Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2019, ജൂൺ 10, തിങ്കളാഴ്‌ച

പ്രശ്ചന്ന വേഷ മത്സരങ്ങൾ

Print Friendly and PDF

നവോദയ ജീവിതത്തിലെ ഹോസ്റ്റലുകൾ തമ്മിലുള്ള മത്സരപരിപാടികൾ എന്നും ഒരു ഹരം ആയിരുന്നു. മാസാമാസം നടക്കുന്ന യൂണിറ്റ് ടെസ്റ്റ് പരീക്ഷകളിൽ ഈ ഹരത്തിൻറെ പകുതിയെങ്കിലും കാട്ടിയിരുന്നെങ്കിൽ പല വിഷയങ്ങളിലും പലരും തോറ്റു പോവുക പോലുമില്ലായിരുന്നു. പത്താം ക്ലാസ് കടന്നതിനു ശേഷം നാടകങ്ങളും, നൃത്തങ്ങളും ആയിരുന്നു അരങ്ങു വാണിരുന്നതെങ്കിൽ അല്പം കൂടെ വർഷങ്ങൾ പിന്നോട്ട് പോയാൽ എന്നും അരങ്ങു കീഴടക്കിയിരുന്നത്
പ്രശ്ചന്ന വേഷ മത്സരങ്ങൾ ആയിരുന്നു. തൊണ്ണൂറുകളിലെ അങ്ങനെയൊരു ദിവസം. വൈകുന്നേരത്തെ പ്രശ്ചന്നവേഷമത്സരത്തിനു ഞാനും പേര് കൊടുത്തിട്ടുണ്ട്. തിലക് ഹൗസിന് വേണ്ടി ജീവൻ മരണ പോരാട്ടം നടത്താൻ തന്നെ കച്ചകെട്ടിയിറങ്ങുകയായിരുന്നു ഞങ്ങൾ. വൈകുന്നേരത്തോടടുപ്പിച്ച് സ്ഥലത്തെ പ്രധാന മെയ്ക്കപ്പ്മാൻ ഷൈജു എസ് .പി (നവോദയൻ  ആണോ ഇനീഷ്യൽ നിർബന്ധമാ) ഏട്ടൻ എന്റെ ശരീരത്തിൽ താജ്‌മഹൽ പണിയാൻ തുടങ്ങി. ഒരു കുഷ്ഠരോഗി ആക്കാൻ ആയിരുന്നു ഉദ്ദേശം. വിരലുകൾ മടക്കി പിടിക്കണം. മാസാമാസം  കിട്ടുന്ന പെപ്‌സിഡന്റ് ടൂത്ത് പേസ്റ്റും ചെമന്ന നിറവും ചേർത്ത് മുഖത്തും ശരീരത്തിലും ഉണ്ട ഉണ്ടയായി  പിടിപ്പിച്ച് അവിടെയും ഇവിടെയും കുറച്ചു പഞ്ഞി ചെമന്ന നിറത്തിൽ മുക്കി ഒട്ടിച്ച് എന്നെയൊരു അലവലാതി ഷാജി ആക്കി മാറ്റി. ഇനി സ്റ്റേജിന്റെ ഒരു വശത്ത് നിന്ന് നിലത്ത് കൂടെ ഇഴഞ്ഞിഴഞ്ഞു മറുവശം ചേരണം. ബാക്ഗ്രൗണ്ടിൽ 'ചില്ലുമേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ ' എന്ന ഗാനം. മറ്റുള്ളവർ പേപ്പർ ചുരുട്ടി കല്ല് പോലെ സ്റ്റേജിന്റെ പിറകിൽ നിന്നും എറിയും. ചുരുക്കത്തിൽ ജഡ്ജ് ചെയ്യുന്നവർക്ക് അയ്യോ പാവം, ഒരു സമ്മാനം കൊടുത്തേക്കാം എന്ന് തോന്നിപ്പിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്. പരിപാടി തുടങ്ങി. രാമൻ ഹൗസിലെ ഹംസക്കുട്ടി 'ശവം ' ആയി വേഷമിട്ടു തകർത്തു. സുഭാഷ് ഹൗസിലെ ജയറാം മെല്ലെ കടന്നു വന്നു. ശരീരം മുഴുവൻ കറുത്ത നിറം പൂശി, വെള്ള നിറത്തിൽ ഒരു അസ്ഥികൂടം ശരീരത്തു വരച്ചു ഒരു ഹൊറർ ആയി അരങ്ങിലേക്ക്. എം പി ഹാളിലെ (പരിപാടികൾ നടക്കുന്ന ഹാൾ) എല്ലാ വെളിച്ചവും അണഞ്ഞു. സ്റ്റേജിനു മുകൾ വശത്തു തൂങ്ങി കിടക്കുന്ന രണ്ടു ബൾബുകൾ തുരുതുരാ മിന്നാൻ തുടങ്ങി. മലയാളം യക്ഷികഥയിലെ പ്രേതങ്ങളെ പോലെ ജയറാം ശരീരം ചലിപ്പിക്കാൻ തുടങ്ങി. മിന്നുന്ന വെളിച്ചവും, ശരീരത്തിന്റെ ആട്ടവും ഒരു സ്ലോ മോഷൻ  എഫ്ഫക്റ്റ് കാണികളുടെ കണ്ണുകൾക്ക് നൽകി. പിറകിൽ ചേട്ടന്മാരുടെ മൈക്കിലൂടെയുള്ള പ്രേത-അട്ടഹാസങ്ങളും കൂടിയായപ്പോൾ പരിപാടി വൻ വിജയമായി. ഒന്നാം സ്ഥാനം അവിടേക്കു പോകുമെന്ന് ഞങ്ങൾക്കും ഏതാണ്ട് ഉറപ്പായി. കയ്യടി വാങ്ങി ജയറാം പോയി. പിന്നാലെ ഒരു കുഷ്ഠരോഗി ഇഴഞ്ഞിഴഞ്ഞു സ്റ്റേജിന്റെ അപ്പുറമെത്തി. പരിപാടി കഴിഞ്ഞു ഹോസ്റ്റലിൽ പോയി പേസ്റ്റും, ചെമന്ന നിറവും, പഞ്ഞിയും ഒക്കെ കളഞ്ഞു മറ്റു പരിപാടികൾ കാണാനായി വീണ്ടും എം പി ഹാളിലേക്ക്.
എം പി ഹാളിന്റെ പിറകിലൂടെ നടന്നു വരുമ്പോൾ ഒരു ചെറിയ ആൾക്കൂട്ടം. ഒന്ന് രണ്ടു ആളുകൾ പിറകിലെ വെള്ളം ശേഖരിക്കുന്ന ടാങ്കിനു മുകളിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി താഴെ നിൽക്കുന്ന ആരുടെയോ തലയിൽ  ഒഴിക്കുന്നുണ്ട്. അടുത്തെത്തിയപ്പോൾ ആള് ജയറാം ആണ് . ചുറ്റും ചേട്ടന്മാർ നിന്ന് ചകിരിയൊക്കെ ഇട്ട് ഉരയ്ക്കുന്നു . മണ്ണെണ്ണയുടെ മണം!!  

എന്താ പ്രശ്നം??

കരച്ചിലിന്റെ വക്കിൽ നിന്ന് അവൻ ഉറക്കെ പറയുന്നുണ്ടായിരുന്നു.' ഈ ചെങ്ങായിമാർ ഇരുമ്പിന്  അടിക്കുന്ന ഇനാമൽ പെയിൻറ്  എടുത്ത് എൻറെ മേത്തടിച്ചെടാ'

ശരീരത്തിലെ ഇനാമൽ ഒഴുകി പോകുന്നതിന്റെ കൂടെ ആ ഒന്നാം സമ്മാനത്തിന്റെ സന്തോഷവും ഒലിച്ചു  പോകുന്നത് കാണാമായിരുന്നു.




0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍