Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2020, ജൂൺ 4, വ്യാഴാഴ്‌ച

കറുത്തവൻ

Print Friendly and PDF
പണ്ട്,

കറുത്ത നാട്ടിലെ നീല കടൽ.. സുന്ദരമായ കടൽ,
ഈ കടലിലൂടെയാണ് പടിഞ്ഞാറൻ കാറ്റിൽ തട്ടിത്തെറിച്ച് പായ്‌വഞ്ചികൾ എത്തിയത്..
ഉച്ചിയിലെ സൂര്യൻ ചെമപ്പ് പടർത്തുന്ന വെളുത്ത മുഖമുള്ളവരെ കണ്ടതും അന്നാണ്. 
കാലങ്ങൾക്കിപ്പുറം കറുത്തവനും കുടുംബവുമിന്ന് കടൽക്കരയിലാണ്.
കുഞ്ഞു തിരകൾ, തെളിഞ്ഞ ആകാശം, ഓടിനടക്കുന്ന ഞണ്ടുകൾ..ഒന്നും ആസ്വദിക്കാനാകുന്നില്ല.
കൈകാലുകളിലും, കഴുത്തിലും ചങ്ങലയാണ്..
മണൽപ്പുറത്ത് ഉറപ്പിച്ച വലിയ മരക്കുറ്റികളിൽ പൂട്ടിയിട്ടിരിക്കുന്നു..
വെള്ളം കിട്ടാതെ ചുണ്ടുകൾ പിടയ്ക്കുന്നുണ്ടായിരുന്നു..വിശന്ന് വയർ ഒട്ടിയിരിക്കുന്നു.. കരയരുതെന്നു അടുത്തിരുന്ന ചാട്ടവാർ പിറുപിറുത്തു.
കപ്പലിലെ ഇരുണ്ടറയിലായിരുന്നു യാത്ര..കൈകളിൽ പങ്കായപിടിയായിരുന്നു.. ക്ഷീണിച്ചു മലരുമ്പോൾ ചാട്ടയടിയായിരുന്നു ഭക്ഷണം..
പലകുറി ജീവനുകൾ സമുദ്രം പൂകി, അവർ ഭാഗ്യവാന്മാർ..
ബാക്കിയുള്ളവർ വെള്ളനാട്ടിൽ വീതം വച്ചെടുത്ത പേരില്ലാത്ത അടിമകൾ..
രാപകലില്ലാതെ പണിയെടുത്തും, കൊല്ലപ്പെട്ടും, പീഡിതരായും, അപമാനിതരായും ദശാബ്ദങ്ങൾ..

ഇന്നലെ,
ഉയർന്ന മുഷ്ടികൾ തച്ചുടയ്ക്കപ്പെട്ടെങ്കിലും ഉയർന്നുയർന്നു കൊണ്ടേയിരുന്നു..
അടിമത്തവും, വർണ-വിവേചനവും തൂത്തെറിഞ്ഞതായി നിയമം കടലാസിൽ എഴുതിയടുക്കി വെച്ചു.
പോലീസ് അകമ്പടിയാൽ ഒരു കറുത്തകുഞ്ഞ് വിദ്യാലയമുറ്റത്തെത്തി..
ജീവിതം മെല്ലെ മെല്ലെ തളിരിട്ടു.. 
പ്രതീക്ഷകൾ, എല്ലാ നിറങ്ങളും ഒരു പോലെ തെളിയുന്നൊരു പുലർകാലചിത്രത്തിലേക്ക്..

ഇന്ന്,
വെളിച്ചത്തിലേക്ക് എത്താൻ ശ്രമിക്കുന്ന ഫ്ലോയിഡുമാരും,   
പകൽ വെളിച്ചത്തിൽ വർണ്ണവെറി നിറച്ച ചൗവിനുകളും..

കടൽ കയറ്റി കൊണ്ട് വന്നവർക്ക് തന്നെ ഫ്ലോയിഡുമാർ ഭീകരജീവികളാണ്, കള്ളനാണ്, ജീവിക്കാൻ അവകാശമില്ലാത്തവരാണ്..
 ഫ്ലോയിഡുമാരെ ഇരകളാക്കാൻ കപടഭയം നടിക്കുന്നവരാണ്..
അവരുടെ പേടികളിൽ കൊല്ലപ്പെടുന്ന കറുത്ത പുഴുക്കൾ, ഫ്ലോയിഡുമാർ..
കാലിനടിയിൽ, ഞെരിഞ്ഞമർന്ന്, അവസാനശ്വാസവും പൊഴിച്ച്!

നാളെ,

മണ്മറഞ്ഞ പായ്ക്കപ്പലിൻ ഇരുൾ വഴിയിൽ ചങ്ങലക്കൂട്ടങ്ങൾ കിലുങ്ങുന്നത് നിങ്ങളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.. 
നിങ്ങൾ ഊറ്റിയ അതിജീവനശ്വാസങ്ങളാൽ ഈ ലോകമൊരിക്കൽ നിറയും..
മായ്ക്കാൻ ശ്രമിച്ചിട്ടും മായാത്ത ചരിത്രങ്ങൾ തികട്ടി തികട്ടി വരും..
കറുത്ത നാട്ടിൽ നിന്നും കവർന്നു കൊണ്ട് വന്ന വിറയാർന്ന മുഖങ്ങൾ ഇരുട്ടിൽ സ്വപ്നങ്ങളിൽ തെളിഞ്ഞു വരും..
വെടിയുണ്ടകൾ തിമിർത്തു പെയ്താലും, കാൽമുട്ടുകൾ ഞെരിഞ്ഞമർന്നാലും കറുത്ത കരങ്ങൾ പറന്നുയർന്നു കൊണ്ടേയിരിക്കും..
ഒരിക്കൽ.. എന്നെങ്കിലുമൊരിക്കൽ എല്ലാ നിറങ്ങളും കൂട്ടിയൊരു ചിത്രം മെനഞ്ഞെടുത്ത് നീ നിന്നോട് തന്നെ ചോദിക്കും..
"കറുത്ത ചിത്രങ്ങളെ പ്രണയിച്ച ഞാനെന്തിനീ കറുത്ത പ്രാണനുകൾ കവർന്നെടുത്തൂ"

   2 അഭിപ്രായങ്ങള്‍:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

സമകാലികമായ ഒരു വിഷയം നന്നായി അവതരിപ്പിച്ചു..

@rjun പറഞ്ഞു...

വളരെ നന്ദി.വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും. മറ്റു കൃതികളും സമയം പോലെ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍