെ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണിക്ക് കുട്ടികളുടെ മുത്തശ്ശൻ ആയ ഗീവർഗീസ് ഒരു നിവേദനം നൽകുകയും ആദ്യ ഘട്ടമെന്ന നിലയിൽ ഒരു സ്വകാര്യ അദ്ധ്യാപകനെ വീട്ടിലിരുന്നു പഠിപ്പിക്കാൻ ഏർപ്പാട് ചെയ്യുകയും, പരീക്ഷകൾ വേറെ വേറെയിരുത്തി എഴുതിക്കുകയും ചെയ്തു. പിന്നീട് ഗവൺമെന്റ് മുൻകൈ എടുത്ത് എയിഡ്സ് ബോധവത്കരണ ക്ളാസുകൾ എടുക്കുകയും ഒരു വിദ്യാലയം ഇവരെ പഠിപ്പിക്കാൻ തയാറാവുകയും ചെയ്തു. ബെൻസി പത്താം തരത്തിൽ എത്തിയപ്പോൾ ഈ ലോകം വിട്ടു പോവുകയും ചെയ്തു.
വർഷങ്ങൾക്കിപ്പുറം മറ്റൊരു പെൺകുട്ടി വാർത്തയിൽ നിറയുന്നു. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ നിന്നും രക്തം സ്വീകരിക്കുകയും എയിഡ്സ് എന്ന രോഗം ഏറ്റുവാങ്ങുകയും ചെയ്തൊരു ഒൻപതു വയസുകാരി. ആശുപത്രി അധികൃതർ അത്തരം ഒരു സാധ്യത തള്ളിക്കളയുന്നുണ്ടെങ്കിലും രക്തബാങ്കുകളിൽ ഇത്തരം ഒരു സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്നാണു ഭാരതത്തിലെ ഒരു വർഷം മുൻപ് വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. എയിഡ്സ് എന്നത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാവുന്ന പലതരം സാങ്കേതികവിദ്യകളും വർഷങ്ങൾക്ക് മുൻപ് തന്നെ നിലവിൽ ഉള്ളപ്പോൾ ഇത്തരം ഒരു വീഴ്ച ഉണ്ടാകുന്നത് തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. 2016 സെപ്‌തംബറിലെ നാഷണൽഎയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കണക്കനുസരിച്ച് 2234 കേസുകളാണ് ഇതേ രീതിയിൽ ഒന്നര വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് രക്തബാങ്കുകളിൽ നിന്ന് രക്തം സ്വീകരിച്ച ഇത്രയും ആളുകൾക്ക് എയിഡ്സ് ബാധ ഉണ്ടായി. ഉത്തർപ്രദേശിൽ (361 ), ഗുജറാത്ത് (292), മഹാരാഷ്ട്ര (276)ഡൽഹി (264)അങ്ങനെ അങ്ങനെ കേരളത്തിൽ (29) എത്രയെത്ര കേസുകൾ. ബഡ്ജറ്റിൽ നീക്കിയിരിപ്പ് കുറവായതിൻറെ പേരിൽ എയിഡ്സ് ബോധവത്കരണ പ്രവർത്തനങ്ങൾ ഗവണ്മെന്റ് കുറച്ചു .ഇത്തരം തെറ്റുകൾ ഉണ്ടാക്കിയ ആശുപത്രികൾക്കെതിരെയും, ജോലിക്കാർക്കെതിരെയും യാതൊരു വിധ നടപടികളും എടുക്കുകയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കൃത്യമായ രീതിയിൽ നിരീക്ഷണങ്ങളും, തെറ്റുപറ്റിയവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുകയും ചെയ്യാൻ സർക്കാരോ, അനുബന്ധ അതോറിറ്റികളോ ശ്രമിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ഇതൊരു വശം.
തങ്ങൾക്ക് തെറ്റു പറ്റിയിട്ടില്ല എന്ന ആശുപത്രിയുടെ വാദം ശരിയെന്ന് സമ്മതിക്കുകയാണെങ്കിൽ എന്താകാം ഇത്തരം ഒരു തെറ്റു പറ്റാനുള്ള കാരണം? ഒന്നുകിൽ രക്തം നൽകിയ ആളിന് അതിനെ കുറിച്ച് അറിവുണ്ടായിരിക്കില്ല. അതുമല്ലെങ്കിൽ അറിഞ്ഞിട്ടും പുറത്ത് പറയാനുള്ള വൈമനസ്യം അല്ലെങ്കിൽ ഭയം. രണ്ടാണെങ്കിലും ഒരാൾ രക്തം ദാനം ചെയ്യാൻ വരുമ്പോൾ അവരുടെ ലൈംഗീക ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാൻ ഉതകുന്ന ഒരു ചോദ്യാവലി രക്തദാതാവിനു നൽകുകയും, രക്തദാതാവ് ഭയമില്ലാതെ അതിനെ കുറിച്ച സത്യസന്ധമായി എഴുതാൻ തയാറാകുകയും ചെയ്യുന്നതാണ് ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും പ്രധാനമാർഗം . സത്യസന്ധമായ തുറന്നു പറച്ചിലുകൾ ഇല്ലാത്തിടത്തോളം ഇത്തരം നിർഭാഗ്യമുഹൂർത്തങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ഒരു ചെറിയ പാകപ്പിഴ ഉള്ള അനുഭവജ്ഞർക്ക്, ശേഷമുള്ള ടെസ്റ്റുകൾ കൂടുതൽ കാര്യക്ഷമമായി നടത്താനും വ്യക്തമായ റിപ്പോർട്ട് ലഭിക്കാനും എളുപ്പമാകും.
എന്തിനും സമൂഹം മേൽക്കൈ എടുക്കേണ്ടതുണ്ട്. ക്യാൻസർ പോലെ, പ്രമേഹം പോലെ ജീവിതകാലം നീണ്ടു നിൽക്കുന്ന, ശരീരത്തിനെ അൽപ്പാൽപ്പമായി തളർത്തുന്ന ഒരു രോഗം മാത്രമായി എയിഡ്സിനെയും കാണണം. ലൈഗീകതയിലൂടെയും, ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്കും ഈ രോഗം പരക്കുമെന്നും, സ്പർശനത്തിലൂടെയോ, ഒരു നോട്ടത്തിലൂടെയോ, സംസാരത്തിലൂടെയോ ഇത് പരക്കില്ലെന്നും ഈ സമൂഹം മനസിലാക്കേണ്ടത് അനിവാര്യമാണ്. അത്തരം രോഗബാധിതർക്ക് അവർക്കാവശ്യമായ പിന്തുണ കൊടുക്കുകയും, അവർ സമൂഹത്തിന്റെ ഭാഗമാണെന്നു അവരെ ബോധ്യപ്പെടുത്തുകയും അവരെ ചേർത്ത് പിടിക്കുകയുമാണ് ഒരു പരിഷ്കൃതസമൂഹം ചെയ്യേണ്ടത്. എങ്കിൽ മാത്രമേ രോഗവിവരം അറിയുന്നവർ രക്തദാനം പോലുള്ള സംരംഭങ്ങളിൽ അവരുടെ അവസ്ഥ വെളിപ്പെടുത്താൻ ധൈര്യം കാണിക്കുകയുള്ളൂ. അങ്ങനെയേ ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കൂ.
മൂന്നര കോടി ജനങ്ങളെ ബാധിച്ചിട്ടുള്ള, 2016 ഇൽ മാത്രം പത്തുലക്ഷം ആളുകളുടെ ജീവൻ എടുത്ത ഈ രോഗം തടയുക എന്നത് മാത്രമല്ല മറിച്ച്, തെറ്റായ മേൽനോട്ടം വഴി എയിഡ്സ് എന്ന അസുഖം പകരുന്നതിനു മറ്റൊരു മാർഗം എന്ന രീതിയിൽ നമ്മുടെ രക്തദാനബാങ്കുകൾ വളരുന്നു എന്ന ആശങ്കയെ തുടച്ചു നീക്കാൻ കൂടി വേണ്ടിയാണ് ആ മാറ്റം.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)