Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 13, തിങ്കളാഴ്‌ച

"വിലാസിനിയുടെ മകള്‍ "

Print Friendly and PDF
റോഡരികിലെ ഷെഡില്‍ അമ്മാവന്‍ ഉണ്ടാക്കി വെച്ച ജനലില്‍ ഏട്ടനും ഞാനും കൂടി അഴികള്‍ പിടിപ്പികുമ്പോലായിരുന്നു ആദ്യമായി ഏട്ടന്‍ അവളെ എനിക്ക് കാണിച്ചു തരുന്നത്. രാവിലെ ഒരു ബാഗും തൂക്കി മറ്റു  പെണ്‍ക്കുട്ടികളില്‍ നിന്നും അകന്നു ഏകയായി   തൊട്ടടുത്ത ഹൈസ്കൂളിലേക്ക് പോകുകയായിരുന്നു അവള്‍. വെളുത്ത് അല്പം തടിച്ച ഒരു കൊച്ചു സുന്ദരി. ആരും രണ്ടാമതൊന്നു കൂടി നോക്കും.ചെറു നുണകുഴികള്‍,അല്പം വിടര്‍ന്ന ചുണ്ടുകള്‍, അതില്‍ എപ്പോഴും കാണാവുന്ന മൌനം.എന്നും ശരീരത്തില്‍ അണിയാറുള്ള സ്ഥിരം വെള്ള ഷര്‍ട്ടും,പച്ച മുട്ടോളം എത്തുന്ന ഒരു പാവാടയും, ചെരുപ്പും.എപ്പോളും മൌനം ഇഷ്ടപെടുന്നത് കൊണ്ടോ എന്തോ ഇത് വരെ അവള്‍ പാദസരം ധരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.അവള്‍ ആരെയും ശ്രദ്ധിക്കാറില്ല.അവളുടേതായ ഒരു ലോകത്തിങ്ങനെ ഉഴന്നു നടക്കും.
"എങ്ങനുണ്ടെടാ ആ കിടാവ്"? ഏട്ടന്റെ ചോദ്യം വന്നപോഴാണ് ഞാന്‍ പുറം ലോകത്തേക്ക് തിരിച്ചു വന്നത്.ഞാന്‍ മറുപടിയായോന്നു പുഞ്ചിരിച്ചു.അന്ന് മുഴുവന്‍ അതായിരുന്നു മനസ്സില്‍.വൈകീട്ട് ഏട്ടനും ഞാനും സ്ഥിരമായി സൊറ പറഞ്ഞിരിക്കാറുള്ള വെള്ളാരം കുന്നിലെ പാറയില്‍ അന്നും കൂടി.ഒരു സിഗരെട്റ്റ് പുകച്ച് പുക വലയങ്ങള്‍ ആക്കി  മുകളിലേക്ക് വിട്ടു കൊണ്ട് ഏട്ടന്‍ പറഞ്ഞു.
"അവള്‍ ആ വിലാസിനിയുടെ  മകളാ".
പാറയില്‍ ആകാശം നോക്കി കിടക്കുകയായിരുന്ന ഞാന്‍ മെല്ലെ എണീറ്റിരുന്നു."ഏതു വിലാസിനി ..?". 
ഏട്ടന്‍ രണ്ട് വശത്തേക്കും മെല്ലെയൊന്നു ശ്രദ്ധിച്ചു.പിന്നെ മെല്ലെ പറഞ്ഞു.
"നീയറിയില്ലേ പിലാത്തറ  വിലാസിനി ".ആകെയൊരു ഞെട്ടല്‍ ആയിരുന്നു എനിക്ക്.
വളാഞ്ചേരി ബസ്‌ സ്റ്റാന്‍ഡില്‍ ചെമപ്പ് സാരി അലസമായി വാരിച്ചുറ്റി മുറുക്കാനും ചവച്ചു, അരയില്‍ ഒരു പെര്‍സും തിരുകി എല്ലാവരുടെയും മുന്നിലുടെ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന ഒരു സ്ത്രീ.കറുത്ത് തടിച്ചു നീളമുള്ള ഒരു രൂപം.ഒരു നൂണ്‍ഷോയും കണ്ട് തിരിച്ചു വീട്ടിലേക്ക് ബസ്‌ കയറുമ്പോഴാണ് ആദ്യമായി ആ സ്ത്രീയെയും ഞാന്‍ കാണുന്നത്.ഏതോ ഒരു തമിഴനുമായി മുടിഞ്ഞ കലഹം.സ്ഥിരമായി ഫോട്ടോ എടുക്കാന്‍ പോകാറുള്ള സിനി സ്റ്റുഡിയോയുടെ മുന്പിലാരുന്നു പ്രകടനം.അന്നും ആളെ പരിചയപെടുത്തിയത് ഏട്ടന്‍ ആയിരുന്നു.ഏട്ടനെല്ലാം അറിയാം.എനിക്കന്നു ഏട്ടന്‍ കഥകളിലുടെ ആ സ്ത്രീയെ പരിചയപെടുത്തി.അവരുടെ പേര് പിലാത്തറ വിലാസിനി  എന്നാണെന്നും നാട്ടിലെ ചുരുക്കം ചില അറിയപെടുന്ന വെടികളില്‍ (വേശ്യകളില്‍ )ഒരാളാണെന്നും വലിയ മാര്‍ക്കറ്റ്‌ ഉള്ള ആളാണെന്നും , എങ്കിലും കുറഞ്ഞ നിരക്കാണെന്നും എന്തിനു ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എല്ലാം  വിശദമാക്കി ഏട്ടന്‍ പറഞ്ഞു തന്നു.അതെ ആളുടെ മകളെയും എനിക്ക് പരിചയപെടുത്താന്‍ ഒരു നിയോഗം പോലെ ഏട്ടന്‍ തന്നെ വേണ്ടി വന്നു എന്നതാണ് രസകരമായ വസ്തുത.
എന്റെ ഞെട്ടല്‍ അപ്പോളും മാറിയിട്ടില്ല.എങ്ങനെ ഒരു സുന്ദരി ഇങ്ങനെയൊരു അമ്മയ്ക്ക് ഉണ്ടായി എന്നായി അടുത്ത സംശയം.പലതും ചര്‍ച്ച ചെയ്തു.പല കാരണങ്ങള്‍ കണ്ടെത്തി. ഒരു പക്ഷെ വിലാസിനിയുടെ ഭര്‍ത്താവ് ഒരു സുന്ദരന്‍ ആയിരിക്കാം.അല്ലെങ്കില്‍ ഇരുട്ടിന്റെ മറവില്‍ അവളുടെ അടുത്ത് വന്ന ഏതെങ്കിലും മാന്യ വ്യക്തി തെറിപ്പിച്ച ബീജത്തില്‍ നിന്നും ഉടലെടുത്തതാവാം.അങ്ങനെ നീണ്ടു നീണ്ടു പോയി സംസാരം.കിടക്കുമ്പോഴും  എന്റെ മനസ്സില്‍ അവള്‍ തന്നെയായിരുന്നു.പിറ്റേന്ന് അവളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തോന്നി.നിഷ്കളങ്കയായ ഒരു പെണ്‍കുട്ടി.രാത്രിയുടെ നിശബ്ദതകളില്‍ എത്ര കരഞ്ഞിട്ടുണ്ടാകും അവള്‍.രാത്രിയില്‍ അമ്മയുടെ കൂടെ കിടക്കാന്‍ വരുന്നവരുടെ കണ്ണുകളില്‍ അവളെയും കാണുമ്പോള്‍ ഒരു തിളക്കം ഉണ്ടാകുമായിരിക്കും.എനിക്കെന്തോ അങ്ങനെ ആലോചിക്കാന്‍ തോന്നിയില്ല.സെക്സിനും  അപ്പുറം എന്തോ എന്നെ വേട്ടയാടുന്നുണ്ടായിരുന്നു.ഒരു പക്ഷെ ഒരു കൌതുകമോ,പ്രണയമോ അങ്ങനെ എന്തോ.ഒരു വല്ലാത്ത അടുപ്പം.ചിന്തകള്‍  അവളുടെ ശരീരത്തെ കുറിച്ചായിരുന്നില്ല.മറിച്ച് അവളുടെ അവസ്ഥയെ കുറിച്ചായിരുന്നു. എന്റെ കൂടെ നടന്നിരുന്ന സുഹൃതുക്കള്‍കെല്ലാം അവളുടെ മേല്‍  ഒരു കണ്ണുണ്ടായിരുന്നു.അത് പക്ഷെ പ്രണയമോ,സൗഹൃദമോ  ആയിരുന്നില്ല.സമൂഹത്തിന്‍റെ കപട തത്വങ്ങള്‍ തന്നെയായിരുന്നു ഇവിടെയും."ഡോക്റെരുടെ മകള്‍ ഡോക്ടര്‍ .വേശ്യയുടെ മകള്‍ വേശ്യ".അവളോടെനിക്ക് ബഹുമാനവും തോന്നി തുടങ്ങിയെന്നു വേണം പറയാന്‍ .വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ എത്ര ആളുകളുടെ നോട്ടവും, പരിഹസിച്ചുള്ള ചിരിയും,അടക്കം പറച്ചിലുകളും കേട്ടിട്ടും കേള്‍ക്കാത്ത മട്ടില്‍ പഠിക്കാന്‍ പോകുന്ന പെണ്‍ക്കുട്ടി.സ്കൂളിലും സ്ഥിതി വ്യത്യാസമില്ല.അറിഞ്ഞോ അറിയാതെയോ അവളെ തൊടാനും തലോടാനും ആളുകള്‍ അനവധിയുണ്ട്.എന്നിട്ടും അവള്‍ സ്കൂളില്‍ പോകുന്നു.പലരും പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്.അവള്‍ നന്നായി പഠിക്കുമെന്ന്.പലപ്പോഴും മറ്റുളവരുടെ പരിഹാസത്തിനിടയില്‍ അവള്‍ തന്‍റെ സങ്കടം പറയുന്നത് ഒരു പക്ഷെ പുസ്തകങ്ങള്‍കിടയിലെ കഥകളോടും കവിതകളോടും ആയിരിക്കാം.രാവിലെയും വൈകീട്ടും അവള്‍ വരാരാകുമ്പോള്‍ എന്തോ ഹൃദയം പട പടാന്നിടിക്കാന്‍ തുടങ്ങും.തനിക്കു പ്രിയപ്പെട്ട ആരോ വരുന്നുവെന്ന് തോന്നും.പലപ്പോഴും സംസാരിക്കാന്‍ വെമ്പും.ഒരു പുഞ്ചിരി നല്‍കാനും.പക്ഷെ ഇത് വരെ നടക്കുമ്പോള്‍ നിലമല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാത്ത അവളോടെങ്ങനെ ചിരിക്കും.ഇനി അഥവാ ചിരിച്ചാല്‍ ആ ചിരി മറ്റുളവര്‍ ചെയുന്ന അതെ അര്‍ഥത്തില്‍ എടുത്താലോ.അതൊക്കെയായിരുന്നു എന്‍റെ ആവലാതികള്‍ .പക്ഷെ എന്തോ ഒരിക്കല്‍ ഞങ്ങളുടെ ഷെഡിന്റെ  മുന്‍പില്‍ എത്തിയപ്പോള്‍ എന്തോ അവളൊന്നു മുഖം ഉയര്‍ത്തി.പക്ഷെ എന്‍റെ മുഖത്ത് പുഞ്ചിരിക്ക് പകരം ഒരു നിര്‍വികാരതയാണ്‌ വന്നത്.എന്തോ എത്ര ശ്രമിച്ചിട്ടും പുഞ്ചിരിക്കാന്‍ കഴിയുന്നില്ല.അത് മനസിലാക്കിയിട്ടോ എന്തോ അവള്‍ അധികം വൈകാതെ തന്നെ മുഖം താഴ്ത്തി.ചുരുക്കി പറഞ്ഞാല്‍ അത് എനിക്ക് പുഞ്ചിരിക്കാന്‍ ആദ്യമായും അവസാനമായും കിട്ടിയ അവസരം ആയിരുന്നു.ഒരിക്കല്‍ അവളുടെ വീടിനടുത്ത്‌ പണിക്കു പോയി.ഒരു വീട്ടില്‍ വാതിലും ജനലുമൊക്കെ വെക്കാന്‍ .എട്ടന് അതും നല്ല നിശ്ചയം.അത് തന്നെയാ വീട്.ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ . ഒടോക്കെയിട്ട്, പുറം തേക്കാത്ത ചുറ്റും വേലി കൊണ്ട് മറച്ച ഒരു കൊച്ചു വീട്.അതിനു മുന്നിലുടെ നടക്കുമ്പോള്‍ ഒളി കണ്ണിട്ട് ഞാന്‍ മെല്ലെ നോക്കി.കൊലായിയില്‍ തന്‍റെ നീളമുള്ള മുടി കോതിയൊതുക്കി അവള്‍ ഇരിക്കുന്നുണ്ടായിരുന്നു.ചിരിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അവള്‍ എണീറ്റ് ഉള്ളിലേക്ക് പോയി.കണ്ടിട്ടുണ്ടായിരിക്കില്ല.ആത്മഗതം.തിരിച്ചു വരുമ്പോള്‍ അവളുടെ വീട്ടില്‍ വലിയ ബഹളം.ആരുടെയൊക്കെയോ ചീത്ത വിളികളും,തല്ലുന്ന ശബ്ദവും.വെളിയില്‍ നിറയെ ആളുകള്‍.തനി മലയാളി സംസ്കാരം.
"ആരാന്റമ്മയ്ക്കു ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ഭംഗിയാണല്ലോ".എന്‍റെ മനസ്സില്‍ ചെറിയ ഒരു വെമ്പല്‍ .ആരെയാകും ശകാരിക്കുന്നത്.തല്ലുന്നത്.വീട്ടില്‍ പോയിട്ട നാളെയോന്നാക്കുവാന്‍ എന്ത് ചെയുമെന്നായിരുന്നു ചിന്ത. രാത്രിയുടെ യാമങ്ങളില്‍ തലയിണയില്‍ മെല്ലെ മുഖം ചേര്‍ത്തപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.അവളുടെ സാമീപ്യം  എന്നും എനിക്ക് നല്‍കിയിരുന്നത് ഈ തലയിണയായിരുന്നു.അത് കൊണ്ട് തന്നെയാകണം അത് ചേര്‍ത്ത് പിടിച്ചപ്പോള്‍ ഇന്നെനിക്ക് സങ്കടം വന്നതും.പിറ്റേന്ന് പെട്ടെന്ന് തന്നെ ഞാന്‍ കടയിലെത്തി.ഇന്ന് ഞാന്‍ മാത്രമേയുള്ളൂ കടയില്‍ .എന്ത് തന്നെയായാലും അവളോടെനിക്ക്  സംസാരിക്കണം.ഒന്ന് പുഞ്ചിരിക്കണം.പറ്റിയാല്‍ ഇഷ്ടം തുറന്നു പറയണം.കാത്തിരുന്നിട്ട്  അവള്‍ വരുന്നില്ല.എന്‍റെ മനസ്സില്‍ ചെറുതായി എന്തോ ഒരു വല്ലായ്മ.ഒരു ഭീതി.പിന്നെ തോന്നി വല്ല പനിയോ മറ്റോ ആകുമെന്ന്.ഒന്ന് രണ്ടാഴ്ചകള്‍ കടന്നു പോയി.യാതൊരു വിവരവുമില്ല.അവളുടെ കൂടെ പഠിക്കുന്ന ഒന്ന് രണ്ട് പേര്‍ പറയുന്ന കേട്ടു.
"വിലാസിനിയുടെ  മകള്‍ ഇല്ലേ അവള്‍ പഠിത്തം നിര്‍ത്തി".
സ്വന്തമായൊരു പേരുണ്ടായിട്ടും,അമ്മയുടെ പേരില്‍ അറിയപെട്ടിരുന്നവള്‍ .എനിക്കും സത്യത്തില്‍ അവളുടെ പേര് അറിയില്ലായിരുന്നു.പേരല്ല വ്യക്തിയാണ് പ്രധാനം എന്ന് ഞാന്‍ പഠിച്ചത്  ഇവളിലുടെയായിരുന്നു.അങ്ങനെ ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ കൂടെ സെക്കന്റ്‌ ഷോ കഴിഞ്ഞ മടങ്ങുമ്പോള്‍ സുഹൃത്ത് എന്നെയൊന്നു തോണ്ടി.
"നോക്കെടാ ഒരു ആറ്റന്‍  ചരക്ക്".
ഞാന്‍ സാധാരണ ഒരു മനുഷ്യന്‍റെ കൌതുകത്തില്‍ മെല്ലെ നോക്കി.തിയേറ്ററിന്റെ   മുന്‍പില്‍ " അവള്‍ ".ഒരു ചുരിദാര്‍ ആണ്  വേഷം.മുടി ബോബ് ചെയ്തിരിക്കുന്നു.കയ്യില്‍ കുറെ കുപ്പി വളകള്‍.നെറ്റിയില്‍ ഒരു വലിയ പൊട്ട്.ചുണ്ടില്‍ നിഷ്കളങ്കത  മായ്കാനെന്ന മട്ടില്‍ വാരി തേച്ച ലിപസ്ടിക്.അങ്ങനെ ജീവിതത്തില്‍ ആദ്യമായി അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.പക്ഷെ ആ ചിരിയില്‍ സന്തോഷത്തിനു പകരം ഒരുപാട് സങ്കടവും,മനുഷ്യരോടുള്ള വെറുപ്പും,ജീവിതത്തിനോടുള്ള വിരക്തിയും ആയിരുന്നു.ആദ്യമായി അവള്‍ പുഞ്ചിരിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ മനസ് കൊണ്ട് ആഗ്രഹിച്ചു.എനിക്ക് മുന്നേ പുഞ്ചിരി നല്‍കിയ ഒരുത്തന്‍ ചുരുട്ടി പിടിച്ച ഏതാനും ചവറു നോട്ടുകള്‍ വിലാസിനിക്ക്‌ നല്‍കുകയും,അവളെ ഒരോട്ടോയിലെക്ക് കയറ്റി മെല്ലെ എങ്ങോട്ടോ യാത്ര തിരിക്കുകയും ചെയ്തു.അവളുടെ മുഖം അപ്പോഴും കുനിഞ്ഞു തന്നെയായിരുന്നു.ജീവിതത്തിലെ മൌനങ്ങള്‍ തകര്‍ക്കപെട്ടതിന്റെ ചിഹ്നമാകാം ഒരു പക്ഷെ അവള്‍ ജീവിതത്തില്‍ ആദ്യമായി അണിഞ്ഞിരിക്കുന്ന  ആ കൊലുസുകള്‍ .ഒരു പക്ഷെ ഇനി അവളുടെ ജീവിതത്തില്‍ ഏതാനും ചില്ലറ തുട്ടുകളുടെയും, കൊലുസിന്റെയും,രാവിലും പകലിലും അന്തിയുറങ്ങാന്‍ വരുന്നവര്‍ തീര്‍ക്കുന്ന നിശ്വാസങ്ങളുടെയും  ശബ്ദം മാത്രമായേക്കാം കൂട്ടുണ്ടാവുക.ഇപ്പോളും സ്കൂള്‍ തുറന്നു കുട്ടികള്‍ പോകുമ്പോള്‍ ഏകയായ മൌനിയായ ആ പെണ്‍കുട്ടിയെ ഞാന്‍ ഭാവനയില്‍ കാണാറുണ്ട്.ഇന്നും ആ മൌനത്തില്‍ പങ്കു ചേരാന്‍ കഴിഞ്ഞില്ലലോ എന്നും ആലോചിക്കാറുണ്ട്.


സമര്‍പ്പണം: ആരൊക്കെയോ ചെയ്ത പാപത്തിനു പകരമായി സ്വന്തം ജീവിതം വില്കേണ്ടി വന്ന, വിറ്റു കൊണ്ടിരിക്കുന്ന ഒരു പറ്റം പെണ്‍കുട്ടികള്‍ക്ക്.

2 അഭിപ്രായങ്ങള്‍:

നീലാംബരി പറഞ്ഞു...

എന്തെഴുതണമെന്നറിഞ്ഞുകൂടാ എന്തെഴുതിയാലും ആ നൊമ്പരത്തിനു പകരമാകില്ല

സ്വ.ലേ പറഞ്ഞു...

ഒരു സാമൂഹിക ചിന്തയിലേക്ക് എനിക്ക് നിങ്ങളെ എത്തിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അതാണ്‌ ഞാന്‍ ഉദേശിച്ചതും..നന്ദി ഇനിയും ഇനിയും വരിക..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍