വായന തുടങ്ങിയിട്ട് കൃത്യമായി ഇരുപത്തിനാലു കൊല്ലങ്ങൾ ആയി. അമ്മയുടെ നഴ്സറിയിലെ അ, ആ, ഇ,ഈ,... അക്ഷരമാലാ പുസ്തകത്തിൽ തുടക്കം. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീടിനു പുറകിലെ റഷീദ് ഇക്ക മുടങ്ങാതെ തന്നിരുന്ന ബാലമംഗളമായിരുന്നു വായനയിലേക്ക് കൂടുതൽ അടുപ്പിച്ചത്. ബാലമംഗളത്തിലെ ഡിങ്കനും, മലർവ്വാടിയിലെ പൂച്ചപ്പോലീസും, പൈ ലി ചേട്ടനും, പൂമ്പാറ്റയിലെ കിഷ്കുവും ആയിരുന്നു അന്നത്തെ ഹീറോകൾ. പിന്നീട് ബാലരമയിലേക്ക് ചുവടു മാറ്റിയപ്പോൾ മായാവിയും, ഡൂഡുവും ചമതകനും, കപീഷും, ഇൻസ്പെക്ടർ ഗരുഡും, മന്ത്രിയുടെ തന്ത്രങ്ങളും പ്രിയപ്പെട്ടവയായി. സൂപ്പർ ഹീറോകളായി ഫാന്റവും, നമ്പോലനും, പക്രുവും കൂടെയുണ്ടായിരുന്നു. സയൻസ് പഠിക്കുന്നതിനു മുൻപേ ഞാൻ ആരാധിച്ചിരുന്ന രണ്ട് ശാസ്ത്രജ്ഞന്മാർ ലൊട്ടുലൊടുക്കും, ഗുൽഗുലുമാലുമായിരുന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു വായനയുടെ തലം മാറിയത്. അടുത്ത വീട്ടിലെ ദീപുവേട്ടനും, ദീപ്തിച്ചേച്ചിയും യൂറീക്ക മുടങ്ങാതെ തരും. കൂടാതെ കൊച്ചു കൊച്ചു നോവലുകൾ(ബാലസാഹിത്യങ്ങൾ) വായിക്കാൻ തുടങ്ങിയതും അവിടെ നിന്നു തന്നെ. നമ്പീശൻ ചേട്ടനും, ഹേമച്ചേച്ചിയും ഒരുപാടു പുസ്തകങ്ങൾ തരികയും വായനാശീലത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്രിസ്തീയപുസ്തകങ്ങൾ വായിക്കുന്നത് കന്യാസ്ത്രീമഠം നടത്തുന്ന വായനശാലയിൽ നിന്നാണ്. ഇലിയഡും, പ്രോമിത്യൂസും, ഒഡീസിയും, ഹെർക്കുലീസും, അഥീന ദേവിയും, സ്യൂസുമെല്ലാം സുഹൃത്തുക്കൾ ആയത് അവിടെ വെച്ചാണ്.
കുമാർ ചാച്ചന്റെ വീട്ടിലെ അലമാരകൾ ആണ് വായനയുടെ മഹാസാഗരം എനിക്ക് മുന്നിൽ തുറന്നിട്ടത്. പുരാണങ്ങൾ, ഐതീഹ്യമാല, ഷെർലൊക്ക് ഹോംസ്, ബഷീർ, ചുള്ളിക്കാട്, മുകുന്ദൻ എന്നിങ്ങനെ ഒരു കൂട്ടം പുസ്തകങ്ങൾ വായിച്ചു തീർത്തത് അവിടെ നിന്നാണ്. നല്ലൊരു കലാകാരനും, എഴുത്തുകാരനുമായ ചാച്ചന്റെ തെരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് വായനാമാധുര്യം ഉണ്ടായിരുന്നു.
കാലങ്ങൾ കടന്നു നവോദയ വിദ്യാലയത്തിലെ വായനശാല... പലഭാഷകളിൽ പുസ്തകങ്ങൾ മനസിൽ ഇടം നേടി. ഇപ്പോഴും നെറ്റിലൂടെയും, ബ്ലോഗുകളിലൂടെയും വായന സഞ്ചരിച്ചുക്കൊണ്ടേയിരിക്കുന്നു.
1 അഭിപ്രായങ്ങള്‍:
വായന നടക്കട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)