Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ജൂൺ 4, വ്യാഴാഴ്‌ച

കറുത്തവൻ

Print Friendly and PDF




പണ്ട്,

കറുത്ത നാട്ടിലെ നീല കടൽ.. സുന്ദരമായ കടൽ,
ഈ കടലിലൂടെയാണ് പടിഞ്ഞാറൻ കാറ്റിൽ തട്ടിത്തെറിച്ച് പായ്‌വഞ്ചികൾ എത്തിയത്..
ഉച്ചിയിലെ സൂര്യൻ ചെമപ്പ് പടർത്തുന്ന വെളുത്ത മുഖമുള്ളവരെ കണ്ടതും അന്നാണ്. 
കാലങ്ങൾക്കിപ്പുറം കറുത്തവനും കുടുംബവുമിന്ന് കടൽക്കരയിലാണ്.
കുഞ്ഞു തിരകൾ, തെളിഞ്ഞ ആകാശം, ഓടിനടക്കുന്ന ഞണ്ടുകൾ..ഒന്നും ആസ്വദിക്കാനാകുന്നില്ല.
കൈകാലുകളിലും, കഴുത്തിലും ചങ്ങലയാണ്..
മണൽപ്പുറത്ത് ഉറപ്പിച്ച വലിയ മരക്കുറ്റികളിൽ പൂട്ടിയിട്ടിരിക്കുന്നു..
വെള്ളം കിട്ടാതെ ചുണ്ടുകൾ പിടയ്ക്കുന്നുണ്ടായിരുന്നു..വിശന്ന് വയർ ഒട്ടിയിരിക്കുന്നു.. കരയരുതെന്നു അടുത്തിരുന്ന ചാട്ടവാർ പിറുപിറുത്തു.
കപ്പലിലെ ഇരുണ്ടറയിലായിരുന്നു യാത്ര..കൈകളിൽ പങ്കായപിടിയായിരുന്നു.. ക്ഷീണിച്ചു മലരുമ്പോൾ ചാട്ടയടിയായിരുന്നു ഭക്ഷണം..
പലകുറി ജീവനുകൾ സമുദ്രം പൂകി, അവർ ഭാഗ്യവാന്മാർ..
ബാക്കിയുള്ളവർ വെള്ളനാട്ടിൽ വീതം വച്ചെടുത്ത പേരില്ലാത്ത അടിമകൾ..
രാപകലില്ലാതെ പണിയെടുത്തും, കൊല്ലപ്പെട്ടും, പീഡിതരായും, അപമാനിതരായും ദശാബ്ദങ്ങൾ..

ഇന്നലെ,
ഉയർന്ന മുഷ്ടികൾ തച്ചുടയ്ക്കപ്പെട്ടെങ്കിലും ഉയർന്നുയർന്നു കൊണ്ടേയിരുന്നു..
അടിമത്തവും, വർണ-വിവേചനവും തൂത്തെറിഞ്ഞതായി നിയമം കടലാസിൽ എഴുതിയടുക്കി വെച്ചു.
പോലീസ് അകമ്പടിയാൽ ഒരു കറുത്തകുഞ്ഞ് വിദ്യാലയമുറ്റത്തെത്തി..
ജീവിതം മെല്ലെ മെല്ലെ തളിരിട്ടു.. 
പ്രതീക്ഷകൾ, എല്ലാ നിറങ്ങളും ഒരു പോലെ തെളിയുന്നൊരു പുലർകാലചിത്രത്തിലേക്ക്..

ഇന്ന്,
വെളിച്ചത്തിലേക്ക് എത്താൻ ശ്രമിക്കുന്ന ഫ്ലോയിഡുമാരും,   
പകൽ വെളിച്ചത്തിൽ വർണ്ണവെറി നിറച്ച ചൗവിനുകളും..

കടൽ കയറ്റി കൊണ്ട് വന്നവർക്ക് തന്നെ ഫ്ലോയിഡുമാർ ഭീകരജീവികളാണ്, കള്ളനാണ്, ജീവിക്കാൻ അവകാശമില്ലാത്തവരാണ്..
 ഫ്ലോയിഡുമാരെ ഇരകളാക്കാൻ കപടഭയം നടിക്കുന്നവരാണ്..
അവരുടെ പേടികളിൽ കൊല്ലപ്പെടുന്ന കറുത്ത പുഴുക്കൾ, ഫ്ലോയിഡുമാർ..
കാലിനടിയിൽ, ഞെരിഞ്ഞമർന്ന്, അവസാനശ്വാസവും പൊഴിച്ച്!

നാളെ,

മണ്മറഞ്ഞ പായ്ക്കപ്പലിൻ ഇരുൾ വഴിയിൽ ചങ്ങലക്കൂട്ടങ്ങൾ കിലുങ്ങുന്നത് നിങ്ങളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.. 
നിങ്ങൾ ഊറ്റിയ അതിജീവനശ്വാസങ്ങളാൽ ഈ ലോകമൊരിക്കൽ നിറയും..
മായ്ക്കാൻ ശ്രമിച്ചിട്ടും മായാത്ത ചരിത്രങ്ങൾ തികട്ടി തികട്ടി വരും..
കറുത്ത നാട്ടിൽ നിന്നും കവർന്നു കൊണ്ട് വന്ന വിറയാർന്ന മുഖങ്ങൾ ഇരുട്ടിൽ സ്വപ്നങ്ങളിൽ തെളിഞ്ഞു വരും..
വെടിയുണ്ടകൾ തിമിർത്തു പെയ്താലും, കാൽമുട്ടുകൾ ഞെരിഞ്ഞമർന്നാലും കറുത്ത കരങ്ങൾ പറന്നുയർന്നു കൊണ്ടേയിരിക്കും..
ഒരിക്കൽ.. എന്നെങ്കിലുമൊരിക്കൽ എല്ലാ നിറങ്ങളും കൂട്ടിയൊരു ചിത്രം മെനഞ്ഞെടുത്ത് നീ നിന്നോട് തന്നെ ചോദിക്കും..
"കറുത്ത ചിത്രങ്ങളെ പ്രണയിച്ച ഞാനെന്തിനീ കറുത്ത പ്രാണനുകൾ കവർന്നെടുത്തൂ"

   



2013 മേയ് 2, വ്യാഴാഴ്‌ച

ഭാവിയിലേക്ക് അല്പം ചിന്ത

Print Friendly and PDF

ബാല-കൌമാര പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിലെങ്കിലും അച്ഛനമ്മമാര്‍ സദാചാരബോധം അല്പമെങ്കിലും ഇറക്കിവെക്കാന്‍ മനസ്സ് കാണിക്കണം. പീഡനം നടത്തിയവര്‍ക്കെതിരെ ശിക്ഷയ്ക്ക് അലമുറയിടുന്ന ജനത അതെ ഉത്സാഹം കുഞ്ഞുങ്ങളുടെ ബോധവല്കരണത്തിലും കാണിക്കണം. തീര്‍ച്ചയായും തെറ്റ്, ശരി എന്ന രണ്ടു വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രായം മുതല്‍ (അത് ലൈംഗീകതയുടെ തെറ്റ്, ശരി എന്നല്ല ഉദ്ദേശിച്ചത്) ഇത്തരം ബോധവല്‍ക്കരണങ്ങള്‍ തുടങ്ങണം. ലൈംഗീകത എന്താണ് എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. അത് അതെന്താണ് എന്ന് അറിയിക്കേണ്ട പ്രായമാകുമ്പോള്‍ വ്യക്തമായി പറഞ്ഞു കൊടുക്കാം.

പ്രാഥമികമായി വേണ്ടത് ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. അതിനു അനുവദിക്കാന്‍ പാടില്ല, എന്ന രീതിയില്‍ ഉള്ള ഒരു ചിന്ത കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് തന്നെയാണ്. അതിനു പ്രധാന പങ്കു വഹിക്കാന്‍ കഴിയുന്ന വ്യക്തി അമ്മ തന്നെയാണ്. മറ്റുള്ളവര്‍(അത് പരിചിതര്‍ ആയാലും അപരിചിതര്‍ ആയാലും) ഇന്ന ശരീരഭാഗങ്ങളില്‍ തൊടുന്ന, തലോടുന്ന പ്രവണത തെറ്റാണ് എന്നും, അങ്ങനെ ആരെങ്കിലും ചെയ്യുകയോ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്‌താല്‍ ഉടന്‍ അറിയിക്കണം എന്നും (അത് പിതാവായാലും, അമ്മാവന്‍ ആയാലും, അയല്‍വാസി ആയാലും, അദ്ധ്യാപകന്‍ ആയാലും) കുഞ്ഞുങ്ങളെ ധരിപ്പിക്കണം. അല്പം കൂടി മുതിര്‍ന്നവര്‍ ആണ് കുട്ടികള്‍ എങ്കില്‍ ലൈംഗീകത എന്താണെന്നും, അത് ആരോഗ്യപരം ആകുന്നത് എപ്പോള്‍ എന്നും, ആരോഗ്യപരം അല്ലാത്ത പെരുമാറ്റങ്ങള്‍ എങ്ങനെയൊക്കെ എന്നെല്ലാം വ്യക്തമായി അവര്‍ക്ക് പറഞ്ഞു കൊടുക്കണം. അതൊരു കിടപ്പറ രഹസ്യം ആണെന്നും കുഞ്ഞുങ്ങള്‍ അറിഞ്ഞാല്‍ മോശം ആണെന്നും ഒരിക്കലും വിചാരിക്കരുത്.

"പഠിക്കൂ..പഠിക്കൂ" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നതിനിടയില്‍ മറ്റൊരു പ്രധാനകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.  കുട്ടികള്‍ക്ക് വാര്‍ത്തകള്‍ വായിക്കാനും, കാണുവാനും സമയം വേണ്ടുവോളം നല്‍കണം. ഇന്ന് സമൂഹത്തില്‍ എന്തെല്ലാം തരത്തില്‍ കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഏതെല്ലാം മാര്‍ഗത്തില്‍ ആപത്തില്‍ പെടാം എന്നതിനെ കുറിച്ചെല്ലാം കുട്ടികളില്‍ വളരെ എളുപ്പത്തില്‍ ഒരു അവബോധം ഉണ്ടാക്കിയെടുക്കാന്‍ മാധ്യമങ്ങള്‍ക്കാവും. എങ്ങനെ ടെക്നോളജി മനുഷ്യനെ ദോഷമായി ബാധിക്കുന്നു എന്നും മറ്റുമുള്ള വിവരങ്ങളും കുട്ടികള്‍ക്ക് ഇതില്‍ നിന്നും ലഭിക്കും.
********************************************************
"എന്താമ്മേ സെക്സ്?? എന്ന ചോദ്യത്തിന് "കുഞ്ഞുവായില്‍ നിന്നും വരുന്ന വര്‍ത്തമാനം കേട്ടില്ലേ. സ്കൂളില്‍ പോയി പെണ്ണ് കേടു വന്നു " എന്ന് പറയുന്നവര്‍ ആണ് ഭൂരിഭാഗം മാതാപിതാക്കളും.

"എങ്ങനെയാ ഞാന്‍ ഉണ്ടായേ" എന്ന് ചോദിക്കുന്ന കുട്ടികള്‍ക്ക് മിക്ക മാതാപിതാക്കളും പറയുന്ന മറുപടി ഊഹിക്കാമോ??"
അതിങ്ങനെയാണ്..
"അമ്മ ഒരു കുരു വിഴുങ്ങും. അത് മുളച്ച് നീയുണ്ടായി.എന്നിട്ട് ഓപ്പറേഷന്‍ ചെയ്ത് വയറിലൂടെ പുറത്ത് എടുത്തു.അങ്ങനെയാണ് മോന്‍ ഉണ്ടായത് :-)"

 

2013 മാർച്ച് 7, വ്യാഴാഴ്‌ച

കുഴിമാടം തീര്‍ക്കുന്നവള്‍!

Print Friendly and PDF
തുഞ്ചന്റെ താളിയോലയിലും, എഴുത്താണിയിലു-
മാര്‍ത്തവമാകാതെ രക്തം കിനിയുന്നു !

എഴുത്തുപുരയുടെ മുറ്റത്തെ മധുരിക്കും-
 കാഞ്ഞിരത്തിന് കണ്ണുനീര്‍ക്കയ്പ്പ്‌

കാഞ്ഞിരമരത്തിലെ കുഞ്ഞിലയിന്നലെയൊരു തെരുവില്‍-
രാത്രിയൊരു മുള്‍മുരിക്കിനടിയില്‍ ഞെരിഞ്ഞുമുറിഞ്ഞമര്‍ന്നുവത്രേ

ഇന്നമ്മതന്‍ വേദനകടലിലെ  മണല്‍ത്തിട്ടയില്‍-
ജീര്‍ണ്ണിച്ച് പനിച്ച് വിറങ്ങലിച്ച് കിടക്കുന്നു!

അരികത്തൊരു  കിളി പാട്ടു നിര്‍ത്തി തന്‍-
 ചെങ്കൊക്ക് കൊണ്ട് മണ്ണില്‍ കൊത്തി കൊറിക്കുന്നു!

അന്നം തേടുകയല്ല..

മലയാളമണ്ണിന്റെ "ശുക്ലനാറ്റം" കുഴിച്ചു-
മൂടാന്‍ അവളൊരു  കുഴിമാടം തീര്‍ക്കുകയാണ്.



#*മാര്‍ച്ച് 8- ലോക വനിതാ ദിനം 
 
.

2012 ജൂൺ 5, ചൊവ്വാഴ്ച

വെട്ടുകത്തി

Print Friendly and PDF

ന്നലെ ഒരു  കത്തിയുടെ ശവം ഇടവഴിയില്‍ നിന്നും കളഞ്ഞു കിട്ടി,
ആരുടെയോ തലയോട്ടിയില്‍ ആഞ്ഞാഞ്ഞു പതിച്ച്
വക്കുകള്‍ പൊട്ടി മരിച്ച  ഒരു വെട്ടുകത്തി.
ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു..
ചോരയുടെയല്ല.. 
മരവിച്ച മനുഷ്യത്വത്തിന്റെ നാറിയ ഗന്ധം..

 

2011 ഡിസംബർ 3, ശനിയാഴ്‌ച

അണ പൊട്ടുന്നതിനു മുന്നേ അണ പൊട്ടിയ ഒരമര്‍ഷം..!!

Print Friendly and PDF


ചെറുവിടവിലോരോ തുള്ളികള്‍ ഒന്ന് ചേര്‍ന്നൊരു പുഴയായ്‌ ഒഴുകി..

കുത്തൊഴുക്കില്‍ അലമുറകളും, നിലവിളികളുമിന്നലെയെങ്ങോ  മുങ്ങാംകുഴിയിട്ടു പോയ്‌..

ഒരുപിടി മനുഷ്യര്‍തന്‍ സ്വപ്നങ്ങളും, നഷ്ടസ്വര്‍ഗങ്ങളും മണ്ണോടു മണ്ണ് ചേര്‍ന്നു..

ഒരു തുണ്ട് മാംസത്തിനായ് പാതിജീവനില്‍ പല്ല് കോര്‍ക്കുന്ന ശ്വാനനും, 
എത്ര ഉയര്‍ത്തിയിട്ടും ഒരു സ്വാധീനവും ആരിലും ചെലുത്താന്‍ കഴിയാഞ്ഞ ഒരു പ്ലക്കാര്‍ഡും ഇന്ന് വാര്‍ത്തയിലെ "ബ്രേക്കിംഗ് ന്യൂസ്‌"..

ഈറനുണങ്ങാത്ത മണ്ണ് തുളച്ചൊരു പിഞ്ചു വിരല്‍ അമ്മയെ തിരയുന്നുണ്ടായിരുന്നു.

നഷ്ടപെടാഞ്ഞവര്‍ സഹതപിക്കാന്‍ തുടങ്ങിയിരിക്കുന്നു..പ്രതിഷേധം, പൊതുമുതല്‍ നശീകരണം അങ്ങനെ അങ്ങനെ..

അവരുടെ കാല്‍ക്കീഴില്‍ കണ്ണീരോടെയാരും ശേഷിപ്പില്ലാത്തവര്‍..
പ്രകൃതി സ്വയമേ കുഴിതോണ്ടി പുതച്ചവര്‍ വിതുമ്പിയുരയുന്നു..

"മനുഷ്യന്‍ മനുഷ്യനെ തൊട്ടറിഞ്ഞിരുന്നെങ്കില്‍ അവസാനശ്വാസത്തിന് വേണ്ടിയുള്ള കരച്ചില്‍ കാതില്‍ പതിഞ്ഞിരുന്നെങ്കില്‍..
ഞങ്ങളും ഉണ്ടാകുമായിരുന്നീ ലോകത്തിന്നും ഒരു പിടി സ്വപ്നങ്ങളും, പ്രതീക്ഷകളുമായി.."


2011 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ദേഷ്യാനെറ്റ്‌ പ്രധാനവാര്‍ത്തകള്‍: സംസ്ഥാനത്ത്‌ നെറ്റ് കഫേകളില്‍ വന്‍ തിരക്ക് !!!

Print Friendly and PDF
ദേഷ്യാനെറ്റ്‌  പ്രധാനവാര്‍ത്തകള്‍

" സംസ്ഥാനത്ത് ആകമാനം നെറ്റ് കഫേകളില്‍ വന്‍തിരക്ക്
പൂജവെയ്പ്പും അതിനോടനുബന്ധിച്ച എഴുത്തിനിരുത്തലും താളം തെറ്റിയതാണ് കാരണം എന്ന് കൊച്ചിയില്‍ നിന്നുള്ള ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

"ഹലോ ദിനേശ്‌ കേള്‍ക്കാമോ?? എന്താണ് തിരക്കിന്റെ യഥാര്‍ത്ഥ കാരണം?ഒന്ന് വിവരിക്കാമോ??

മൈക്കിന്റെ ഇരമ്പല്‍ 

നിധീഷ്‌...ഇവിടെ പ്രധാന എല്ലാ കഫെകളിലും വന്‍ തിരക്കാണ് അനുഭവപെടുന്നത്. രാവിലെ മുതല്‍ ആളുകള്‍ കുടുംബം ആയാണ് വരുന്നത്. ഏറ്റവും രസകരം ആയ വിഷയം ഓരോരുത്തരും ഓരോ ബ്ലോഗ്ഗര്മാരെയും കൊണ്ടാണ് വരുന്നത്.."

"ഹലോ ദിനേശ്‌ .. ബ്ലോഗര്‍മാരോ?? എന്താണ് ബ്ലോഗര്‍മാരെയും കൊണ്ട് വരുന്നതിന്റെ കാരണം?? കഥാരചന, അടി ഇടി തൊഴി തുടങ്ങിയ പരിപാടികള്‍ ഉണ്ടോ? അതോ ഇനിയീ പഹയന്മാര്‍ എല്ലാം കൂടി ലൈവ് ബ്ലോഗ്‌ മീറ്റ്‌ നടത്താന്‍ ഉള്ള പ്ലാന്‍ ആണോ??

മൈക്ക്‌ ഇരമ്പല്‍ 

"നിധീഷ്‌..തനിക്ക് വിഷമം ഉണ്ട് എങ്കിലും പറയാം.. ഇവിടെ സാമാന്യം സമാധാനപരം ആയ അന്തരീക്ഷം ആണ്.ചെമ്പന്‍ മൂസ, രാജേഷ്‌ജി , മധുബിലാത്തിപട്ടണം, പ്രസാദ്‌കടലാസുപൂവ്, അജി, കോണി, അംജിത്, ഇസ്മായില്‍, കൈസൂ, ഫൈസല്‍, കൂതറ കാഷിം, തുടങ്ങി പ്രമുഖബ്ലോഗര്‍മാര്‍ എല്ലാം എത്തിയിട്ടുണ്ട്..."

"ചേട്ടോ...ഞാന്‍ കാലൂരാന്‍...(ആള്‍ക്കൂട്ടത്തിനിടയില്‍ ആരോ )"

"ഒന്ന് പോടാ.. കാലൂരാന്‍ ഇത്ര ആള്‍ക്കാരുടെ ഇടയില്‍ വരികയോ?? സാത്താനും, കാലൂരാനുമൊക്കെ വന്നാല്‍ ആള്‍ക്കാര്‍ ചുമ്മാ സ്നേഹിക്കോ??

"ഹെലോ ദിനേശ്‌ എന്താണ്??? കേള്‍ക്കുന്നില്ല???

"അയ്യോ ക്ഷമിക്കണം നിധീഷ്‌.. ഇവിടെ പറഞ്ഞത് അവിടെ കേട്ടതാ. ആരോ കാലൂരാന്‍ പറഞ്ഞതാ..കൂടുതല്‍ വിശദാംശങ്ങള്‍ക്കായി നമുക്ക് ഇവിടെ ആഗതന്‍ ആയിട്ടുള്ള ചെമ്പന്‍ മൂസയോടു ചോദിക്കാം. ചെമ്പന്‍ മൂസാക്ക എന്താണ് ഈ തിരക്കിന്റെ കാരണം? താങ്കള്‍ അടക്കം ഉള്ള ബ്ലോഗ്ഗെര്‍മാരും ഈ നാടായ നാട്ടിലെ വീട്ടുകാരും ഇവിടെ കൂടിയിരിക്കുന്നതിന്റെ രഹസ്യം എന്താ??

"എച്ച്കൂസ്മീ..ഒരു മിനിറ്റ്.ക്യാമറ ഒന്ന് മാറ്റി പിടിക്കോ ഇജ്ജ്‌. ഇക്ക ഒന്ന് ഗ്ലാമര്‍ ആകട്ടെ."
(മുടിയൊക്കെ ഒതുക്കുന്നു.ഒരു വളിഞ്ഞ പുഞ്ചിരി)

"ഇക്ക പറഞ്ഞോളൂ"

"അതായത് ഇന്ന് പൂജയാണല്ലോ..എഴുത്തച്ചന്മാര്‍ എല്ലാം സമരത്തില്‍ ആണ്. മണല്‍ വാരല്‍ സര്‍ക്കാര്‍ നിരോധിച്ചത് കാരണം മണല്‍ കിട്ടാന്‍ ഇല്ലത്രേ. പിന്നെ അരിയില്‍ എഴുതിക്കാം എന്ന് വിചാരിച്ചാലോ മുടിഞ്ഞ വിലയും. രണ്ടു രൂപയുടെയും ഒരു രൂപയുടെയും അരിയില്‍ എഴുതാന്‍ നോക്കീട്ടു കുട്ടീടേം, എഴുത്തച്ഛന്റെയും വിരലൊക്കെ ചൊറിഞ്ഞു പൊട്ടീത്രേ!!!"

"അതൊക്കെ ശരി.. അതിനു ഇപ്പൊ എല്ലാരും കൂടെ നെറ്റ് കഫേയില്‍ വന്നിട്ടെന്തു ചെയ്യാനാ??

"ഹ ഹ ഈ പഹയന്മാര്‍ക്ക് ഒന്നും അറിയൂലാ. ഞമ്മല് ബ്ലോഗര്‍മാര് ദിബസോം രണ്ടും മൂന്നും ലേഖനം മലയാളത്തില്‍ എഴുതനോരാ.. എന്ന് ബെച്ചാല്‍ എഴുത്തച്ചന്മാരുടെ അതെ യോഗ്യത ഞമ്മള്‍ക്കും ഉണ്ട്. ഞമ്മള്‍ പിടിച്ചു എഴുതിച്ചാലും കുട്ട്യോള്‍ വിദ്യാഭ്യാസത്തില്‍ നന്നാവും. നല്ല എഴുത്തുകാര്‍ ആകും. മിനിമം ഒരു കൂതറ ബ്ലോഗിന്‍റെ ഉടമയെങ്കിലും ആകും.!!

"അല്ലിക്കാ അപ്പൊ ഇങ്ങള് മണലും, അരീം ഹോള്‍സൈല്‍ ഇറക്കാണോ??

"ശെടാ.. ഇജ്ജി ലോകത്തൊന്നുമല്ലേ?? ഞമ്മള്‍ക്ക് എഴുതിപ്പിക്കാന്‍ മണലും, അരിയും ഒന്നും വേണ്ട. ഗൂഗിള്‍ ഞമ്മക്ക്‌ ഫ്രീ ആയിട്ട് തരണ എഴുത്ത് പലക ഉണ്ട്..ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍!! 

"ഞമ്മ ആദ്യം കസേരെമേ ഇരിക്കും. എന്നിട്ട് കുട്ടീനെ മടീല്‍ ഇരുത്തും..പിന്നെ കൈ പിടിച്ചു കീബോര്‍ഡില്‍ "ha= ഹ , ri= രി , sree= ശ്രീ... ഗണപതയെ നമഹാ... എന്നങ്ങ് എഴുതിക്കും. ഇത് മാത്രല്ലാട്ടോ..ഈ വര്‍ഷം എഴുത്തിനു ഇരുത്തുന്ന എല്ലാ കുട്ടികളുടെം മാതാപിതാക്കള്‍ക്കും സ്വന്തമായി അതും സൌജന്യം ആയി രണ്ടു ബ്ലോഗും ഒരു ഫേസ്‌ബുക്ക്‌ അക്കൌണ്ടും, ഗൂഗിള്‍ പ്ലസ്‌ അക്കൌണ്ടും നിര്‍മിച്ചു നല്‍കും".. പിന്നെ ഞമ്മടെ ചെമ്പന്റെ ഉടായിപ്പുകള്‍ എന്ന ബ്ലോഗ്‌ ഐഡീം.. ഹി ഹി "

"ക്ഷമിക്കണം നിധീഷ്‌..എന്റെ പെങ്ങളുടെ കുട്ടിയെ എഴുത്തിനിരുത്താന്‍ ഒരു ബ്ലോഗറെ തപ്പാന്‍ പോകാനും, ഇവിടെ വരി നില്‍ക്കാനും ഉള്ളതിനാല്‍ തുടരുന്നില്ല. കൊച്ചിയില്‍ നിന്നും അച്ചി വേണ്ടാത്ത ദിനേശ്‌ പുളിമൂട്ടില്‍."

"നീ പോ മോനെ ദിനേശാ...നമുക്ക് തിരിച്ചു വരാം..നെറ്റ് കഫേകളില്‍ എഴുത്തിനിരുത്ത് എന്ന പുതിയ ഒരു  സമ്പ്രദായത്തിന് നാം സാക്ഷികള്‍ ആയികൊണ്ടിരിക്കുന്നു. പത്ത് വര്‍ഷം കഴിഞ്ഞു ഈ കുട്ടികള്‍ ആരാകും എന്ന് നമുക്ക് കാത്തിരുന്നു കാണാം. അത്രയും കാലം ആരും എന്നെ തല്ലിക്കൊന്നില്ലെങ്കില്‍ ആ വാര്‍ത്തയുമായി വീണ്ടും കാണാം. അത് വരെ ഒരു ഇടവേള..

സ്വന്തം നിധീഷ്‌ 

വാല്‍കഷണം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ തികച്ചും യാധര്‍ശ്ചികം  മാത്രം.



2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

പ്രിയ ബാപ്പുവിന് സ്നേഹപൂര്‍വ്വം..

Print Friendly and PDF
ങ്ങനെ മറ്റൊരു ഗാന്ധി ജയന്തി കൂടി എന്നത്തേയും പോലെ കടന്നു പോകുന്നു. 1869 ഒക്ടോബര്‍ രണ്ടാം തീയതി പോര്‍ബന്ദര്‍ എന്ന സ്ഥലത്ത് ജനിച്ച മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി. ഗ്രാമങ്ങളെ സ്നേഹിച്ച, തന്റെ ജീവിതത്തെ തന്നെ മറ്റുള്ളവര്‍ക്കൊരു പാഠം ആക്കി കാണിച്ചു കൊടുത്ത, ജീവിതത്തെ ലാളിത്യം കൊണ്ട് പൊതിഞ്ഞ, ഒറ്റമുണ്ടുടുത്ത ഫക്കീര്‍... നമ്മുടെ പ്രിയ ഗാന്ധിജിയുടെ ജന്മദിനം...സ്ഥാനമാനങ്ങള്‍ ഒന്നും തന്നെ ഏറ്റെടുക്കാതെ സ്വാതന്ത്രം ആഘോഷിച്ച, സാധാരണക്കാരുടെ രാഷ്ട്രപിതാവ്. വിഭജനകാലഘട്ടത്തിന്റെ ബാക്കി പത്രം എന്നവണ്ണം ഗോഡ്സേ എന്ന മനുഷ്യന്‍ ഉതിര്‍ത്ത വെടിയുണ്ടകളില്‍ അവസാനിച്ച ജീവിതം. 
മരണശേഷം കാക്ക കാഷ്ട്ടിച്ച കറുത്തിരുണ്ട പ്രതിമകളിലും ചിത്രങ്ങളിലും, വര്‍ഷാവര്‍ഷം കൊണ്ടാടുന്ന ജനന, മരണ ദിനാചരണ ചടങ്ങുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇരുണ്ട ഓര്‍മ്മകള്‍. രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ചു വീടും വീട്ടുകാരും അവരുമായുള്ള സന്തോഷങ്ങളും ത്യജിക്കേണ്ടി വന്ന സ്വാതികന്‍. 
അലഹാബാദില്‍ വെച്ചാണ്;കൃത്യം ആയി പറഞ്ഞാല്‍ നെഹ്രുവിന്റെ വീടായ "ആനന്ദഭവനില്‍ നിന്നും ആണ് ഗാന്ധിജിയുടെ  " എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍" എന്ന ആത്മകഥ വാങ്ങിച്ചത്. അത് വായിച്ചതും ഗാന്ധിയോടുള്ള സമീപനത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. അദേഹത്തിലെ മനുഷ്യനെ അറിഞ്ഞു തുടങ്ങിയത് അന്നാണ്. അന്ന് തൊട്ടു ഇന്നോളം ആ സമീപനത്തില്‍ മാറ്റവും വന്നിട്ടില്ല. പലരും പലതരത്തിലും അദേഹത്തിന്റെ പ്രവര്‍ത്തികളെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും പലപ്പോഴും നിന്ദിക്കുകയും ചെയ്യുമ്പോളും എന്റെ മനസ്സില്‍ അദേഹം എന്നും ഒരു ആരാധ്യപുരുഷന്‍ ആയിരുന്നു. ലാത്തിയടികള്‍ ഏറ്റപ്പോഴും, കാരാഗൃഹത്തില്‍ കിടന്നപ്പോഴും സംയമനത്തോടെ അതിനെയെല്ലാം തരണം ചെയ്യുകയും, ലക്ഷകണക്കിന് വരുന്ന ജനങ്ങളെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അണിനിരത്തുകയും ചെയ്തു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസാരകാര്യം ആയി തോന്നിയിട്ടെ ഇല്ല.
ഇത്രയൊക്കെ പറഞ്ഞെങ്കിലും ഞാന്‍ അടക്കം ഉള്ള ഭാരതപൌരന്മാര്‍ ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അദേഹം വിഭാവനം ചെയ്ത ഒരു ലോകത്തിന് എതിരെ തന്നെയാണ്. മതവിദ്വേഷവും, ജാതിപോരും, അക്രമവും, ലഹളകളും കൊടികുത്തി വാഴുന്നു. "പാപത്തിനെ സ്നേഹിക്കരുത്;പാപിയെ സ്നേഹിക്കൂ" എന്ന് പറഞ്ഞ മഹാന് നാം നല്‍കുന്നത് ഒരു പിടി പാപങ്ങള്‍ തന്നെ. ഗ്രാമങ്ങള്‍ ഓരോന്നായി അവസാനിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിയും രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. രാജ്യത്തിന്റെ വികസനം കുഞ്ഞുങ്ങളില്‍ തുടങ്ങണം എന്ന് പറഞ്ഞ അദേഹത്തിന്റെ വാക്കുകള്‍ ലക്ഷകണക്കിന് വരുന്ന നിരക്ഷരരും, കൂലി പണി ചെയ്യുന്നവരുമായ കൊച്ചു പൈതങ്ങളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും. എങ്കിലും ഒരു കാര്യത്തില്‍ അദേഹം പറഞ്ഞ ഒരേ ഒരു കാര്യം നമ്മുടെ നാട്ടില്‍ എല്ലാവരും അക്ഷരം പ്രതി അനുസരിക്കുന്നുണ്ട്. എന്താണെന്നല്ലേ 

"Freedom is not worth having if it does not include the freedom to make mistake"

തെറ്റുകള്‍ ചെയ്യാന്‍ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന പദത്തിന് അര്‍ത്ഥപൂര്‍ണത കൈവരില്ല എന്നാണു  ഗാന്ധിജി അഭിപ്രായപെട്ടത്‌. അത് മുറുകെ പിടിച്ചത് കൊണ്ടോ എന്തോ, നമ്മുടെ നാട്ടില്‍ സ്വാതന്ത്രം എന്നാല്‍ തെറ്റുകള്‍ ചെയ്യാന്‍ ഉള്ള അവകാശം ആയി ആളുകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെയല്ലേ ഈരോം ശര്‍മിളമാര്‍ക്കും, അന്നാ ഹസാരെമാര്‍ക്കും സ്വാതന്ത്ര്യഭാരതത്തില്‍ നിരാഹാരം കിടക്കേണ്ട ഗതികേട് വന്നത്.

എങ്കിലും ബാപ്പു ഞാന്‍ അങ്ങയോട് കൃതാര്‍ത്ഥന്‍ ആണ്. ജീവിതം ഇത്രയേറെ സ്വാതന്ത്ര്യത്തോടും സമാധാനത്തോടും ജീവിക്കാന്‍ എനിക്ക് കഴിയുന്നത് അങ്ങും, അങ്ങയെപ്പോലെ സ്വാതന്ത്ര്യത്തിനു വേണ്ടി സകലതും ത്യജിച്ച ആയിരക്കണക്കിന് ആത്മാക്കളുടെ നിസ്വാര്‍ഥമായ ജീവത്യാഗം കൊണ്ടാണ്. ഈ ദിനത്തില്‍ മാത്രം അല്ല മറിച്ച് ഭാരതം എന്ന രാഷ്ട്രം നിലനില്‍ക്കുന്നിടത്തോളം ജനഹൃദയങ്ങളില്‍ അങ്ങും അങ്ങയുടെ ഓര്‍മകളും നിറഞ്ഞു നില്‍ക്കും. എവിടെയാണ് അങ്ങിപ്പോള്‍ എന്നറിയില്ല. എങ്കിലും എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ അങ്ങേക്ക് നേരുന്നു.

"ഒരായിരം പിറന്നാള്‍ ആശംസകള്‍ പ്രിയ ബാപ്പു.. "


2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യദിന പുലരിയിലൊരു രക്തസാക്ഷി ചിരിക്കുന്നു..!!!

Print Friendly and PDF
ന്ന് പള്ളികൂടത്തില്‍ സ്വാതന്ത്ര്യദിനം ആണ്.പ്യൂണ്‍ ഗോപാലേട്ടന്റെ കൂടെ അവള്‍ ആ പള്ളിക്കൂടത്തിന്റെ പടി കയറി വന്നു. വന്നയുടന്‍ ഉപ്പുമാവും കഞ്ഞിയുമെല്ലാം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ജാനകി ഏടത്തിയോട് അവളെ നോക്കാന്‍ പറഞ്ഞു ഗോപാലേട്ടന്‍ മറ്റു തിരക്കുകള്‍ക്കിടയില്‍ പോയി.കുട്ടികള്‍ മെല്ലെ മെല്ലെ പള്ളിക്കൂടത്തിലേക്ക് വന്നു തുടങ്ങി. അവളെ കണ്ടതും കൊച്ചു കുട്ടികള്‍ വരാനും തോണ്ടാനും, പിച്ചാനും തുടങ്ങി. കുട്ടികള്‍ കാണാതിരിക്കാനും കൂടുതല്‍ ശല്യം ചെയ്യാതിരിക്കാനും ജാനകി ഏടത്തി എന്ത് ചെയ്തെന്നോ? അവളെ കട്ടിയുള്ള ഒരു തുണി കൊണ്ട് അങ്ങ് മൂടി.നാല് വശവും തുണി. അകത്തു കുറ്റാകൂരിരുട്ട്. അവള്‍ക്കു ശ്വാസം മുട്ടാന്‍ തുടങ്ങിയിരിക്കുന്നു. എത്ര നേരം ആയി ഇങ്ങനെ ഇതിനുള്ളില്‍. പുറത്തു എല്ലാവരും സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ തയാറെടുക്കുന്നു. താന്‍ മാത്രം ഇങ്ങനെ ഈ തുണിക്കുള്ളില്‍ വീര്‍പ്പുമുട്ടി...മേലാസകലം മൂടിയ തുണി മെല്ലെ തള്ളി മാറ്റാന്‍ അവള്‍ ശ്രമിച്ചു. ജാനകി ഏടത്തി എന്ത് കൊണ്ടോ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒരു രക്ഷയും ഇല്ല. പുറത്തു എന്തൊക്കെയോ കരഘോഷങ്ങളും പ്രസംഗവും നടക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചും, ഗാന്ധിയെ കുറിച്ചും സ്വാതന്ത്ര്യം നേടാന്‍ ജീവന്‍ ബലി കഴിച്ച ആയിരക്കണക്കിന് ആളുകളെ കുറിച്ചും വാ തോരാതെ ഘോരഘോരം  പ്രസംഗം നടക്കുന്നുണ്ട്. കുട്ടികളുടെ ദേശഭക്തി ഗാനവും തുടങ്ങി. 
പുറത്തു ആരോ വിളിച്ചു കൂവുന്നത് അവള്‍ വ്യക്തം ആയി കേട്ടു.


")))))))))അറ്റന്‍ഷന്‍.. സല്യൂട്ട്...))))))))"


തനിക്കെന്തു പറ്റി ?? തന്റെ ഭാരം നഷ്ട്ടപെടുന്നോ? അവള്‍ തുണിയുടെ മുകളില്‍ ഒരു പിടിവള്ളി തേടി അലഞ്ഞു. ഭൂമിയില്‍ നിന്നും ഉയര്‍ന്നുയര്‍ന്നു പോകും പോലെ. പുറത്തു താളത്തില്‍ കൊച്ചു കുട്ടികള്‍ കൈ അടിക്കുന്നു. കയ്യടികള്‍ക്കൊപ്പം താനും ഉയര്‍ന്നുയര്‍ന്നു പോകുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു. ഇളക്കം നിന്നു. ഇനിയെന്ത് എന്ന മട്ടില്‍ അവള്‍ ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അവളെ മൂടിയ തുണി മലര്‍ക്കെ തുറന്നു.പ്രാവിന്‍ പറ്റങ്ങള്‍ പറന്നിറങ്ങും പോലെ അവളുടെ ഇതളുകള്‍ ഇളം കാറ്റില്‍ തട്ടി തട്ടി താഴേക്കു ഒരു മഴപോലെ പൊഴിഞ്ഞു വീഴാന്‍ തുടങ്ങി..തന്റെ അവസാന ശ്വാസം ഉള്ളിലെക്കെടുത്ത്, ലഡുവിനു വേണ്ടി തിരക്കിട്ടോടുന്ന കുട്ടിക്കാലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്നതിനു മുന്‍പ്‌ അഭിമാനത്തോടെ അവള്‍ കണ്ടു..ആകാശത്ത് പാറിപറക്കുന്ന ആ ത്രിവര്‍ണ പതാക.


വായുവിലൂടെ അപ്പോഴും ഒഴുകി വരുന്നുണ്ടായിരുന്നു.


"സാരെ ജഹാന്‍സെ അച്ഛാ..ഹിന്ദോ സിതാം ഹമാരാ..ഹമാരാ..സാരെ ജഹാന്‍സെ അച്ഛാ.."


വാല്‍ക്കഷണം : ഇത് പോലെ ഭാരതത്തെ കൊള്ളയടിക്കാന്‍ വന്ന വിദേശികളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരായിരം ഇതളുകള്‍ നമുക്ക് നല്‍കിയ വസന്തം ആണ് ഈ സ്വാതന്ത്ര്യം. നമുക്കിനിയും സ്വാതന്ത്ര്യം കിട്ടിയോ എന്ന് സംശയിക്കുന്ന ഓരോരുത്തരോടും കിട്ടി എന്ന് ഉറപ്പിച്ചു പറയാന്‍ നമുക്കാവണം. അതിനു വേണ്ടത് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം അതിന്റെ എല്ലാ മഹത്വത്തോടും കൂടി ഉപയോഗിക്കുക എന്നത് തന്നെ. തന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ ഹിതത്തിന് ഉപയോഗിക്കുമ്പോഴാണ് ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍ ആകുന്നത്. സാഹോദര്യത്വത്തോടും, സമാധാനത്തോടും നമുക്ക് ഈ ദിനം ആഘോഷിക്കാം. നമ്മുടെ ഐക്യത്തെ തുരംഗം വയ്ക്കുന്ന ദുഷ്ട്ശക്തികള്‍ക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി പോരാടാം. 


ല്ലാവര്ക്കും എന്റെ "സ്വാതന്ത്ര്യ ദിനാശംസകള്‍"




മറ്റു ചില സ്വാതന്ത്ര്യ ദിന പോസ്റ്റുകള്‍ 
  1. ഫ്രീഡം ഫ്രീഡം (ചില്ലുകൊട്ടാരം)
  2. ടൊബാ ടെക് സിംഗ് (സെയ്നോക്കുലര്‍)
  3. ഫ്രീഡം വേണം പരേഡ്‌ വേണ്ട(പരപ്പനങ്ങാടന്‍)
  4. സ്വാതന്ത്ര്യത്തിന്റെ കയ്പ്പ്‌ (വേനല്‍ പക്ഷി)
  5. അത് കൊണ്ട് ഞാന്‍ എന്റെ ഇന്ത്യയെ പെരുത്ത്‌ സ്നേഹിക്കുന്നു.(ജാഡലോ(ട)കം)
  6. സ്വാതന്ത്ര്യ ദിനത്തില്‍ അഭിമാനിക്കുന്ന ഇന്ത്യക്കാരന്‍ അറിയാന്‍(ചെകുത്താന്‍)
  7. സ്വാതന്ത്ര്യ ദിനാശംസകള്‍ (വോയിസ്‌ ഓഫ് ചേരാപുരം യു പി എസ് )
  8. നവോദയയിലെ സ്വാതന്ത്ര്യ ദിനങ്ങള്‍ (അമ്പട ഞാനേ)


2011 ജൂലൈ 25, തിങ്കളാഴ്‌ച

ദശാവതാരം ആയി ശോഭന- ഒരു സുന്ദര സായാഹ്നം !!

Print Friendly and PDF

ശ്രീമാന്‍ "മൊട്ട മനോജേട്ടന്റെ സ്വന്തം ബ്ലോഗില്‍ "പത്മശ്രീ ശോഭന ആദ്യമായി ആഫ്രികയില്‍വരുന്നു " എന്ന ലേഖനം നിങ്ങളൊക്കെ വായിച്ചു കാണുമല്ലോ. മലയാളി കൂട്ടായ്മ ആയ കലാമണ്ഡലം സംഘടിപ്പിച്ച ആ പരിപാടി ഇന്നലെ ദാരുസലാം പട്ടണത്തില്‍ വെച്ച് നടന്നു. അത്യന്തം ഭംഗിയേറിയ നൃത്ത ചുവടുകളുമായി, പ്രായത്തേയും വെല്ലി തന്റെ വിദ്യാര്‍ത്ഥികളുടെ കൂടെ ഏകദേശം രണ്ടു മണിക്കൂറോളം ശോഭന മലയാളികളുടെ കൂട്ടായ്മയ്ക്ക് മുന്നില്‍ ചെലവഴിച്ചു.     
          ക്കാ ക്ലാസിക്കല്‍ നൃത്തത്തില്‍ തുടങ്ങി പഴയ ഹിന്ദി സംഗീതത്തിനും, കൃഷ്ണനെ പ്രകീര്‍ത്തിക്കുന്ന തമിഴ്‌ ഗാനത്തിനും, എന്തിനു പറയുന്നു എ ആര്‍ റഹ്മാന്റെ "വന്ദേമാതരം" എന്ന ആല്‍ബതാളത്തിനും ഒപ്പം ശോഭന ചുവടു വെച്ചു. ഗുരുവാണോ, ശിഷ്യകളാണോ കൂടുതല്‍ നല്ലത് എന്ന് തിരിച്ചറിയാന്‍ ആവാത്ത വിധം ചടുലമായി തന്നെ ചുവടുകള്‍ വെച്ചായിരുന്നു പരിപാടിയുടെ മുന്നേറ്റം.
ദ്യത്തെ ക്ലാസ്സിക്‌ നൃത്തങ്ങള്‍ അത്ര മനസിലായില്ലെങ്കിലും ചിലതെല്ലാം വളരെ നന്നായി ആസ്വദിക്കാന്‍ സാധിച്ചു. കുണ്ഡലി എന്ന നാഗത്തെ ഉണര്‍ത്തുവാന്‍ ചെയ്യുന്ന ചടുല നൃത്തം, ശിവനെയും, വിഷ്ണുവിനെയും വന്ദിക്കുന്ന മറ്റൊരു നൃത്തം, കണ്ണന്റെ കുറുമ്പുകള്‍ അതെ പടി പകര്‍ത്തിയ മറ്റൊരു നൃത്തം അങ്ങനെ പോകുന്നു ഭാഗങ്ങള്‍ .
 ന്നിരുന്നാലും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതും പരിപാടിയിലെ അവസാന ഇനവുമായ ദശാവതാര അവതരണം ആയിരുന്നു. ദശാവതാരത്തെ, ജീവന്റെ ഉല്‍പത്തിയുമായി ബന്ധിപ്പിക്കുക എന്ന ശ്രമകരമായ ഒരു ദൌത്യം. പരിപാടി തുടങ്ങുന്നതിനു മുന്‍പേ ദശാവതാരങ്ങളെയും, ഡാര്‍വിന്റെ മനുഷ്യ പിറവി സങ്കല്‍പത്തെയും ഇഴ ചേര്‍ത്ത് എന്താണ് അവര്‍ ചെയ്യാന്‍ പോകുന്നത് എന്ന്  ശോഭന വിവരിച്ചിരുന്നു. അതിങ്ങനെയാണ്.
" മഹാവിഷ്ണു പത്തു അവതാരങ്ങള്‍ കൈകൊണ്ടു എന്നാണു സങ്കല്പം. അതില്‍ മത്സ്യം എന്നത് ആദ്യത്തെ അവതാരവും. മത്സ്യത്തെ പ്രപഞ്ചത്തില്‍ രൂപം കൊണ്ട ആദ്യ ജീവി അഥവാ വെള്ളത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ജീവിയായി സങ്കല്പ്പിച്ചിരിക്കുന്നു. അതായത് ആദ്യ ജീവന്‍ വെള്ളത്തില്‍ ആണത്രേ ഉണ്ടായത്. രണ്ടാമത്തെ അവതാരമായ കൂര്‍മം (ആമ) ജലത്തിലും, കരയിലും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന ഒരു ജീവി(amphibian). അതായത് ജല ജീവനെയും, കര ജീവനെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി.
     മൂന്നാമത്തെ അവതാരം വരാഹം(കാട്ടുപന്നി ), കരയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന അത്ര പൂര്‍ണ്ണത കൈ വന്നിട്ടില്ലാത്ത ഒരു ജീവി. നരസിംഹത്തെ പൂര്‍ണത കൈവന്ന ആദ്യ മുഴുജീവി ആയും, കുള്ളന്‍ ആയ വാമനനെ മാനവ പിറവിയുടെ ആദ്യഘട്ടം ആയും നൃത്തത്തില്‍ സങ്കല്‍പ്പിക്കുന്നു. പരശുരാമനെ പ്രകൃതിയോടിണങ്ങി മാറ്റങ്ങളൊന്നും കാര്യം ആയി ബാധിചിട്ടില്ല്ലാത്ത ഒരു മാനവ സമൂഹത്തിന്റെ വക്താവായും ഉപമിക്കുന്നു. രാമന്റെ  കാലഘട്ടത്തെ കുരങ്ങന്മാരും, മനുഷ്യനും തമ്മിലുള്ള ബന്ധം വിവരിക്കാന്‍ ഉപയോഗിക്കുന്നു. കൃഷ്ണന്റെ കാലഘട്ടത്തെ ഒരു പുതു മനുഷ്യ സമൂഹത്തെ വരച്ചു കാട്ടാന്‍ ഉപയോഗിക്കുന്നു". 
       വയെല്ലാം വളരെ മനോഹരം ആയി സാധാരണക്കാര്‍ക്ക് മനസിലാവുന്ന രീതിയില്‍ സമന്യയിപ്പിക്കാന്‍ ശോഭനയ്ക്ക് കഴിഞ്ഞു. പാലാഴി കടയുന്നതും, കൂര്‍മമായി പര്‍വതത്തെ താങ്ങി നിര്‍ത്തുന്നതും, നരസിംഹം ആയി വന്നു ഹിരണ്യകശിപുവിനെ വധിക്കുന്നതും, ശ്രീരാമ- സീതാ സ്വയംവരവും, പൂതനാ വധവും, കാളിയ മര്‍ദനവും, ഗീതോപദേശവും  എല്ലാം ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചിടാന്‍ ശോഭനയ്ക്കും, കുട്ടികള്‍ക്കും കഴിഞ്ഞു. 
തന്റെ ജീവിതം മുഴുവനായും നൃത്തം എന്ന ദൈവീക കലയ്ക്ക്‌ വേണ്ടി ഉഴിഞ്ഞു വെച്ച കലാകാരിക്കുള്ളത് തന്നെയാണ് ഇതിന്റെ മുഴുവന്‍ അംഗീകാരവും. ശോഭനയ്ക്ക് എന്റെ വക നൂറില്‍ നൂറ്റൊന്നു മാര്‍ക്ക് 


ഇനി കാര്യത്തില്‍ അല്പം കളി 


എന്റെ സി ഡി യാണ് കേട്ടോ ഒപ്പിട്ടു കൊണ്ടിരിക്കുന്നത്. എനിക്ക് ആദ്യമായി കിട്ടിയ ഒരു കയ്യൊപ്പ്‌.
ഒപ്പ് ചാര്‍ത്തിയ സിഡി..ഇതൊന്നും വല്യ സംഭവം അല്ല എന്ന് തോന്നാം. പക്ഷെ എനിക്കീ പറയുന്ന ആളെ വളരെ ഇഷ്ട്ടമാ 


 ചുരുക്കി പറഞ്ഞാല്‍ ഒരു സുന്ദര സായാഹ്നം !!






കൂടുതല്‍ ഫോട്ടോകള്‍ക്കും, വാര്‍ത്തകള്‍ക്കും ഇവിടെ ക്ലിക്കൂ .. "മൊട്ടമനോജ് ബ്ലോഗ്‌ "

previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍